ശ്രീലേഖയുടെ വെളിപ്പെടുത്തൽ അനുചിതം, ദുരൂഹം -വനിത കമീഷൻ

കോഴിക്കോട്: മുൻ ഡി.ജി.പി ആർ. ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തൽ ഉചിതമായില്ലെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. വർഷങ്ങളോളം കേരളത്തിന്‍റെ പൊലീസ് സേനക്കകത്ത് ഉന്നതമായ സ്ഥാനം അലങ്കരിച്ച ഓഫിസർ വിരമിച്ചശേഷം പൊടുന്നനെ ഇത്തരം വെളിപ്പെടുത്തലുകൾ നടത്തുന്നത് ഒരു തരത്തിലും ഉചിതമല്ലെന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസിൽ മുൻ വനിത പൊലീസ് ഉദ്യോഗസ്ഥ തന്നെ സ്വമേധയാ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ നടത്തുന്നത് പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി ലഭിക്കാൻ വേണ്ടിയാണോ എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ട്.

ശ്രീലേഖയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച കാര്യങ്ങൾ അന്വേഷണ ഏജൻസികൾ പരിശോധിക്കട്ടെയെന്നും സതീദേവി അഭിപ്രായപ്പെട്ടു. അതിജീവിതക്ക് നീതി ലഭിക്കണമെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. സർവിസിലിരിക്കുന്ന സമയത്ത് സംഭവിച്ച മറ്റു ചില കാര്യങ്ങളെക്കുറിച്ചും ശ്രീലേഖ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. പൾസർ സുനി മറ്റു നടികളെ ഉപദ്രവിച്ചു എന്നു പറയുന്ന അവർ സർവിസിലിരിക്കുന്ന സമയത്ത് ഇതേക്കുറിച്ച് പറയുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ കൂടുതൽ അഭിമാനം തോന്നുമായിരുന്നു. വിരമിച്ചതിനുശേഷം നടത്തുന്ന ഇത്തരം വെളിപ്പെടുത്തലുകൾ ദുരൂഹത ഉണ്ടാക്കുന്നതാണെന്നും സതീദേവി കൂട്ടിച്ചേർത്തു.

വാട്സ്ആപ് സന്ദേശം പുറത്ത്

കൊച്ചി: മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയുമായി ന‌ടൻ ദിലീപ് ഒരു വർഷം മുമ്പ് നടത്തിയ വാട്സ്ആപ് സന്ദേശം പുറത്തുവന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ വെള്ളപൂശുന്ന ശ്രീലേഖയുടെ നിലപാട് വിവാദമായ സാഹചര്യത്തിൽ ഇവർ തമ്മിലെ മുൻപരിചയവും സൗഹൃദവും വ്യക്തമാക്കുന്ന ആശയവിനിമയം പുറത്തുവന്നത്. 2021 മേയ് 23ലെ സന്ദേശങ്ങളാണിവ.

യുട്യൂബ് ചാനലിനെക്കുറിച്ച് ശ്രീലേഖ സംസാരിക്കുന്നതും സമയം കിട്ടുമ്പോൾ കാണണമെന്ന് ദിലീപിനോട് നിർദേശിക്കുന്നതും ഇതിലുണ്ട്. ശ്രീലേഖയോട് സംസാരിക്കാൻ കഴിഞ്ഞതിൽ ദിലീപും സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. യുട്യൂബ് ചാനൽ ലിങ്കുകളാണ് കൂടുതലും ഷെയർ ചെയ്തത്.

ശ്രീലേഖയുടെ വെളിപ്പെടുത്തൽ: നടപടിക്രമങ്ങളായില്ല

കൊച്ചി: ദിലീപിനെ 'കുറ്റമുക്തനാക്കി'യ മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയുടെ മൊഴിയെടുക്കാനും ക്രിമിനൽ കോടതിയലക്ഷ്യം സ്വീകരിക്കാനുമുള്ള പ്രോസിക്യൂഷൻ നടപടികളിൽ തീരുമാനമായില്ല. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായി മൊഴിയെടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. എന്നാൽ, ഇക്കാര്യങ്ങളിൽ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ല. ഈ മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നതിനാൽ മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ശ്രീലേഖയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മൊഴിയെടുക്കാനും വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനും സമയം വേണ്ടിവരും. അതിനാൽ, കോടതിയെ സമീപിച്ച് സമയം നീട്ടി വാങ്ങേണ്ടതുണ്ട്. കൂടാതെ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അനുമതിയും തേടണം. ഇതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കണം.

അതേസമയം, ഇരയോ മറ്റാരെങ്കിലുമോ നിയമ നടപടികളുമായി മുന്നോട്ട് വരുമെന്ന പ്രതീക്ഷയും പ്രോസിക്യൂഷനുണ്ട്. ശ്രീലേഖക്കെതിരെ തൃശൂരിൽ നൽകിയത് പോലെ കൂടുതൽ ഇടങ്ങളിൽ പരാതികൾ നൽകാനുള്ള നീക്കങ്ങളുണ്ട്. അങ്ങനെയെങ്കിൽ നേരിട്ട് പരാതികളുമായി നീങ്ങാതെ ഈ കേസുകളെ പിന്തുണക്കാനുള്ള നടപടികളാവും പ്രോസിക്യൂഷനിൽ നിന്നുണ്ടാവുക. ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പ്രോസിക്യൂഷൻ തന്നെ നേരിട്ട് ചെയ്യേണ്ടതുണ്ടോയെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. കോടതിയലക്ഷ്യമെടുക്കണമെന്നാവശ്യപ്പെട്ട് പരാതികളുണ്ടായാൽ അവർക്കൊപ്പം നിൽക്കുകയെന്ന നിലപാട് സ്വീകരിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.

കോടതി പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അനാവശ്യ പരാമർശം നടത്തിയ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടികളാകാമെന്ന നിയമോപദേശമാണ് പ്രോസിക്യൂഷന് ലഭിച്ചത്. ഇതിനായി ആദ്യം അനുമതി തേടി അഡ്വക്കറ്റ് ജനറലിന് അപേക്ഷ നൽകണം. ശ്രീലേഖക്കെതിരെ നടപടികൾ ആവശ്യപ്പെട്ട് നിയമപരമായി നീങ്ങുന്നവർക്ക് പിന്തുണയും സഹായവും നൽകുമെന്ന നിലപാടാണ് ഇപ്പോൾ പ്രോസിക്യൂഷൻ സ്വീകരിച്ചിട്ടുള്ളത്.

Tags:    
News Summary - R Sreelekha's disclosure inappropriate, mysterious -Women's Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.