കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കൂട്ടിയും കിഴിച്ചും വിജയപ്രതീക്ഷയിൽ മുന്നണികൾ. വിജയം ഉറപ്പിക്കുമ്പോഴും പോളിങ് കുറഞ്ഞത് ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം നേടാൻ തടസ്സമാകുമോയെന്ന ആശങ്കയിലാണ് യു.ഡി.എഫ്. പലയിടങ്ങളിലും വോട്ടെടുപ്പ് മനഃപൂർവം വൈകിപ്പിച്ചെന്നും ചിലർക്ക് വോട്ട് ചെയ്യാനായില്ലെന്നും അവർ ആരോപിക്കുന്നു.
എന്നാൽ, എൽ.ഡി.എഫിന്റെ ആത്മവിശ്വാസം വർധിക്കുന്ന നിലയിലാണ് കണക്കുകൾ. 2021ലേതിനെക്കാൾ കൂടുതൽ വോട്ട് ലഭിക്കുമെന്നും ഇക്കുറി ജെയ്ക് സി. തോമസ് ചരിത്രം സൃഷ്ടിക്കുമെന്നുമാണ് അവകാശവാദം. വെള്ളിയാഴ്ച രാവിലെ എട്ടിന് കോട്ടയം ബസേലിയോസ് കോളജിൽ വോട്ടെണ്ണൽ ആരംഭിക്കും. 53 വർഷമായി പുതുപ്പള്ളിയുടെ എം.എൽ.എയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് വന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഉമ്മൻ ചാണ്ടി 2011ൽ നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ പഴങ്കഥയാക്കുമെന്നാണ് അവകാശവാദം. ഉമ്മൻ ചാണ്ടി ഒരു വികാരമായി പുതുപ്പള്ളിക്കാർക്കിടയിലുണ്ടെന്നും അത് തെരഞ്ഞെടുപ്പിൽ വ്യക്തമായെന്നും അവർ പറയുന്നു. 2021ലെ തെരെഞ്ഞടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറച്ചതാണ് എൽ.ഡി.എഫിന് വിജയപ്രതീക്ഷ നൽകുന്നത്. എന്നാൽ, ആ സാഹചര്യമല്ല ഇപ്പോൾ പുതുപ്പള്ളിയിലെന്നാണ് കോൺഗ്രസിന്റെ വാദം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സഭാതർക്കവും സോളാർ ഉൾപ്പെടെ ദുഷ്പ്രചാരണങ്ങളും ഉമ്മൻ ചാണ്ടിക്ക് എതിരായിരുന്നു. എന്നാൽ, സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടി അഗ്നിശുദ്ധി വരുത്തിയെന്നും ഓർത്തഡോക്സ്, യാക്കോബായ സഭകളുടെ പിന്തുണ ചാണ്ടി ഉമ്മന് ലഭിച്ചെന്നുമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. വിവിധ വിഷയങ്ങളിൽ ജനവികാരം എൽ.ഡി.എഫിനെതിരായെന്നും അത് ഭൂരിപക്ഷം വർധിപ്പിക്കുമെന്നുമാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്.
2021ൽ ഉമ്മൻ ചാണ്ടി പിന്നാക്കം പോയ മണർകാട് ഉൾപ്പെടെ എട്ട് പഞ്ചായത്തിലും ചാണ്ടി ഉമ്മൻ ലീഡ് നേടുമെന്നാണ് യു.ഡി.എഫിന്റെ കണക്ക്. തങ്ങൾ ഭരിക്കുന്ന മീനടം, അയർക്കുന്നം പഞ്ചായത്തുകൾക്കുപുറമെ ഉമ്മൻ ചാണ്ടിയെ എന്നും പിന്തുണച്ചുവന്ന പുതുപ്പള്ളി, പാമ്പാടി, വാകത്താനം പഞ്ചായത്തുകളിൽ ഇക്കുറി വലിയ മുന്നേറ്റമുണ്ടാകുമെന്നുമാണ് അവകാശവാദം.
സമാന കണക്കുകൂട്ടലാണ് എൽ.ഡി.എഫിനും. ഭരിക്കുന്ന ആറ് പഞ്ചായത്തിലും തങ്ങളുടെ വോട്ടുകൾ പോൾ ചെയ്യിപ്പിക്കാനായെന്നാണ് അവരുടെ അവകാശവാദം. ജെയ്ക്കിന്റെ വീട് സ്ഥിതി ചെയ്യുന്ന മണർകാട്, കൂരോപ്പട, പാമ്പാടി, വാകത്താനം, അകലക്കുന്നം പഞ്ചായത്തുകളിലെല്ലാം എൽ.ഡി.എഫിന് അനുകൂലമായ തരംഗം പ്രകടമായതായാണ് വിലയിരുത്തൽ. ബി.ജെ.പി വോട്ട് മറിഞ്ഞില്ലെങ്കിൽ തങ്ങൾ ജയിക്കുമെന്ന വിശ്വാസമാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ 11,694ലധികം വോട്ട് ഇക്കുറി നേടുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. വലിയ മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.