ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണും. മണ്ഡലത്തിൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു. ഝാര്‍ഖണ്ഡിലെ ദുംരി, ത്രിപുരയിലെ ബോക്സാ നഗർ, ധൻപുർ, പശ്ചിമബംഗാളിലെ ധുപ്ഗുരി, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്തും.
ഉപതെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസമാണ്. ഗസറ്റ് വിജ്ഞാപനം ഈ മാസം 10ന് പുറപ്പെടുവിക്കും. 17വരെ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈമാസം 21 ആണ്. സെപ്റ്റംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പും എട്ടിന് വോട്ടെണ്ണലും നടക്കും. 10ന് നടപടിക്രമങ്ങൾ പൂർത്തിയാക്കും. വോട്ടുയന്ത്രങ്ങളും വിവിപാറ്റും ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ്. 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടെടുപ്പ്. നാമനിർദേശപത്രിക വരെ പട്ടിക പുതുക്കാമെന്ന് കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡാണ് വോട്ടുചെയ്യാനുള്ള പ്രധാന രേഖ. അതില്ലെങ്കിൽ ആധാർ കാർഡ്, തൊഴിലുറപ്പ് പദ്ധതി കാർഡ്, ഫോട്ടോ സഹിതമുള്ള ബാങ്ക് പാസ് ബുക്ക്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ഇന്ത്യൻ പാസ്പോർട്ട് തുടങ്ങിയ രേഖകളും മതിയാകും.
1970 മുതൽ 12 തവണ ഉമ്മന്‍ചാണ്ടി തുടർച്ചയായി വിജയിച്ചു വന്ന മണ്ഡലമാണ് പുതുപ്പള്ളി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ 9,044 വോട്ടിനാണ് ഉമ്മൻചാണ്ടി തോൽപ്പിച്ചത്. 2016ലും ജെയ്ക് തന്നെയായിരുന്നു എതിർ സ്ഥാനാർത്ഥി. അന്ന് 27,092 വോട്ടിനായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.