കോട്ടയം: മണ്ഡലം ഇതുവരെ ദർശിച്ചിട്ടില്ലാത്ത വിവാദ കോലാഹലങ്ങൾ ഉയർത്തിയുള്ള പ്രചാരണത്തിനും പുതുപ്പള്ളിയെ സ്വാധീനിക്കാനായില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും അഴിമതി ഉൾപ്പെടെ വിവാദങ്ങളും ഉമ്മൻ ചാണ്ടിയുടെ ചികിത്സയും നേതാക്കളുടെ മക്കളുടെ വസ്ത്രധാരണവും സ്ഥാനാർഥിയുടെ ഭാര്യയുടെ ഗർഭവുമുൾപ്പെടെ ചർച്ചയാക്കിയ പ്രചാരണം പക്ഷേ അമ്പാടെ ചീറ്റിപ്പോയെന്ന് ഫലത്തിലൂടെ വ്യക്തം. പുതുപ്പള്ളിയിലെ വോട്ടർമാർ വിവാദങ്ങൾക്ക് പിന്നാലെ പോയില്ലെങ്കിലും ഉമ്മൻ ചാണ്ടിക്കെതിരായ വിമർശനങ്ങൾ അവരെ സ്വാധീനിച്ചിട്ടുണ്ട്.
പുതുപ്പള്ളി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യക്തിപരമായ സൈബര്‍ ആക്രമണങ്ങള്‍വരെ പുതുപ്പള്ളിയില്‍ കണ്ടു. പാലം വികസനം, പുണ്യാളന് വിവാദം, സ്വത്ത് വിവാദം, അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം, ജെയ്ക്കിന്റെ സ്വത്ത്, ഗർഭിണിയായ ഭാര്യയെ ഇറക്കിയുള്ള പ്രചാരണം, മുഖ്യമന്ത്രിയെ കെ.പി.സി.സി പ്രസിഡന്റ് പോത്തെന്ന് വിളിച്ചത്, മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം തുടങ്ങിയവയെല്ലാം മണ്ഡലത്തിലെ പ്രചാരണത്തിന് തീപിടിപ്പിച്ചിരുന്നു.
പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനെതിരെയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിനെതിരെയും പല രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളുണ്ടായി. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ചയായതെങ്കില്‍ അവസാനഘട്ടത്തില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും ആരോപണങ്ങളുമാണ് നിറഞ്ഞുനിന്നത്. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം സമൂഹമാധ്യമങ്ങളില്‍ മരപ്പാലമായിരുന്നു ആദ്യം ചര്‍ച്ചയായത്. ഉമ്മന്‍ ചാണ്ടി നടന്നുപോയ പുതുപ്പള്ളി മണ്ഡലത്തിലെ പാലം എന്ന അവകാശവാദത്തോടെയായിരുന്നു ചിത്രം പ്രചരിച്ചത്. എന്നാൽ, അത് പുതുപ്പള്ളിയിലല്ലെന്ന് തെളിയിച്ച് യു.ഡി.എഫ് അതിനെ പ്രതിരോധിച്ചു. വോട്ട് മറിക്കൽ ആരോപണവും മണ്ഡലത്തെ ചൂടുപിടിപ്പിച്ചു. പുതുപ്പള്ളിയിലെ പുണ്യാളനാണ് ഉമ്മന്‍ ചാണ്ടിയെന്ന തരത്തിലുള്ള പ്രചാരണങ്ങളും വിവാദവും വോട്ടെടുപ്പുദിവസം വരെ ചര്‍ച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.