തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽ പി.എസ്.സി പരീക്ഷ നടത്തിപ്പും അധ്യാപകരുടെയും ജീവനക്കാരുടെയും നിർബന്ധ ജോലിയാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് ശിപാർശ ചെയ്യാൻ പി.എസ്.സി തീരുമാനം. പരീക്ഷ േജാലിക്ക് ആളുകൾ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് പി.എസ്.സിയുടെ ശ്രദ്ധേയമായ ഇടപെടൽ.
സർക്കാർ അനുകൂല തീരുമാനമെടുക്കുമെന്നാണ് പി.എസ്.സി അധികൃതർ പ്രതീക്ഷിക്കുന്നത്. പരീക്ഷ നടത്തിപ്പിന് ഹാളും ഇൻവിജിലേറ്റർമാരെയും വിട്ടുതരണമെന്ന് അഭ്യർഥിച്ച് സ്കൂൾ-കോളജ് അധികൃതർക്ക് കത്തയക്കുകയാണ് പി.എസ്.സി നിലവിൽ ചെയ്യുന്നത്. എന്നാൽ, ഇൻവിജിലേറ്റർമാരാവാൻ മിക്കയാളുകളും സന്നദ്ധരല്ല. ഇത് പരീക്ഷ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന സ്ഥിതി വന്നതോടെയാണ് നിർബന്ധ സേവനമാക്കണമെന്ന ശിപാർശ ചെയ്യുന്നതെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ പറഞ്ഞു. ചോദ്യകർത്താക്കളെ വിട്ടുതരുന്നതും അധ്യാപകരുടെ േജാലിയുടെ ഭാഗമാക്കാനും ശിപാർശ ചെയ്യും. ചോദ്യങ്ങൾ തയാറാക്കുന്നവരുടെ പാനൽ വിവിധ വകുപ്പുകളിൽനിന്ന് ആവശ്യപ്പെടും. ഇതിന് മുന്നോടിയായി പി.എസ്.സി ചെയർമാെൻറ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഡയറക്ടർമാരുടെ യോഗം ചേർന്നു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി, കോളജ് വിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, ഹയർസെക്കൻഡറി ജോ. ഡയറക്ടർ ഇമ്പിച്ചികോയ, ഡി.പി.െഎ, വി.എച്ച്.എസ്.ഇ, സാേങ്കതിക വിദ്യാഭ്യാസവകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികളും യോഗത്തിൽ പെങ്കടുത്തു.
ചോദ്യകർത്താക്കളുടെ പാനൽ നൽകാനുള്ള സന്നദ്ധത ഇവർ യോഗത്തെ അറിയിച്ചു. ചോദ്യകർത്താക്കളുടെ എണ്ണം വർധിപ്പിച്ച് പാനൽ പരിഷ്കരിക്കാനും പി.എസ്.സി തീരുമാനിച്ചു. ഇവരുടെ വേതനം ഉയർത്തുന്നതും പരിഗണനയിലാണ്. ചോദ്യകർത്താക്കളുടെ വ്യക്തിഗത-കുടുംബ പശ്ചാത്തലം പരിശോധിച്ചശേഷം പ്രത്യേക പരിശീലനം നൽകും. പരീക്ഷ നിരീക്ഷകരായി കോളജ് അധ്യാപകരെയും ഉൾപ്പെടുത്തും. നിലവിൽ പി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥർ മാത്രമാണ് നിരീക്ഷകരായി പോവുന്നത്. പരീക്ഷയുടെ സമഗ്ര പരിഷ്കാരമാണ് പി.എസ്.സി ലക്ഷ്യമിടുന്നതെന്നും ചെയർമാൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.