കണ്ണൂർ: രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ അനേകം പ്രമുഖരുടെ ഓർമകളുറങ്ങുന്ന പയ്യാമ്പലം കടപ്പുറത്ത് രാഷ്ട്രീയഗുരു ഇ.കെ. നായനാർ, പാർട്ടി മുൻ സെക്രട്ടറി ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതികുടീരത്തിന് സമീപത്തായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്. അതിനുള്ള മുന്നൊരുക്കങ്ങൾ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തിയായി. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് സംസ്കാര ചടങ്ങ്.
അഴീക്കോടൻ രാഘവൻ, നായനാർ, ചടയൻ ഗോവിന്ദൻ, എം.വി. രാഘവൻ, എൻ.സി. ശേഖർ, ഒ. ഭരതൻ തുടങ്ങിവരെ സംസ്കരിച്ച സ്ഥലത്ത് പിന്നീട് അവർക്കായി സ്മൃതികുടീരം ഉയർന്നു. എക്കാലത്തെയും വലിയ കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയുടെ സംസ്കാരം അദ്ദേഹത്തിന്റെ ജന്മദേശമായ പെരളശ്ശേരി ഐവർകുളത്തായിരുന്നു.
എന്നാൽ, എ.കെ.ജിക്ക് വേണ്ടിയും പിന്നീട് പാർട്ടി പയ്യാമ്പലം കടപ്പുറത്ത് സ്മൃതികുടീരം പണിതു. കണ്ണൂരിൽനിന്നുള്ള പ്രശസ്ത സാഹിത്യകാരൻ സുകുമാർ അഴീക്കോടിനെ സംസ്കരിച്ചതും പയ്യാമ്പലം തീരത്താണ്. ആ സ്ഥലത്ത് പണിത സ്മൃതി മണ്ഡപത്തിന് മുന്നിലാണ് കോടിയേരിയുടെ സംസ്കാരം. സ്ഥലപരിമിതി കണക്കിലെടുത്ത് പാർട്ടി നേതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് സംസ്കാര ചടങ്ങ് നടക്കുന്ന തീരത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ബാക്കിയുള്ളവർക്ക് ദൂരെനിന്ന് ചടങ്ങ് കാണാൻ സംവിധാനമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.