തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കോൺഗ്രസ് പ്രാദേശിക പാര്‍ട്ടിയായെന്ന് എം.വി. ഗോവിന്ദന്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ മത്സരിക്കേണ്ടത് എൽ.ഡി.എഫിനോടല്ല. ബി.ജെ.പിയോടാണ്. എന്നാൽ, രാഹുൽ മത്സരിക്കരുതെന്ന് അപേക്ഷിക്കില്ല. കേരളത്തിൽ ബി.ജെ.പി ശക്തമല്ല. ഒരു സീറ്റുപോലും കിട്ടുന്ന പാർട്ടിയല്ല. ഇന്ത്യ മുന്നണിയുടെ വിശാല കേന്ദ്രങ്ങളിലൊന്ന് കേരളമാണ്.
ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് തോറ്റു. കോണ്‍ഗ്രസിന്റെ പരാജയം സംഘടനാപരവും രാഷ്ട്രീയവുമാണ്. മൂന്നു സംസ്ഥാന ഭരണം മാത്രമാണ് കോൺഗ്രസിനുള്ളത്. ഹിന്ദി ഹൃദയഭൂമിയില്‍ ഹിമാചല്‍ പ്രദേശ് മാത്രം. തെലങ്കാനയിൽ എം.എല്‍.എമാരെയും കൊണ്ടുള്ള നെട്ടോട്ടം ആരംഭിച്ചുവെന്ന് വാര്‍ത്തയുണ്ട്. സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയട്ടെയെന്നാണ് ആഗ്രഹം.
സൂക്ഷ്മമായി പരിശോധിച്ചാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ടുവെക്കാനാകുന്നില്ല എന്നതാണ് പ്രശ്നം. കോണ്‍ഗ്രസ് ഒരു ബദല്‍ രാഷ്ട്രീയം മുന്നോട്ടുവെക്കാതെ ബി.ജെ.പിക്ക് ബദലാകാന്‍ പറ്റില്ല. ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കാൻ കഴിയാത്തനിലയിലേക്ക് കോൺഗ്രസ് മുട്ടുകുത്തി. ബി.ജെ.പിയെ തോൽപിച്ചില്ലെങ്കിൽ രാജ്യത്ത് ജനാധിപത്യം ഇല്ലാതാകും.
ഇന്ത്യ മുന്നണിയിലൂടെ ഓരോ സംസ്ഥാനത്തെയും ഓരോ യൂനിറ്റായി എടുക്കണം. അവിടെയെല്ലാം ബി.ജെ.പി വിരുദ്ധ വോട്ട് ഛിന്നഭിന്നമാകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.