തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പൂർണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ ഇത് നടപ്പാക്കാന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിെൻറ അധ്യക്ഷതയിൽ ചേർന്ന പി.ഡബ്ല്യു.ഡി മിഷൻ ടീം യോഗം തീരുമാനിച്ചു.
വകുപ്പിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് ഇ-ഓഫിസ് സംവിധാനം ഏർപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പൂർണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുമ്പോൾ വകുപ്പിലെ ഫയൽ നീക്കത്തിൽ സുതാര്യത ഉറപ്പുവരുത്താനും കഴിയും.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സെക്ഷൻ ഓഫിസ് മുതൽ സെക്രേട്ടറിയറ്റ് വരെ ഇ-ഓഫിസിന് കീഴിലാകും.
ചീഫ് എൻജിനീയർ ഓഫിസ് മുതൽ സെക്ഷൻ ഓഫിസ് വരെ ഒരു സോഫ്റ്റ് വെയറാണ് നിലവിൽ വരിക. അടിയന്തരമായി തീരുമാനമെടുക്കേണ്ട ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനാകും. ഫയലുകൾ തപാലിൽ അയക്കുന്നതിനുള്ള സമയവും ലാഭിക്കാനാകും.
ഫയൽ നീക്കം ഉന്നത ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാനും സൗകര്യമുണ്ടാകും. ഇ-ഓഫിസ് സംവിധാനം നിലവിൽ വരുമ്പോൾ ഫയൽ നീക്കത്തിന് കൃത്യമായ സമയക്രമം കൊണ്ടുവരാനും ഉദ്ദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.