താനൂർ ബോട്ടപകടം: ജനരോഷം ഭയന്ന് ബോട്ടുടമയുടെ വൈദ്യപരിശോധന നടത്തിയത് മലപ്പുറത്ത്

മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടവുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച അറസ്റ്റിലായ ബോട്ടുടമ നാസറിനെ ചൊവ്വാഴ്ച വൈദ്യപരിശോധന നടത്തിയത് മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ. താനൂരിൽ ജനരോഷം ഭയന്നാണ് പൊലീസ് ഇയാളുടെ വൈദ്യപരിശോധന മലപ്പുറത്തേക്ക് മാറ്റിയത്. ചൊവ്വാഴ്ച രാവിലെ 10ഓടെ മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്. തുടർന്ന് 11ന് തിരിച്ച് മലപ്പുറം സ്റ്റേഷനിലെത്തിച്ചു.

അവിടെനിന്ന് നടപടികൾ പൂർത്തിയാക്കിയതിനുശേഷമാണ് നാസറിനെ പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. തിങ്കളാഴ്ച വൈകീട്ടാണ് നാസറിനെ പൊലീസ് കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാളെ രാത്രി മലപ്പുറം പൊലീസ് സ്റ്റേഷിലെത്തിച്ചു. മലപ്പുറം സ്റ്റേഷനിലെ ലോക്കപ്പിലായിരുന്നു നാസറിനെ തിങ്കളാഴ്ച രാത്രി പാർപ്പിച്ചത്.

നാസറിന്‍റെ വീടിനു സമീപത്താണ് താനൂർ പൊലീസ് സ്റ്റേഷൻ. അവിടേക്ക് കൊണ്ടുപോയാൽ നാട്ടുകാരുടെ രോഷം ഉണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് നടപടികൾ മലപ്പുറത്തേക്ക് മാറ്റിയത്. സമീപത്തെ ആശുപത്രികളിലെ വൈദ്യ പരിശോധന സമയത്തും പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് പ്രതീക്ഷിച്ചിരുന്നു. ഈ നിഗമനത്തിനു ശേഷമാണ് പൊലീസ് നടപടികൾ താനൂർ പരിസരങ്ങളിൽനിന്ന് മാറ്റിയത്.

കേസന്വേഷിക്കുന്ന താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്. ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസും നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ എത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റു ഉദ്യോഗസ്ഥരും മലപ്പുറത്തെത്തിയിരുന്നു. സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി മലപ്പുറത്തും പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. സുരക്ഷക്കായി എ.ആർ ക്യാമ്പിൽനിന്ന് പൊലീസെത്തിയിരുന്നു.

Tags:    
News Summary - Public outrage: The boat owner's medical examination was conducted in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.