കൽപറ്റ: ഇരുട്ട് വകഞ്ഞുമാറ്റി അകക്കണ്ണിലെ കാഴ്ചകളിൽനിന്ന് കവിത രചിച്ച നിഷ പി.എസിന് അംഗീകാരമായി ലഭിച്ച അക്ഷരവീട് രാഹുൽ ഗാന്ധി എം.പി സമർപ്പിച്ചു. വയനാട് മുട്ടിൽ പഞ്ചായത്തിലെ മാനിക്കുനിയിലാണ് കവയിത്രി നിഷക്കുള്ള ആദരവും അംഗീകാരവുമായി 'ങ്ങ' അക്ഷരവീട് നിർമിച്ചത്. 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണി-എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് അക്ഷരവീട് പദ്ധതി നടപ്പാക്കുന്നത്.
ജീവിതയാത്രയിൽ കാഴ്ച നഷ്ടപ്പെട്ടതോടെ ഇരുട്ടുപരന്ന വഴിയിൽ അക്ഷരവെളിച്ചം വിതറിയ നിഷയുടെ സ്വപ്നം സാക്ഷാത്കരിച്ചതിെൻറ ആഹ്ലാദത്തിനൊപ്പം അക്ഷരവീട് എന്ന മലയാളത്തിെൻറ മധുരമുള്ള ദൗത്യത്തിന് രാഹുൽ അഭിനന്ദനം അറിയിച്ചു. 'മാധ്യമം' സി.ഇ.ഒ പി.എം. സാലിഹ്, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവരുടെ സാന്നിധ്യത്തിലാണ് രാഹുൽ ഗാന്ധി അക്ഷരവീടിെൻറ ഫലകം കൽപറ്റയിൽ നിഷക്ക് കൈമാറിയത്.
കെ.സി. വേണുഗോപാൽ എം.പി, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ്, വി.എ. മജീദ് എന്നിവർ സംബന്ധിച്ചു. നിഷയുടെ മകൻ മോഹിത്, മാതാവ് എൻ.കെ. സുഭദ്ര എന്നിവരും ഒപ്പമുണ്ടായിരുന്നു. മലയാളത്തിെൻറ മധുരാക്ഷരങ്ങൾ ചേർത്തുനിർത്തി സമർപ്പിക്കുന്ന അക്ഷരവീട് ഹാബിറ്റാറ്റ് ഗ്രൂപ് ചെയർമാൻ ജി. ശങ്കറാണ് രൂപകൽപന ചെയ്തത്.
വയനാട് ജില്ലയിലെ രണ്ടാമത്തെ അക്ഷരവീടാണ് നിഷക്ക് സമർപ്പിച്ചത്. നിഷയുടെ വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കിയത് മീഡിയവൺ ചാനലിലെ സ്നേഹസ്പർശം പരിപാടിയായിരുന്നു. അകക്കണ്ണിൽ വിരിഞ്ഞ ആകാശവും ഭൂമിയും ദു:ഖവും സന്തോഷവും നിറച്ച്, അന്ധതക്കുമുന്നിൽ വഴിമുട്ടി നിൽക്കാതെ എഴുതിയതാണ് നിഷയുടെ കൊച്ചുചിറകുകളുള്ള കവിതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.