മലപ്പുറം: പി.വി. അൻവർ ഉയർത്തിയ വിവാദങ്ങൾക്കിടെ, സി.പി.എം ലോക്കൽ സമ്മേളനങ്ങളുടെ തിരക്കുകളിലേക്ക് കടക്കുന്നു. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ഒക്ടോബർ ആദ്യവാരം ലോക്കൽ കമ്മിറ്റി സമ്മേളനങ്ങൾ ആരംഭിക്കും. അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് സമ്മേളനങ്ങളിൽ കൃത്യമായ മറുപടി നൽകാനാണ് തീരുമാനം. വിമർശനങ്ങളെ ശക്തിയായി പ്രതിരോധിക്കും. നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിലെ ലോക്കൽ സമ്മേളനങ്ങളിൽ മുതിർന്ന നേതാക്കൾ പങ്കെടുത്ത് നയം വിശദീകരിക്കും.
പ്രവർത്തകരിൽ ഉണ്ടാകാനിടയുള്ള ആശയക്കുഴപ്പം പരിഹരിക്കുന്ന വിശദീകരണമാണ് നേതാക്കൾ നൽകുക. പൊലീസ് നടപടികൾക്കെതിരെ ബ്രാഞ്ച് സമ്മേളനങ്ങളിൽ വ്യാപക വിമർശനമുയർന്നിരുന്നു. ലോക്കൽ സമ്മേളനങ്ങളിലും ഇതാവർത്തിക്കാനിടയുണ്ട്. അൻവർ കാര്യമായി ഉയർത്തിയതും പൊലീസുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. ഈ തുറന്നുപറച്ചിലിന് പ്രവർത്തകരിൽനിന്ന് വൻ പിന്തുണയാണ് ലഭിച്ചതെങ്കിലും പാർട്ടി തള്ളിപ്പറഞ്ഞതോടെ, അണികളും അദ്ദേഹത്തിനെതിരായി. ആ നിലയിൽ അൻവറുമായുള്ള ‘യുദ്ധ’ത്തിന്റെ ആദ്യഘട്ടം പാർട്ടിക്ക് ചെറിയ തോതിൽ ആശ്വാസകരമാണ്. എന്നാലും എ.ഡി.ജി.പി-ആർ.എസ്.എസ് ബന്ധമടക്കമുള്ള വിഷയങ്ങൾ പാർട്ടി സമ്മേളനത്തിൽ ചർച്ചയാകാനിടയുണ്ട്.
ന്യൂനപക്ഷവിരുദ്ധ നിലപാടാണ് ജില്ല സെക്രട്ടറിയടക്കമുള്ള സി.പി.എം നേതാക്കളുടേതെന്ന പ്രചാരണമാണ് അൻവർ ഇപ്പോൾ നടത്തുന്നത്. മലപ്പുറം ജില്ലയിലുടനീളം നടത്തുന്ന വിശദീകരണ യോഗങ്ങളിലും ഇതാവർത്തിക്കാനാണ് സാധ്യത. പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ കൂടുതൽ വെളിപ്പെടുത്തലുകളും നടത്താൻ സാധ്യതയുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ടാണ് സമ്മേളനങ്ങളിൽ പഴുതടച്ച പ്രതിരോധമുയർത്താനുള്ള പാർട്ടി തീരുമാനം. അൻവറിന്റേത് മതതീവ്രവാദ ചിന്തയാണെന്നും അദ്ദേഹത്തിനു പിന്നിൽ ഇത്തരം ശക്തികളാണെന്നുമുള്ള പ്രചാരണം സി.പി.എം ശക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.