കോഴിക്കോട്: മുഈനലി തങ്ങളെ അസഭ്യം പറഞ്ഞ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി മുസ് ലിം ലീഗിലെ സജീവ പ്രവർത്തകനും സംസ്ഥാന കമ്മിറ്റി ഓഫിസിലെ സ്ഥിരം സാന്നിധ്യവുമായ റാഫി പുതിയകടവ്. ഏത് ലീഗ് നേതാവിനെ കുറിച്ച് പറഞ്ഞാലും എതിർക്കുമെന്ന് റാഫി പുതിയകടവ് വ്യക്തമാക്കി.
ലീഗ് നേതാക്കളെ അനാവശ്യമായി വിമർശിച്ചതിനാണ് ഇടപ്പെട്ടത്. പാർട്ടി ഉണ്ടായിട്ടാണ് ഇവരെല്ലാം ഉണ്ടായത്. ഹൈദരലി തങ്ങൾക്കാണ് ഇതിന്റെ ക്ഷീണമുണ്ടാകുന്നത്. പാണക്കാട് കുടുംബത്തിൽ നിന്ന് ഒരാൾ വന്ന് പാർട്ടിയെയും നേതാക്കളെയും തേജോവധം ചെയ്യാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും റാഫി ചൂണ്ടിക്കാട്ടി.
ഞാൻ സാധാരണ ലീഗ് പ്രവർത്തകനാണ്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തിയാണ് ഹൈദരലി തങ്ങൾ. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലേക്ക് മുഈനലി വിളിക്കാതെ വന്നതാണ്. നേതാക്കളെ തേജോവധം ചെയ്ത മുഈനലിക്കെതിരെ പ്രതികരിച്ചതിന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് നിരവധി തന്നെ വിളിച്ചു പിന്തുണച്ചിരുന്നു. ഹൈദരലി തങ്ങളുടെ എല്ലാ വിഷമങ്ങൾക്ക് പിന്നിൽ മുഈനലിയാണെന്നും അസഭ്യം പറഞ്ഞ സംഭവത്തിൽ ഖേദമുണ്ടെന്നും റാഫി മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി പത്രമായ ചന്ദ്രികക്കെതിരായ ആരോപണങ്ങൾ ഖണ്ഡിക്കാൻ മുസ്ലിം ലീഗ് ആസ്ഥാനത്ത് വ്യാഴാഴ്ച വിളിച്ച വാർത്തസമ്മേളനത്തിലാണ് നാടകീയരംഗങ്ങൾ ഉണ്ടായത്. പാർട്ടിയുടെ നിയമപരമായ കാര്യങ്ങളുടെ ചുമതലയുള്ള അഡ്വ. മുഹമ്മദ് ഷായോടൊപ്പമാണ് ഹൈദരലി തങ്ങളുടെ മകൻ കൂടിയായ മുഈനലി തങ്ങൾ വാർത്തസമ്മേളനത്തിനെത്തിയത്. കണക്കുകൾ നിരത്തി മുഹമ്മദ് ഷാ പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് മുഈനലി തങ്ങൾ ഇടപെട്ടത്.
പാണക്കാട് കുടുംബം ശിഹാബ് തങ്ങളുടെ കാലം മുതൽതന്നെ പാർട്ടി സാമ്പത്തികകാര്യങ്ങളിൽ ഇടപെടാറില്ലെന്ന് മുഈനലി വ്യക്തമാക്കി. ചന്ദ്രികയുടെ പണമിടപാട് നടത്തിയത് ഫിനാൻസ് ഡയറക്ടറായ മുഹമ്മദ് ഷമീറാണ്. കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യേണ്ട ഫണ്ട് വിശ്വസ്തനായ ഷമീറിനെ ഏൽപിച്ച കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്നും മുഈനലി തുറന്നടിച്ചു.
വാർത്തസമ്മേളനം തുടരുന്നതിനിടെ സംസ്ഥാന കമ്മിറ്റി ഓഫിസിലെ സ്ഥിരം സാന്നിധ്യമായ റാഫി പുതിയകടവ് മുഈനലി തങ്ങൾക്കെതിരെ ഭീഷണി മുഴക്കി പാഞ്ഞടുത്തത്. 'കുഞ്ഞാലിക്കുട്ടിക്കെതിരെ പറയാൻ നീ ആരാണെടോ' എന്ന് ചോദിച്ച റാഫി 'പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്നും' ഭീഷണിമുഴക്കി. പിന്നീട് തെറിയഭിഷേകം നടത്തിയ ഇയാളെ ലീഗ് ഓഫിസിലുണ്ടായിരുന്ന മറ്റു പ്രവർത്തകർ പിടിച്ചു മാറ്റുകയായിരുന്നു.
മുമ്പ് ഐസ്ക്രീം കേസിൽ ഇരകളുടെ മൊഴിമാറ്റിയ സംഭവത്തിലും ഇന്ത്യാവിഷൻ ആക്രമണക്കേസിലും ഉൾപ്പെട്ടയാളാണ് റാഫിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.