തിരുവനന്തപുരം: പുതുപ്പള്ളിപ്പോരടങ്ങുമ്പോൾ പ്രതിപക്ഷത്ത് പുത്തുനുണർവ്. തുടർഭരണത്തിൽ തകർന്നുപോയ ആത്മവിശ്വാസം യു.ഡി.എഫ് തൃക്കാക്കരയിൽ തിരിച്ചുപിടിച്ചത് പുതുപ്പള്ളിയിൽ പുതുക്കി. ചാണ്ടി ഉമ്മന്റെ റെക്കോഡ് വിജയം നൽകുന്ന ഊർജമാകും ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ നയിക്കുക. ഉമ്മൻ ചാണ്ടി അരനൂറ്റാണ്ടിലേറെ തുടർച്ചയായി ജയിച്ചുവന്നുവെങ്കിലും പുതുപ്പള്ളി കോൺഗ്രസ് മണ്ഡലമല്ല. എട്ടിൽ ആറ് പഞ്ചായത്ത് ഇടതുപക്ഷം ഭരിക്കുന്ന പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ ഇറക്കുമ്പോൾ സഹതാപത്തിൽ മാത്രമായിരുന്നു പ്രതീക്ഷ. റെക്കോഡ് ഭൂരിപക്ഷം സഹതാപ തരംഗത്തിനുമപ്പുറം ഭരണവിരുദ്ധ വോട്ടുകളാണ്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ മുൾമുനയിൽ നിർത്താൻ സ്വർണക്കടത്ത്, സ്പ്രിംഗ്ളർ ഉൾപ്പെടെ ആക്ഷേപങ്ങൾ പലതുണ്ടായിരുന്നു പ്രതിപക്ഷത്തിന്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖൻ ശിവശങ്കർ അറസ്റ്റിലായിട്ടും സ്വപ്ന സുരേഷ് ഉയർത്തിവട്ട ആരോപണങ്ങളുടെ കൊടുങ്കാറ്റ് പിണറായി വിജയൻ അതിജീവിച്ചു. തുടർഭരണത്തിന്റെ പ്രഭയിൽ പ്രതിപക്ഷത്തെ വകവെക്കാതെ മുന്നോട്ടുനീങ്ങുന്ന മുഖ്യമന്ത്രിയെയാണ് പിന്നീട് കണ്ടത്. പ്രളയത്തിന്റെയും കോവിഡിന്റെയും ദുരിതകാലത്തെ ധീരമായി നയിച്ച രക്ഷകനെന്ന പ്രതിച്ഛായയാണ് പിണറായി വിജയന് തുണയായത്. ഇപ്പോൾ അതല്ല സ്ഥിതി.
ഓണക്കാലത്ത് പാവങ്ങൾക്കുള്ള കിറ്റ് പോലും പാളി. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുണ്ടായില്ല. ബജറ്റിൽ വന്ന ഇന്ധന സെസിന് പുറമെ, വെള്ളക്കരവും വൈദ്യുതി നിരക്കും കെട്ടിട നികുതിയുമെല്ലാം കൂടി. കുടുംബ ബജറ്റിലുണ്ടാക്കുന്ന താളപ്പിഴ വോട്ടിങ് യന്ത്രത്തിൽ പ്രതിഫലിക്കുമെന്നുറപ്പ്. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട് മാസം ഏഴായി. വിവാദ കരിമണൽ കമ്പനിയിൽനിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി സേവനമൊന്നും നൽകാതെ വൻതുക കൈപ്പറ്റിയെന്ന കണ്ടെത്തൽ തെളിവ് സഹിതമാണ് പുറത്തുവന്നത്.
സ്വർണക്കടത്തും ബിരിയാണി ചെമ്പും പുച്ഛിച്ച് തള്ളിയ പിണറായി വിജയന് മകൾക്ക് നേരെയുള്ള മാസപ്പടി നിഷേധിക്കാൻ പോലുമാകാത്ത നിലയിലാണ്. പുതുപ്പള്ളിയിൽ പിണറായി നയിച്ച പ്രചാരണത്തിൽ മുമ്പത്തെ ആവേശമുണ്ടായിരുന്നില്ല. പിണറായി വിജയൻ നേരിട്ട് നിർദേശിച്ച സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് സി.പി.എം പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തിന് പരാജയപ്പെടുകയും ചെയ്തു. കേരളത്തിന്റെ ക്യാപ്റ്റൻ പരിവേഷത്തിൽനിന്ന് പിണറായി വിജയന്റെ ഗ്രാഫ് താഴേക്കിറങ്ങുകയാണ്. പുതുപ്പള്ളി ഫലം നൽകുന്ന സുപ്രധാന സൂചന അതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.