തിരുവനനന്തപുരം: പി.എസ്.സി അപേക്ഷകളിലെ ഫോട്ടോയില്‍ പേരും തീയതിയും ശരിയായി നല്‍കാത്തവര്‍ക്ക്, അത് തിരുത്താന്‍ അവസരം നല്‍കാന്‍ കമീഷന്‍ തീരുമാനിച്ചു. 2011 ജനുവരി ഒന്നുമുതല്‍ 2015 ജനുവരി 28 വരെയുള്ള വിജ്ഞാപനപ്രകാരം ഫോട്ടോയില്‍ പേരും തീയതിയും നിര്‍ദിഷ്ട രീതിയില്‍ ഉള്‍പ്പെടുത്താത്തവര്‍ക്കാണ് അവസരം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്നനിലയില്‍ 2017 മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 15 വരെ 45 ദിവസത്തെ സമയമാണ് നല്‍കുന്നത്.
ഈ സംവിധാനം വണ്‍ ടൈം സെറ്റില്‍മെന്‍റ് ലിങ്കില്‍ക്കൂടിയാണ് ചെയ്യേണ്ടത്. മുമ്പ് വണ്‍ടൈം സെറ്റില്‍മെന്‍റില്‍ ന്യൂനത പരിഹരിച്ചിട്ടില്ലാത്തതും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ തസ്തികകള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്. അതായത് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചവക്ക് ഇത് ബാധകമല്ല. അതേസമയം, ഷോര്‍ട്ട് ലിസ്റ്റില്‍ അടക്കം ഉള്‍പ്പെട്ട, സമാന വിഷയം നേരിടുന്നവര്‍ക്ക് ഗുണം ലഭിക്കും.ഒപ്പില്‍ വന്ന പിഴവും തിരുത്താനാവും. 2012 ജനുവരി ഒന്നുമുതല്‍ 2015 ജനുവരി 29നുമുമ്പ് വരെയുള്ള വിജ്ഞാപന പ്രകാരമുള്ള തസ്തികകളില്‍ ഇതിനകം റാങ്ക് ലിസ്റ്റുകള്‍ക്ക് അന്തിമരൂപം നല്‍കാത്തവയില്‍ ഒപ്പ് അപ്ലോഡ് ചെയ്യേണ്ട സ്ഥാനത്ത് അപൂര്‍ണമായ ഒപ്പ്, ബ്ളാങ്ക് സ്പേസ്, അവ്യക്തമായോ വളരെ ചെറുതായോ വ്യത്യസ്തമായ ഒപ്പോ ഫോട്ടോയോ കണുന്നെങ്കില്‍ ഒപ്പ് യഥാസ്ഥാനത്ത് അപ്ലോഡ് ചെയ്യാം.
ചെയര്‍മാന്‍ അഡ്വ. എം. സക്കീറാണ് വിഷയം കമീഷനില്‍ കൊണ്ടു വന്നത്. കമീഷന്‍ ഏറെനാളായി തുടരുന്ന നയത്തിലാണ് മാറ്റം വരുത്തുന്നത്. ഉയര്‍ന്ന മാര്‍ക്ക് കിട്ടിയിട്ടും ഫോട്ടോയിലെ ന്യൂനതയുടെ പേരില്‍ പട്ടികയില്‍നിന്നും നിരവധി ഉദ്യോഗാര്‍ഥികളെ പി.എസ്.സി ഒഴിവാക്കിയിരുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്പോലെ സുപ്രധാന തസ്തികയിലെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍പോലും ഇത്തരത്തില്‍ പുറത്തായിരുന്നു. ഈ വിഷയം ‘മാധ്യമം’ പുറത്തുകൊണ്ടു വന്നപ്പോള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പി.എസ്.സി. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂല നിലപാടിലേക്ക് കമീഷന്‍ വന്നത്. ഉദ്യോഗാര്‍ഥി ബോധപൂര്‍വം വരുത്തുന്ന പിഴവല്ല ഇതെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോഴത്തെ നടപടി.
മറ്റ് തീരുമാനങ്ങള്‍: തിരുവനന്തപുരം വികസന അതോറിറ്റിയിലെ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് -2 സിവില്‍ തസ്തികയിലെ ഒഴിവ് ഉദ്യോഗാര്‍ഥികളില്‍നിന്ന് സമ്മതപത്രം വാങ്ങിയശേഷം തദ്ദേശസ്വയംഭരണ വകുപ്പിലെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ തസ്തികയുടെ റാങ്ക് ലിസ്റ്റില്‍നിന്ന് നികത്തും.
* കേരള കോഓപറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ്ങ് ഫെഡറേഷനില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
* ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസില്‍ അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ (എന്‍.സി ഈഴവ, മുസ്ലിം, ഒ.ബി.സി), കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി കമ്പ്യൂട്ടര്‍ സയന്‍സ് (പട്ടികവര്‍ഗക്കാരില്‍നിന്നുള്ള പ്രത്യേക നിയമനം), ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ലെക്ചറര്‍ ഇന്‍ സൈക്യാട്രി (എന്‍.സി.എ-മുസ്ലിം) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.