കൊച്ചി: ഇറച്ചിക്കോഴി വില വർധനയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കോഴി വ്യാപാരികൾ കടകളടച്ചിടും. കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതര സംസ്ഥാന ലോബിയുടെ ലാഭക്കൊതിയാണ് അനിയന്ത്രിത വിലക്കയറ്റത്തിന് കാരണം.
സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ വിലക്കയറ്റം പതിവില്ലാത്തതാണ്. കൊടുംചൂട് കാരണം കുഞ്ഞുങ്ങളുടെ എണ്ണം കുറച്ചു എന്നതടക്കമുള്ള വാദഗതികളാണ് ഇതര സംസ്ഥാന ലോബി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, അനിയന്ത്രിത വിലക്കയറ്റം മൂലം കച്ചവടം വളരെ കുറഞ്ഞ് ചില്ലറ വ്യാപാരികൾ പ്രതിസന്ധിയിലാണ്.
ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച സൂചന സമരമെന്ന നിലയിൽ കടകളടക്കുന്നത്. പ്രശ്നപരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. സംസ്ഥാന സെക്രട്ടറി പി.എസ്. ഉസ്മാൻ, ഭാരവാഹികളായ ഒ.എസ്. ഷാജഹാൻ, പി.വി. ഷംസുദ്ദീൻ, അൻസാരി ബഷീർ, മജീദ് കളമശ്ശേരി, മനോജ് കളമശ്ശേരി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.