കോട്ടയം: സഭാതർക്കം കഴിഞ്ഞ നിയമസഭ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നിഴലിച്ച പാമ്പാടി പഞ്ചായത്ത് മുന്നണികൾക്ക് നിർണായകം. 2016ല്‍ ഉമ്മൻ ചാണ്ടി മൂവായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിയ പാമ്പാടിയില്‍ 2021ല്‍ ലീഡ് കുത്തനെ കുറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെപോകാനുള്ള കാരണവും പാമ്പാടിയിലെ വോട്ടുചോർച്ചയായിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഈ കണക്കുകൾ പ്രതീക്ഷയാകുമ്പോൾ, ഇത്തവണ കളം മാറുമെന്ന് യു.ഡി.എഫ് പറയുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ രാഷ്ട്രീയ തലസ്ഥാനം കൂടിയായ പാമ്പാടിയാണ് എക്കാലവും തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളുടെ കേന്ദ്രം. ഉപതെരഞ്ഞെടുപ്പിലും ഇടത്-വലത് മുന്നണികളുടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകൾ പ്രവർത്തിക്കുന്നത് പാമ്പാടിയിലാണ്. നേതാക്കളെല്ലാം തമ്പടിക്കുന്നതും പാമ്പാടി കേന്ദ്രീകരിച്ചാണ്.
വലതിന്റെ ശക്തികേന്ദ്രമെന്ന വിശേഷണമുള്ള പാമ്പാടി കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതിനൊപ്പമാണ് നിലയുറപ്പിച്ചത്. 20 വർഷത്തെ ഇടവേളക്കുശേഷമായിരുന്നു പഞ്ചായത്ത് ചുവന്നത്. 20 അംഗ ഭരണസമിതിയിൽ എല്‍.ഡി.എഫ് - 12, യു.ഡി.എഫ് -എട്ട് എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്തിൽ നിർണായക സ്വാധീനമുള്ള യാക്കോബായ വോട്ടുകൾ ഇടതിനൊപ്പം നിലയുറപ്പിച്ചതാണ് അവർ ഭരണത്തിലെത്താൻ കാരണം.
നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി പിന്നിൽ പോകാനും കാരണമിതായിരുന്നു. ചർച്ച് ബില്ല് കൊണ്ടുവരുമെന്നും ഇതിലൂടെ യാക്കോബായ സഭക്ക് ഭൂരിപക്ഷമുള്ള പള്ളികൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുമെന്നുമായിരുന്നു എൽ.ഡി.എഫ് പ്രചാരണം. ഇത് യാക്കോബായ വിശ്വാസികളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.