കണ്ണൂർ: ദേശീയപാത നാലുവരിപ്പാതയാക്കുന്നതോടെ നവീകരണ പ്രവൃത്തികള്‍ കുത്തകകള്‍ക്ക് നല്കുമെന്നതിനാല് കേരളത്തിലെ എൻ.എച്ച് ജീവനക്കാരെ പൊതുമരാമത്തിെൻറ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുന്നു. ഇതുവരെ കേരളത്തില്‍ ദേശീയപാതകളുടെ നവീകരണപ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എന്‍.എച്ച് വിഭാഗം വഴിയാണ് നടന്നിരുന്നത്. നാലുവരിപ്പാതകളുടെ നവീകരണം ബി.ഒ.ടി കരാറുകാര്‍ വഴിയാണ് നടക്കുക. ഇതോടെ അപ്രസക്തമാകുന്ന എൻ.എച്ച് വിഭാഗത്തിലെ ജീവനക്കാരെയാണ് പൊതുമരാമത്ത് വകുപ്പിെൻറ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുന്നത്.
ഒറ്റയടിക്ക് ജീവനക്കാരെ പൂര്‍ണമായി മാറ്റില്ലെങ്കിലും ജീവനക്കാരുടെ എണ്ണം ക്രമേണ കുറക്കുന്നതിനാണ് ആലോചിക്കുന്നത്. നിലവില്‍ ആവശ്യത്തിലധികമായി വരുന്ന ജീവനക്കാരെ മറ്റ് വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി മാറ്റുകയാണെന്നാണ് ഒൗദ്യോഗിക വിശദീകരണം.
പൊതുമരാമത്ത് വകുപ്പിെൻറ ഡിസൈൻ, ക്വാളിറ്റി കണ്ട്രോള് വിഭാഗങ്ങളിലേക്കായി 111 ജീവനക്കാരെ പുനര്‍വിന്യസിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്. ജീവനക്കാരെ മാറ്റുന്നതിനായി നിലവിലുള്ള ഡിസൈന്‍ വിഭാഗത്തിെൻറ മൂന്ന് യൂനിറ്റുകള്‍ ശക്തിപ്പെടുത്തുകയും ഏഴ് പുതിയ യൂനിറ്റുകള്‍ രൂപവത്കരിക്കുന്നതിന് തുടക്കം കുറിക്കുകയുംചെയ്തിട്ടുണ്ട്. ഇതുകൂടാതെ കോഴിക്കോടും എറണാകുളത്തുമായി ഡിസൈന്‍ വിങ്ങിെൻറ രണ്ട് മേഖല കേന്ദ്രങ്ങള്‍ ആരംഭിക്കും. ക്വാളിറ്റി കണ്ട്രോള് യൂനിറ്റിെൻറ കീഴില്‍ തിരുവനന്തപുരത്ത് റീജനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്വാളിറ്റി കണ്ട്രോള് ലാബ് സ്ഥാപിക്കുന്നതിനും മൂന്ന് മേഖല കേന്ദ്രങ്ങളില്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റുകൾ തുടങ്ങാനും തീരുമാനമായി.
ചീഫ് ഡിസൈന്‍ ഓഫിസ് തിരുവനന്തപുരം, സ്ട്രക്ചറല്‍ ഡിസൈന്‍ യൂനിറ്റ്, ബ്രിഡ്ജ് ഡിസൈന്‍ യൂനിറ്റ്, ഹൈവേ ഡിസൈന്‍ യൂനിറ്റ്, ജിയോ ടെക്നിക്കല്‍ എൻജിനീയറിങ് യൂനിറ്റ്, എന്‍വയണ്‍മെൻറല്‍ എന്‍ജിനീയറിങ് യൂനിറ്റ് എന്നിവിടങ്ങളിലേക്കാണ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മുതല്‍ ഡ്രൈവര്‍ തസ്തികയിലുള്ളവരെയുള്പ്പെടെ മാറ്റിയത്.
ദേശീയപാത നിർമാണത്തിെൻറ ഭാഗമായുള്ള പ്രാഥമിക പഠനങ്ങളും സര്‍വേയും പൊതുമരാമത്ത് വകുപ്പിെൻറ ദേശീയപാതാവിഭാഗം വഴിയാണ് നടന്നിരുന്നത്. ഇതിൽ പ്രധാനമായി നടത്തിയിരുന്നത് റോഡുകളുടെ അറ്റകുറ്റപ്പണിയായിരുന്നു. സംസ്ഥാനത്ത് നാലുവരിപ്പാത യാഥാര്‍ഥ്യമാകുന്നതോടെ റോഡുകള്‍ക്ക് ആവശ്യമായിവരുന്ന വലിയ തോതിലുള്ള അറ്റകുറ്റപ്പണികള്‍ കരാര്‍ വഴിയാകും.
റോഡ് നിര്‍മിക്കാന്‍ കരാറെടുക്കുന്നവര്തന്നെ ആദ്യത്തെ നാല് വര്‍ഷം നവീകരണപ്രവൃത്തികളും ചെയ്യണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിബന്ധനകളിലൊന്ന്. എന്നാല്‍, നാല് വര്‍ഷത്തിനുശേഷം ഈ ജോലികള്‍ക്ക് പ്രത്യേകം ടെന്‍ഡറുകള്‍ ക്ഷണിക്കേണ്ടിവരും. ബി.ഒ.ടി അടിസ്ഥാനത്തിലാണ് റോഡുകള്‍ നിര്‍മിക്കുന്നതെന്നതിനാല്‍ കരാറുകാര്‍ നിര്മാണചെലവടക്കം തിരിച്ചുപിടിക്കുന്നത് ടോള്പിരിവുകളിലൂടെയായിരിക്കും. ഒരു കരാറുകാരെൻറ കീഴിലുള്ള റോഡിെൻറ അറ്റകുറ്റപ്പണി അപ്പോള്‍ അയാള്‍ക്കുതന്നെ അനുവദിച്ചുകൊടുക്കാനുള്ള സാധ്യതയുമുണ്ട്. ദേശീയ അലൈന്‍മെൻറ് പ്രകാരം കേരളത്തില്‍ 600 കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് 45 മീറ്റര്‍ പാത നിര്‍മിക്കേണ്ടത്. ഇതിെൻറ സ്ഥലമെടുപ്പ് നടപടികള്‍ തുടരുകയാണ്. പലയിടങ്ങളിലും ജനങ്ങളുടെ സമ്മതമില്ലാതെ തന്നെ ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.