തിരുവനന്തപുരം: പി.എസ്.സി വഴി നിയമനം കിട്ടിയ ഉദ്യോഗാർഥികൾക്ക് സർവിസിൽ പ്രവേശിക്കുന്നത് അനന്തമായി നീട്ടുന്നത് ഒഴിവാക്കാനും സമയപരിധി കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചു. വിദേശത്തുള്ളവർക്കും മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര സർവിസിലും ജോലിയുള്ളവർക്കും സമയപരിധി ബാധകമാക്കി. ഗവേഷണം പൂർത്തിയാക്കാൻ സമയം നൽകും. എന്നാൽ, അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ല.
ഡ്യൂട്ടിയിൽ കയറാനുള്ള സമയ പരിധി തീയതി അടക്കം നിയമന ഉത്തരവിൽ നൽകണമെന്ന് കാണിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. 'അടിയന്തരമായി', 'ഉടൻ' ജോലിയിൽ പ്രവേശിക്കുക പോലെ വ്യക്തതയില്ലാത്ത വാചകങ്ങൾ നിയമന ഉത്തരവിൽ ഉപയോഗിക്കില്ല. അർഹതയുള്ളവർക്ക് അപേക്ഷയുടെ അടിസ്ഥാനത്തിൽ ഉത്തരവ് തീയതി മുതൽ 45 ദിവസം വരെ നിയമനാധികാരികൾക്ക് പ്രവേശന സമയം നീട്ടി നൽകാം.
ഏതെങ്കിലും കോഴ്സ് ചെയ്യുകയോ പരിശീലനത്തിൽ ഏർപ്പെടുകയോ ചെയ്യുന്നവർക്ക് അത് പൂർത്തിയാക്കാൻ നിയമനാധികാരി നൽകിയ 45 ദിവസത്തിൽ കൂടുതൽ വേണ്ടി വന്നാൽ പരമാവധി ആറു മാസത്തിൽ (180 ദിവസം) താഴെ മതിയെങ്കിൽ സർക്കാർ തലത്തിൽ നീട്ടി നൽകാം. രേഖകൾ സഹിതം 45 ദിവസത്തിനകം നിയമനാധികാരി വഴി സെക്രേട്ടറിയറ്റിലെ വകുപ്പിന് അപേക്ഷ നൽകണം. ആറു മാസത്തിൽ കൂടുതൽ വേണമെങ്കിൽ 45 ദിവസം നിയമനാധികാരിക്ക് നൽകാം. തുടർന്ന്, േജാലിയിൽ പ്രവേശിച്ച് ശൂന്യവേതനാവധിയിൽ പ്രവേശിക്കണം.
പ്രവാസികൾക്ക് ആറു മാസം വരെയോ വിദേശ തൊഴിൽ ദാതാവുമായുള്ള കരാർ അവസാനിച്ച ശേഷം ഒരു മാസമോ ഏതാണ് ആദ്യം അതുവരെ പ്രവേശന സമയം നീട്ടി നൽകും. നിയമനാധികാരിക്ക് ഇത് ചെയ്യാം. ഇതിൽ തീരുമാനമെടുക്കും മുമ്പ് വിദേശ തൊഴിൽ ദാതാവുമായുള്ള കരാർ പരിശോധിക്കണം. നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷമാണ് കരാറെങ്കിൽ നീട്ടി നൽകില്ല. ആറു മാസത്തിൽ കൂടുതൽ നീട്ടില്ല.
സംസ്ഥാനത്തിനകത്തോ മറ്റേതെങ്കിലും സംസ്ഥാനത്തോ സ്വകാര്യ മേഖലയിൽ കരാർ ജോലി ചെയ്യുന്നവർക്ക് അപേക്ഷ നൽകിയാൽ ഉത്തരവ് തീയതി മുതൽ മൂന്നു മാസം വരെ (90 ദിവസം) സമയം നൽകും. ഇതിലും കരാർ പരിശോധിക്കണം. നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷമാണ് കരാറെങ്കിൽ സമയം നീട്ടില്ല. മൂന്നു മാസത്തിൽ കൂടുതൽ നീട്ടില്ല.
അംഗീകൃത സർവകലാശാലകളിലും സ്ഥാപനങ്ങളിലും പൂർണ സമയ ഗേവഷണം നടത്തുന്നവർക്ക് അത് പൂർത്തിയാക്കാൻ 45 ദിവസത്തിൽ കൂടുതൽ വേണമെങ്കിൽ ആറു മാസം വരെ സർക്കാർ തലത്തിൽ നൽകും. അതിൽ കൂടുതൽ വേണ്ടവർക്ക് 45 ദിവസം നിയമനാധികാരി നീട്ടി നൽകും. അതിനു ശേഷം സർവിസിൽ പ്രവേശിപ്പിച്ച് ശൂന്യവേതന അവധിയെടുക്കാം.
കേന്ദ്ര സർക്കാർ, മറ്റ് സംസ്ഥാനങ്ങൾ, കേന്ദ്ര-സംസ്ഥാന പൊതുമേഖല, ബാങ്കുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രേഖകൾ പരിശോധിച്ച് മൂന്നു മാസം വരെ (90 ദിവസം) നിയമനാധികാരിക്ക് സമയം നൽകാം.
•സംസ്ഥാന സർക്കാർ സർവിസിലുള്ളവർക്ക് വകുപ്പിൽ നിന്ന് വിടുതൽ കിട്ടാൻ കാലതാമസമുണ്ടായാൽ 45 ദിവസത്തിലധികം വേണ്ടിവന്നാൽ രണ്ടു മാസം വരെ നൽകും.
അപകടം, രോഗം തുടങ്ങി ശാരീരിക അവശതകളാൽ 45 ദിവസത്തിലധികം വേണ്ടിവന്നാൽ രേഖകൾ സഹിതം സർക്കാറിന് അപേക്ഷ നൽകണം. ഇത് മുഖ്യമന്ത്രി അടക്കം കണ്ടാകും തീരുമാനിക്കുക. ഒറ്റത്തവണ മാത്രമേ സമയം നീട്ടൂ.
•പൊലീസ്, എക്സൈസ്, ഫയർഫോഴ്സ് തുടങ്ങി സേനാ വിഭാഗങ്ങളിലെ പ്രവേശന കാലാവധി ഭരണ വകുപ്പുകൾ തീരുമാനിക്കും. അത്തരം ഉത്തരവ് വന്നില്ലെങ്കിൽ ഇതേ വ്യവസ്ഥകൾ സേനകൾക്കും ബാധകമാകും.
•പ്രവേശന സമയം നീട്ടൽ അപേക്ഷകൾ വേഗത്തിലാക്കണം. നിരസിച്ചാൽ രജിസ്റ്റേഡ് തപാലിൽ ഉദ്യോഗാർഥിയെ അറിയിക്കണം. 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാൻ സമയം നീട്ടി നൽകണം.
•എൻ.ജെ.ഡി (നോട്ട് ജോയിനിങ് ഡ്യൂട്ടി) ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും മുമ്പ് സമയം നീട്ടൽ അപേക്ഷകൾ തീർപ്പാക്കാനില്ലെന്നും നിരസിച്ച അപേക്ഷ കൈപ്പറ്റി 10 ദിവസം പൂർത്തിയാക്കി എന്നും വകുപ്പുകൾ ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.