കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ കൊലക്കേസ് പ്രതിയായ രാഘിലിന്‍റെ ജന്മദിനാഘോഷത്തിൽ പ​ങ്കെടുത്ത ക്വട്ടേഷൻ-ഗുണ്ടാസംഘങ്ങൾ

പൊലീസിനെ വെല്ലുവിളിച്ച് ചേർത്തലയിൽ ക്വട്ടേഷൻകാരുടെ സമ്മേളനം

ആലപ്പുഴ: കൊലക്കേസ് പ്രതിയുടെ ജന്മദിനാഘോഷത്തിന് ക്വട്ടേഷൻ-ഗുണ്ടാസംഘ തലവന്മാർ ചേർത്തലയിൽ സംഘടിച്ചതിൽ ഞെട്ടിത്തരിച്ച് പൊലീസ്. ഹരിപ്പാട്ടെ കൊലക്കേസ് പ്രതി, കനകക്കുന്നിലെ കാപ്പ കേസ് പ്രതി, കായംകുളത്തെ പിടികിട്ടാപ്പുള്ളി തുടങ്ങി ജില്ലയിലെ ഭരണകക്ഷി ബന്ധമുള്ള ക്വട്ടേഷൻ നേതൃത്വമാണ് പെരുമ്പാവൂർ അനസിന്‍റെ സംഘത്തിൽ ഉൾപ്പെട്ട ചേർത്തല ഷാനിന്‍റെ വീട്ടിൽ സംഘടിച്ചത്.

കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ കൊലക്കേസ് പ്രതിയായ രാഘിലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ മറവിൽ ക്വട്ടേഷൻ സംഘ നേതാക്കൾ യോഗം ചേർന്നത് പൊലീസിനെയും ആശങ്കപ്പെടുത്തുകയാണ്. കാപ്പ കേസിൽ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള താറാവ് ശ്യാം, ആലപ്പുഴയിൽ കൊലക്കേസ് പ്രതിയായ ഷാരോൺ, കായംകുളത്ത് നവകേരള സദസ്സിന്‍റെ സുരക്ഷ സേനയുടെ കുപ്പായം അണിഞ്ഞ് ക്വട്ടേഷൻ നടപ്പാക്കിയ കേസിലെ പിടികിട്ടാപ്പുള്ളിയെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന അരുൺ എന്നിവരും പരിപാടിയിലുണ്ടായിരുന്നു.

പൊലീസിന്‍റെ മുന്നിലൂടെ തലങ്ങും വിലങ്ങും പായുന്ന അരുണിനെ പിടിക്കാത്തതിന് പിന്നിൽ ഭരണകക്ഷി സമ്മർദ്ദമാണെന്ന ആക്ഷേപത്തിന് അടിവരയിടുന്ന സംഭവമാണ് ഇതെന്നും ചർച്ച ഉയരുകയാണ്. ഇവരുടെ ജന്മദിനാഘോഷ പരിപാടി സാമൂഹിക മാധ്യമങ്ങളിൽ വൈറാലായതോടെയാണ് പൊലീസ് വിവരം അറിയുന്നത്.

പെരുമ്പാവൂരിലെ കൊടുംകുറ്റവാളി അനസിന്‍റെ സംഘത്തിൽപ്പെട്ട ഷാനിന്‍റെ വീട്ടിൽ ഞായറാഴ്ച നടന്നത് ക്വട്ടേഷൻ ആസൂത്രണ യോഗമായിരുന്നോയെന്ന സംശയവും ഉയരുന്നുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ തേടി രഹസ്യന്വേഷണ വിഭാഗം ഓട്ടം തുടങ്ങിയിട്ടുണ്ട്. പിടികിട്ടാപുള്ളികളടക്കം ആഘോഷത്തിനായി സംഘടിച്ചത് പൊലീസിനും നാണക്കേടായിരിക്കുകയാണ്.

Tags:    
News Summary - quotation team meeting in Cherthala challenging police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.