തിരുവനന്തപുരം: എ.ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരായ വിജിലന്‍സ് അന്വേഷണശിപാര്‍ശ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പൂഴ്ത്തിയെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ശനിയാഴ്ച സമര്‍പ്പിക്കണമെന്ന് ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവിട്ടു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ച സാവകാശം വേണമെന്ന വിജിലന്‍സ് ലീഗല്‍ അഡൈ്വസറുടെ ആവശ്യം കോടതി തള്ളി. ഹരജിയോടൊപ്പമുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ഉത്തരവ് പറയാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
ഗതാഗത കമീഷണറായിരിക്കെ ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമനഅഴിമതിയും നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു.
പിന്നീട് ചുമതലയേറ്റ എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടത്തെി. വിജിലന്‍സ് അന്വേഷണം ശിപാര്‍ശചെയ്ത് തച്ചങ്കരി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് സെക്രട്ടറി തലത്തില്‍ നടത്തിയ അന്വേഷണം തച്ചങ്കരിയുടെ കണ്ടത്തെല്‍ ശരിവെച്ചു. വകുപ്പ് സെക്രട്ടറിയും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തുടര്‍ന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍കൂടി ഒപ്പിട്ട ശിപാര്‍ശ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് കൈമാറി. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാതെ ചീഫ് സെക്രട്ടറി ശിപാര്‍ശ പൂഴ്ത്തിയെന്നാരോപിച്ച് പാഴ്ച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്.
ശ്രീലേഖക്കെതിരായ പരാതി അടിസ്ഥാനരഹിതമെന്ന് നിഗമനം
സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം എ.ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് കൈമാറിയ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് പ്രാഥമികനിഗമനം. ശ്രീലേഖ ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരിക്കെ നടത്തിയ സ്ഥലംമാറ്റങ്ങളിലും മറ്റും ക്രമക്കേടുണ്ടെന്ന പരാതിക്കുപിന്നില്‍ നിക്ഷിപ്തതാല്‍പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായി ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരുന്നപ്പോള്‍ തൃശൂരിലെ ബസുടമ നല്‍കിയ പരാതിയാണ് റിപ്പോര്‍ട്ടിനാധാരം. ശ്രീലേഖ അധികാരദുര്‍വിനിയോഗം നടത്തി, സ്ഥലംമാറ്റങ്ങളില്‍ ക്രമക്കേട് നടന്നു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുണ്ടായിരുന്നത്. എന്നാല്‍, ശ്രീലേഖയോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ തച്ചങ്കരി ബസുടമയെ മുന്നില്‍നിര്‍ത്തി കളിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ടായിരുന്നു.
പരാതി പരിശോധിച്ച തച്ചങ്കരി ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് കൈമാറി. ഇത് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ പലതും അടിസ്ഥാനരഹിതമാണെന്ന നിഗമനത്തില്‍ ചീഫ് സെക്രട്ടറി എത്തുകയായിരുന്നു. അതേസമയം, തച്ചങ്കരി തന്നോടുള്ള വിരോധം തീര്‍ക്കാന്‍ അവിഹിതനീക്കങ്ങള്‍ നടത്തുകയാണെന്ന് ശ്രീലേഖ പ്രതികരിച്ചു. താന്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ക്രമക്കേട് നടന്നെന്ന് ആരോപിക്കപ്പെടുന്ന ബസ്പെര്‍മിറ്റുകള്‍ നല്‍കിയത് തന്‍െറ കാലത്തല്ളെന്നും അവര്‍ ‘മാധ്യമ’ ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.