കോഴിക്കോട് : സിൽവർലൈൻ പദ്ധതിക്കെതിരെ 13 ന് പ്രതിഷേധ സംഗമം നടത്തുമെന്ന് കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി. 13 ന് രാവിലെ ആലുവ അംബേദ്‌കർ മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിലാണ് പ്രതിഷേധ സംഗമം. ശ്രീധർ രാധാകൃഷ്‌ണൻറെ നേതൃത്വത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ പഠന റിപ്പോർട്ടിനെ അധികരിച്ച് ചർച്ച നടത്തും. റെയിൽവേസ്റ്റേഷനിലേക്കു പ്രതിഷേധ മാർച്ചും നടത്തുമെന്ന് സമിതി ചെയർമാൻ എം. പി. ബാബുരാജും ജനറൽ കൺവീനർ എസ്. രാജീവനും അറിയിച്ചു.
പരിപാടിയിൽ പ്രഫ. കെ. കെ. അരവിന്ദാക്ഷൻ, ബെന്നി ബഹന്നാൻ എം.പി, അൻവർസാദത്ത് എം.എൽ.എ, ജോസഫ് എം. പുതുശേരി, എം.ഒ.ജോൺ, പ്രഫ. എം.പി മത്തായി തുടങ്ങിയവർ സംസാരിക്കും. സിൽവർലൈൻ പദ്ധതിയുടെ ദുരന്തങ്ങൾക്കിരയാക്കപ്പെടുന്നവരെ വീണ്ടും സമരത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. കേരള സർക്കാർ 2020 ൽ സമർപ്പിച്ച കാലഹരണപ്പെട്ട ഡി.പി.ആർ കേന്ദ്രസർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള അണിയറ നീക്കങ്ങൾ ശക്തമായിരിക്കുന്നു.
530 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് സിൽവർ ലൈൻ. ഇതിന്റെ മൂന്നിലൊന്നിലേറെ വരുന്ന 198 കിലോമീറ്റർ ദൂരം റെയിൽവേദൂമിലൂടെയോ അതിനോടുചേർന്നുള്ള ഭൂമിയിലൂടെയോ ആണ് പാതയുടെ അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്. ദക്ഷിണ റെയിൽവേ ഈ ഭൂമി നൽകുകയില്ല എന്ന് വ്യക്തമാക്കിയതോടെ സിൽവർലൈനിൻ്റെ മൂന്നിലൊരുഭാഗത്തിന് പദ്ധതി രേഖയില്ല. ഇപ്രകാരം പലയിടങ്ങളിലായി മുറിഞ്ഞുപോയ പദ്ധതിരേഖവെച്ചു കൊണ്ടുള്ള ഡി.പി.ആർ അംഗീകരിക്കാൻ അന്തർധാര പണിയുകയാണ്.
അടിക്കടി ആവർത്തിച്ചു കൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ മഹാദുരന്തങ്ങൾക്കു നേരെ കണ്ണടക്കുന്ന കേന്ദ്ര, കേരള സർക്കാരുകൾ നിരാലംബമാക്കുന്നത് അരലക്ഷത്തിലേറെ കുടുംബങ്ങളെയാണ്. നമ്മുടെ നദികളും കായലുകളും ഇതര ജലാശയങ്ങളും കുന്നുകളും വയലുകളും കണ്ടൽക്കാടുകളും ഗ്രാമീണ റോഡുകളും ഉൾപ്പെടെയുള്ള സഞ്ചാര സൗകര്യവും മണ്ണിട്ടു മൂടിയും ഭീമാകാരമായ ഇരട്ട മതിൽ കെടി കേരളത്തെ മരുഭൂമിയുടെ പ്രളയത്തിന്റെ കൊടിയ കെടുതിയിലേക്ക് പദ്ധതി തള്ളിവിടും.
ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുകയാണ് ഭരണക്കാരുടെ ലക്ഷ്യമെങ്കിൽ നിലവിലുള്ള ട്രെയിനിന്റെ 10 ഇരട്ടിയിലേറെ ചാർജ് ഈടാക്കുന്ന സിൽവർലൈനല്ല പണിയേണ്ടത്. നിലവിലുള്ള റെയിൽവേഭൂമിയിൽ ബ്രോഡ്‌ഗേജിൽ തന്നെ മൂന്നും നാലും അതിവേഗ പാതകൾ നിർമിക്കണം. സിഗ്‌നൽ സംവിധാനം പരിഷ്ക്കരിച്ചും വലിയ വളവുകൾ നിവർത്തിയും വേഗത കൂട്ടാവുന്നതാണ്.
വന്ദേഭാരതിന്റെ എണ്ണം കൂട്ടിക്കൊണ്ടും സാധാരണ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള ട്രെയിനുകൾ ആവശ്യത്തിന് ഓടിച്ചും പ്രശ്‌നം പരിഹരിക്കാൻ കഴിയും. പകരം കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളെ വഴിയാധാരമാക്കി പരിസ്ഥിതിയെ നശിപ്പിച്ച് കടക്കെണിയിൽപ്പെടുത്തി മാത്രമേ വികസനം വരു എന്നു ശഠിക്കുന്നവർക്ക് ശക്തമായ താക്കിത് നൽകണമെന്നും സമിതി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.