വസ്തു നികുതി: ജൂൺ 30 വരെ പിഴപ്പലിശ ഒഴിവാക്കി

തിരുവനന്തപുരം : വസ്തു നികുതിയുടെ പിഴപ്പലിശ ജൂൺ 30 വരെ ഒഴിവാക്കി തദ്ദേശ വകുപ്പിന്റെ ഉത്തരവ്. ഊർജ്ജിത നികുതി പിരിവ് യജ്ഞത്തിന്റെ ഭാഗമായി 2023 ജൂൺ 30 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടക്കേണ്ട വസ്തു നികുതിയുടെ പിഴപ്പലിശ ഒഴിവാക്കിയാണ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉത്തരവ് പുറപ്പെടുവിച്ചത്.

വസ്തു നികുതി പിഴപ്പലിശ ഒഴിവാക്കി നൽകൽ ഇനിയുണ്ടാവുകയില്ല എന്ന സന്ദേശം തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ വ്യാപകമായ പ്രചാരണം നടത്തി 2023 ജൂൺ 30-നകം ഊർജ്ജിത നികുതി പിരിവ് യജ്ഞം പൂർത്തീകരിക്കുന്നതിനുള്ള ഫലപ്രദമായ നടപടി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സ്വീകരിക്കണെന്നും ഉത്തരവിൽ വ്യക്തമാക്കി.


 


കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ ഏപ്രിൽ ഒന്നിന് പുറപ്പെടുവിച്ചിരുന്നു. വസ്തു നികുതി പരിഷ്കരണത്തിന്റെ മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങൾ അസസ്മെന്റ് രജിസ്റ്ററുകളിലെ അപാകതകൾ പരിഹരിച്ച്, നടപടികൾ പൂർത്തീകരിച്ച് അവശേഷിക്കുന്ന നികുതി കുടിശ്ശിക പിരിച്ചെടുക്കണമെന്നായിരുന്നു നിർദേശം. ജനുവരി ആറിലെ ഉത്തരവ് പ്രകാരം ഊർജിത കുടിശ്ശിക നികുതി സമാഹരണ യജ്ഞം ഒരു പ്രത്യേക കർമ പരിപാടിയായി ഏറ്റെടുത്ത് നടപ്പാക്കുന്നതിന് തീരുമാനിച്ചു.

തദ്ദേശ സ്ഥാപനങ്ങളിൽ അടക്കേണ്ട വസ്തു നികുതി പിഴപ്പലിശയില്ലാതെ ഒടുക്കുന്നതിനുള്ള കാലാവധി മാർച്ച് 31വരെ ദീർഘിപ്പിച്ച് ഉത്തരവായിരുന്നു. വിജ്ഞാപനം ചെയ്തിട്ടുള്ള കേരള ധനകാര്യ ആക്ടിന്റെ ഭേദഗതിയിൽ തദ്ദേശ സ്ഥാപനങ്ങളിൽ നികുതിയുടെ പിഴപ്പലിശ ഒരുശതമാനത്തിൽ നിന്നും പ്രതിമാസം രണ്ട് ശതമാനം എന്ന നിരക്കിലേക്ക് വർധിപ്പിച്ചത് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിലായി.

ഇക്കാരണത്താൽ നികുതി കുടിശ്ശികയുള്ളവർക്ക് ഇരട്ടി തുക പിഴയായി അടക്കേണ്ടിവരും. ഒറ്റത്തവണയായി കുടിശ്ശിക നികുതി അടക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കുന്ന ഉത്തരവിന്റെ പ്രാബല്യം ദീർഘിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശ പരിഗണിച്ചാണ് ജൂൺ 30 വരെ തീയതി നീട്ടിയത്. 

Tags:    
News Summary - Property tax: Order waived penalty interest till June 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.