ഗവർണറെ കണ്ടത് പൊലീസിൽ വിശ്വാസമില്ലാത്തതിനാൽ; എ.ഡി.ജി.പിക്കെതിരായ ഡി.ജി.പിയുടെ റിപ്പോർട്ട് പൂഴ്ത്തിയെന്നും അൻവർ

തിരുവനന്തപുരം: കേരള പൊലീസിൽ വിശ്വാസമില്ലാത്തതിനാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതെന്ന് പി.വി. അൻവർ എം.എൽ.എ. എം.ആർ. അജിത് കുമാറിനെതിരായ ഡി.ജി.പിയുടെ റിപ്പോർട്ട് പൂഴ്ത്തിയെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് താൻ ആവശ്യപ്പെടുന്നതെന്നും അൻവർ‍ പറഞ്ഞു.

ഡി.എം.കെ ഷാൾ അണിഞ്ഞ് കൈയിൽ ചുവന്ന തോർത്തുമായാണ് അൻവർ മാധ്യമങ്ങളെ കണ്ടത്. എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ല. അതിനാലാണ് ഗവർണറെ കണ്ടത്. എസ്.ഐ.ടി അന്വേഷണം സത്യസന്ധമല്ല. പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ അജിത്കുമാറിന്‍റെ നൊട്ടോറിയസ് സംഘത്തിൽപ്പെട്ടവരാണ്. ഡി.ജി.പി സത്യസന്ധമായി അന്വേഷണം നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസിന്‍റെ കൈയിലുണ്ട്. സ്വർണം പിടിച്ച പൊലീസ്, അത് എങ്ങോട്ട് മാറ്റി, ആരുടെ അടുത്ത് ഉരുക്കി, ഇതൊന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നും അൻവർ ആരോപിച്ചു.

ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബുദ്ധിമുട്ടുള്ളതിനാലാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഗവർണറെ കാണാൻ പോകാത്തത്. ഹൈകോടതിയിൽ കേസ് വന്നാൽ സഹായിക്കാമെന്ന് ഗവർണറെ അറിയിച്ചിട്ടുണ്ട്. ഗവർണർക്ക് നേരിട്ട് അന്വേഷണം നടത്താൻ കഴിയില്ല. വിഷയത്തിൽ ഗവർണറുടെ സഹായം തേടിയാണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹത്തിന് നൽകിയ കത്തിന്‍റെ പകർപ്പ് വൈകാതെ പുറത്ത് വിടും. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിച്ച് കത്ത് കിട്ടി. പ്രതിപക്ഷ നിരയിൽ ഇരിക്കില്ലെന്നും അൻവർ വ്യക്തമാക്കി. സി.പി.എം ബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ തുറന്ന പോരിനിറങ്ങിയ അൻവർ ചൊവ്വാഴ്ച രാജ്ഭവനിലെത്തിയാണ് ഗവർണറെ കണ്ടത്.

പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പുറത്തുവിട്ട തെളിവുകളടക്കം കത്ത് അൻവർ ഗവർണർക്ക് നൽകി. എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കത്തിൽ ആവർത്തിച്ചു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തും അതിൽ പൊലീസ് പിടികൂടിയ സ്വർണത്തിലെ ഒരുഭാഗം രേഖകളിൽ ഇല്ലാതാക്കി മുക്കുന്നതും ഉൾപ്പെടെ വിവരങ്ങളും ഗവർണർക്കുള്ള കത്തിൽ ചൂണ്ടിക്കാട്ടിയതായാണ് വിവരം.

നാട് നേരിടുന്ന ഭീഷണികളിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചെന്ന് കൂടിക്കാഴ്ചക്കുശേഷം അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു സ്വതന്ത്ര എം.എൽ.എ എന്ന നിലയിലാണ് ഗവർണറെ കണ്ടത്. സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് സന്ദർശനം. ചില തെളിവുകൾ കൂടി കൈമാറും. ഗവർണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. താൻ നേരത്തേ പറഞ്ഞ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു.

Tags:    
News Summary - PV Anwar Against DGP's report against ADGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.