പട്ടയഭൂമിയിലെ ക്വാറി : യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ സമ്മര്‍ദം

തിരുവനന്തപുരം: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പശ്ചിമഘട്ടത്തിലടക്കം പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍െറ ഉത്തരവ് നടപ്പാക്കാന്‍ റവന്യൂ വകുപ്പിന് മേല്‍ സമ്മര്‍ദം. 2015 നവംമ്പര്‍ 11ന് മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ്മത്തേയാണ് കരിങ്കല്‍ ക്വാറി മാഫിയക്ക് സഹായകമാകുന്ന ഉത്തരവിറക്കിയത്. ലാന്‍ഡ് റവന്യൂ കമീഷണറുടെ കത്തിന്‍െറ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമായിരുന്നു ഭൂപതിവ് നിയമം 1960 പ്രകാരം പട്ടയം നല്‍കിയ ഭൂമിയില്‍ ക്വാറിക്ക് അനുമതി നല്‍കുന്നതിന് റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയത്.

ഇതോടെ വയനാട് പാര്‍പ്പിട പദ്ധതി ചട്ടങ്ങള്‍ 1969, സെറ്റില്‍മെന്‍റ് പദ്ധതി പട്ടയം സംബന്ധിച്ച ചട്ടങ്ങള്‍ 1970, ഏലം കൃഷിക്ക് സര്‍ക്കാര്‍ ഭൂമി പാട്ടം നല്‍കല്‍ ചട്ടങ്ങള്‍ 1961, സ്വകാര്യവനം (നിക്ഷിപ്തമാക്കലും കൈമാറ്റവും) നിയമം 1971 തുടങ്ങിയവ അനുസരിച്ച് പതിച്ചുനല്‍കിയ ഭൂമിയിലും ആദിവാസികള്‍ക്ക് പട്ടയം നല്‍കിയ ഭൂമിയിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥ ഒത്താശയോടെ കരിങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പച്ചക്കൊടി ലഭിച്ചു.
ജില്ലകളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ കലക്ടര്‍ക്ക് തീരമാനമെടുക്കമെടുക്കാമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിന്‍െറ പിന്‍ബലത്തിലാണ് റബര്‍ കൃഷിക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമിയില്‍ പലയിടത്തും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഭൂപതിവ് നിയമത്തിലെ വ്യവസ്ഥയനുസരിച്ച് റബര്‍ കൃഷിക്ക് അനുവദിച്ച ഭൂമി കൈമാറ്റംചെയ്യാന്‍ പാടില്ല.

വ്യവസ്ഥകള്‍ ഏതെങ്കിലും ലംഘിച്ചാല്‍ ഭൂമി തിരിച്ചെടുക്കാമെന്നും ചട്ടമുണ്ടെന്ന് റവന്യൂ വകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. റവന്യൂ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാഫിയക്ക് അനുകൂലമായി ചട്ടം ഭേദഗതി ചെയ്യാന്‍ ലാന്‍ഡ് റവന്യൂ കമീഷണറെ ചുമതപ്പെടുത്തി കരടും തയാറാക്കിയിരുന്നു. ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ 100 കണക്കിന് ഏക്കര്‍ പട്ടയഭൂമി ക്വാറി മാഫിയകള്‍ സ്വന്തമാക്കി റവന്യൂ വകുപ്പിന് മേല്‍ സമ്മര്‍ദം ആരംഭിച്ചിട്ടുണ്ട്. അതിനിടെ പട്ടയ ഭൂമിയില്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടന്‍റ് ജനറല്‍ ഓഫിസിലെ ഇക്കണോമിക് ആന്‍ഡ് റവന്യൂ ഓഡിറ്റ് വിഭാഗം പരിശോധന തുടങ്ങി.

അടുത്തവര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച് സര്‍ക്കാറിനുണ്ടാവുന്ന നഷ്ടവും ഉള്‍പ്പെടെ പുറത്തുവരും. എ.ജി വിളിച്ച റവന്യൂ, വനം, മൈനിങ് ആന്‍ഡ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പട്ടയഭൂമിയില്‍ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി നിശബ്ദതയായിരുന്നു.

Tags:    
News Summary - quarry udf govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.