പത്തനംതിട്ട: ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധത്തിലാക്കി പുൽവാമ ഭീകരാക്രമണം. സൈനിക മേഖകളിൽ ആയിരകണക്കിന് പേർ സേവനം അനുഷ്ഠിക്കുന്ന കേരളത്തിൽ ഇതാദ്യമായാണ് ഈ വിഷയം മോദിക്ക് നേരിടേണ്ടിവരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പിക്ക് കളം ഒരുക്കാൻ റോഡ് ഷോ ഉൾപ്പെടെ വിവിധ പരിപാടുകളുമായി കേരളത്തിൽ തുടർച്ചയായി നാലാംതവണ എത്തുന്ന മോദിക്ക് ഇൗ വിഷയത്തിൽ മറുപടി പറയണ്ടേി വരും. പത്തനംതിട്ട , മാവേലിക്കര ലോക്‌സഭാ മണ്ഡല ങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നത്. ഇന്ന് ഉച്ചക്ക് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം പാർട്ടിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഔദ്യോഗിക തുടക്കമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
സിറ്റിങ് എം.പിയും പത്തനംതിട്ട ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ ആന്‍റോ ആന്‍റണിയാണ് കഴിഞ്ഞദിവസം പത്തനംതിട്ടയിൽ നടന്ന വാർത്താസേമ്മളത്തിൽ പുൽവാമ സംബന്ധിച്ച് സംശയങ്ങൾ ഉയർത്തിയത്. പൗരത്വ ദേഭഗതി നിയമം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പറഞ്ഞ എം.പി, പുൽവാമയെ ചൂണ്ടിക്കാട്ടി 42 ജവാൻമാരുടെ ജീവൻ ബലികൊടുത്താണ് കഴിഞ്ഞതവണ ബി.ജെ.പി അധികാരത്തിൽ വന്നതെന്ന് ആഞ്ഞടിക്കുകയായിരുന്നു. ഇന്ത്യയുടെ ഭൂപ്രദേശത്ത് നടന്ന സംഭവത്തിൻെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്നും ആന്റോ ചൂണ്ടിക്കാട്ടി. സംശയം ദൂരീകരിച്ചത് ബി.ജ.പി സഹയാത്രികനും ജമ്മുകശ്മീർ ഗവർണറുമായിരുന്ന സത്യപാൽ മലിക്കായിരുന്നുന്നെന്നും ആന്റോ ഓർമിപ്പിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് 2019 ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് ജമ്മുകശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 42 സി.ആർ.പി.എഫ് ജവാൻമാരാണ് രക്തസാക്ഷികളായത്. റോഡ് മാർഗ്ഗം കടന്നുപോകുകയായിരുന്ന അർധസൈനിക വിഭാഗത്തിന്‍റെ വാഹന വ്യൂഹത്തിന് മതിയായ സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടിരുന്നെന്ന് പ്രതിപക്ഷകക്ഷികളും മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയത് പ്രധാനമന്ത്രി മോദിയെ അന്നേ പ്രതിരോധത്തിലാക്കിയിരുന്നു.
തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന ഫെബ്രുവരി 28ന് പാകിസ്താനിലെ ബലാകോട്ടിൽ നടത്തിയ ആക്രമണവും സംശയങ്ങൾ ഉയർത്തിയിരുന്നു. സുരക്ഷാ വീഴ്ച കാരണമാണ് ജവാൻമാരുടെ ജീവൻ നഷ്ടപ്പെട്ടെന്ന് അന്നത്തെ കശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക്കിന്‍റെ വിവാദ വെളിപ്പെടുത്തൽ 2023 ഏപ്രിൽ മാസത്തിൽ ‘ദ വയർ’ ൽ വന്നതോടെ പ്രധാനമന്ത്രി മോദിയും ബി.ജെ.പിയുടെ കേന്ദ്രസർക്കാരും വെള്ളം കുടിച്ചു.
‘‘സംഭവം നടന്ന ദിവസം വൈകിട്ട് ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയ ഉദ്യാനത്തിൽ ഫോട്ടോ ഷൂട്ടിലായിരുന്ന മോദിയുമായി സംസാരിച്ചിരുന്നു. നമ്മുടെ തെറ്റാണ് ഭീകരാക്രമണത്തിന് കാരണമെന്നും ജവാൻമാരെ വിമാനത്തിൽ കൊണ്ടുപോയിരുന്നെങ്കിൽ ആക്രമണം ഒഴിവാക്കാമായിരുന്നെന്നും മോദിയോട് ഫോണിൽ പറഞ്ഞിരുന്നു. ഇക്കാര്യം ഇപ്പോൾ മിണ്ടരുതെന്നായിരുന്നു മോദിയുടെ നിർദേശം. മിണ്ടാതിരിക്കണമെന്ന് തന്‍റെ സഹപാഠികൂടിയായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പറഞ്ഞു. കുറ്റം മുഴുവൻ പാകിസ്താനെതിരാകുമെന്ന് മനസ്സിലാക്കിയ ഞാൻ നിശബ്ദത പാലിച്ചു. സൈനികരെ മാറ്റാൻ സി.ആർ.പി.എഫ് അധികൃതർ വിമാനം ആവശ്യപ്പെട്ടപ്പോൾ ആഭ്യന്തരമന്ത്രാലയം പരിഗണിച്ചില്ല’ -എന്നായിരുന്നു സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ. കരൺ ഥാപ്പറുമായുള്ള ഇൻവ്യുവിലായിരുന്നു ഈ വിവാദ വെളിപ്പെടുത്തൽ വന്നത്.
പിന്നീട് പുൽവാമ രക്തസാക്ഷികളുടെ വിധവകളും കേന്ദ്രത്തെ പ്രതിരോധത്തിലാക്കി സമരവുമായി രംഗത്ത് വന്നിരുന്നു. പുൽവാമയിലെ സുരക്ഷാവീഴ്ചയിൽ വ്യക്തമായ മറുപടി നൽകാൻ പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കും ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തിൽ പാകിസ്താന്റെ പങ്കിനെ കുറിച്ച് കൂടി ആന്റോ പറഞ്ഞുവെച്ചത് രാജ്യദ്രോഹമെന്ന് വരുത്തി വലിയ വിവാദമാക്കാൻ ശ്രമിച്ച ബി.ജെ.പിയും സംഘ്പരിവാർ സ്വാധീനമുള്ള ദേശീയ മാധ്യമങ്ങളും സുരക്ഷാ വീഴ്ച മറക്കാനാണ് തന്ത്രപൂർവ്വം ശ്രമിച്ചത്.
സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്ന നിലപാടിലാണ് ആന്‍റോ ആന്‍റണി. കേസെടുക്കുന്നെങ്കിൽ ആദ്യം സത്യപാൽ മാലിക്കിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇതേ വിഷയത്തിൽ സമരം ചെയ്ത സൈനികരുടെ വിധവകൾക്ക് എതിരെയും കേസ് എടുക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.
ആക്രമണത്തിൽ പാകിസ്താന് പങ്കില്ലെന്ന് താൻ പറഞ്ഞിട്ടില്ല. പാകിസ്താന് എന്ത് പങ്ക് എന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ചതാണെന്നും വ്യാഴാഴ്ച എം.പി പ്രതികരിച്ചു. തന്‍റെ ചോദ്യം പിന്നീട് ഒരോ താൽപര്യക്കാർ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും എം.പി പറഞ്ഞു. ബി.ജെ.പി എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന പത്തനംതിട്ടയിൽ അപ്രതീക്ഷിത സ്ഥാനാർഥിയായ എത്തിയ അനിൽ കെ. ആന്‍റണിക്കെതിരായ ബി.ജെ.പി അണികളുടെ അണപൊട്ടിയ അമർഷം ഒതുക്കാനാണ് മോദിയെ എത്തിക്കുന്നത്.
പത്തനംതിട്ട: പുൽവാമ ഭീകരാക്രമണം പാകിസ്താന്റെ ഭീകരവാദ ആക്രമണം തന്നെയെന്ന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി ഡോ. തോമസ് ഐസക്. ആന്റോ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമ ആക്രമണത്തിൽ പാകിസ്താന് എന്ത് പങ്കെന്ന് ആന്റോ ചോദിച്ചത് കടന്ന കൈയാണ്.
പുൽവാമ സംഭവം കേന്ദ്രസര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തെന്നാണ് ജമ്മു കശ്മീര്‍ മുൻ ഗവര്‍ണര്‍ സത്യപാൽ മാലിക് പറഞ്ഞത്. അതിന് ബി.ജെ.പി മറുപടി പറയണം. കോൺഗ്രസ് ദേശീയ രാഷ്ട്രീയം പറഞ്ഞാൽ അവരുടെ ഇരട്ടത്താപ്പ് പുറത്താകും. സി.എ.എ, എൻ.ഐ.എ ബില്ലുകളിൽ പാര്‍ലമെന്റിൽ കോൺഗ്രസ് അംഗങ്ങൾ എതിർത്തു വോട്ട് ചെയ്തിട്ടില്ല. ഇതേക്കുറിച്ചൊന്നും പത്തനംതിട്ടയിൽ കൂടുതൽ പറയാതെ ഇരിക്കുകയാവും കോൺഗ്രസിന് നല്ലതെന്നും തോമസ് ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.