കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശി മാമി എന്നറിയപ്പെടുന്ന ആട്ടൂര്‍ മുഹമ്മദിന്റെ (56) തിരോധാനത്തില്‍ എ.ഡി.ജി.പി അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. ഇതിനു പുറകിൽ പ്രവർത്തിച്ചത് അജിത് കുമാറാണെന്നതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും അത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും അൻവർ പറഞ്ഞു. വിവാദങ്ങൾ ഉയർന്നുവന്നതിനു പിന്നാലെ അജിത് കുമാർ അവധിയിൽ പോയത് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഒരു നൊട്ടോറിയസ് ക്രിമിനലാണെന്നും അൻവർ എം.എൽ.എ പറഞ്ഞു.
അജിത് കുമാർ കാലചക്രം തിരിക്കുകയാണ്. സുജിത് ദാസിന്റെ ഗതി അയാൾക്കും വരും. അജിത് കുമാറും സുജിത് ദാസും ഒരച്ഛന്റെ രണ്ട് മക്കളാണ്. മാമി കേസിൽ പുതിയ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തിൽ തൃപ്തനാണ് -അൻവർ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ സംബന്ധിച്ച രാഷ്ട്രീയം പറയാനില്ലെന്നും അൻവർ പറഞ്ഞു.
മാമി ഭൂമിയില്‍നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടതാണോ ക്രിമിനല്‍ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണോ എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല. നാടും സമൂഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന, ഒരുപാട് കച്ചവട ബന്ധങ്ങളുള്ള മനുഷ്യന്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഏതെങ്കിലുമൊരു കോണില്‍നിന്ന് ഒരു സൂചനയെങ്കിലും നമുക്ക് കിട്ടുമല്ലോ. ഒരു സൂചനയും കിട്ടാത്തതിന്റെ അടിസ്ഥാനത്തില്‍, സ്വാഭാവികമായും ഒരു മനുഷ്യനുണ്ടാവുന്ന സാമാന്യബുദ്ധിയുടെ ഭാഗമായി മാമി കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് ഞാന്‍ ഇപ്പോഴും സംശയിക്കുന്നു -അന്‍വര്‍ പറഞ്ഞു.
മാമി തിരോധാനത്തിനു പിന്നിലെ ദുരൂഹത എന്തായിരിക്കാം എന്ന സംശയം എനിക്കുണ്ട്. കേസിനെ ബാധിക്കുന്നതായതിനാല്‍ ഇപ്പോള്‍ പറയുന്നില്ല. എന്റെ തോന്നലുകളും കിട്ടിയ തെളിവുകളും സൂചനാത്തെളിവുകളും മുദ്രവെച്ച കവറില്‍ ക്രൈംബ്രാഞ്ച് ഐ.ജിക്കും പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ എന്ന നിലയില്‍ ഡി.ജി.പിക്കും കൈമാറും -അൻവർ പറഞ്ഞു.
റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂരിനെ 2023 ആഗസ്റ്റ് 22നാണ് കാണാതായത്. കേസ് തെളിയുമെന്ന് പി.വി. അൻവർ എംഎൽഎ ഉറപ്പ് നൽകിയെന്ന് മാമിയുടെ മകൾ അദീബ പറഞ്ഞു. കേസ് തെളിയും വരെ കൂടെയുണ്ടാകുമെന്ന് പി.വി അൻവർ ഉറപ്പ് നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.