പരിശോധനയിൽ കണ്ടത്​ പഴകിയ മാംസം, കാലാവധി കഴിഞ്ഞ പാൽ, മാലിന്യവെള്ളം കെട്ടിക്കിടക്കുന്ന അടുക്കളകൾ...

കാസർകോട്​: ദിവസങ്ങൾ പഴക്കമുള്ള ഇറച്ചി, കാലാവധി കഴിഞ്ഞ പാൽ പാക്കറ്റുകൾ, കാൽപാദം മൂടുംവിധം മാലിന്യവെള്ളം നിറഞ്ഞ കുടുസ്സായ അടുക്കളകൾ, പ്ലാസ്റ്റിക്​ ബക്കറ്റുകളിൽ സൂക്ഷിക്കുന്ന ചൂടുവെള്ളം... ഭക്ഷ്യ സുരക്ഷവകുപ്പ്​ ഉദ്യോഗസ്ഥർ നഗരത്തിലെ ഏതാനും ഹോട്ടലുകളിൽ ഞായറാഴ്ച വൈകീട്ട്​ നടത്തിയ പരിശോധനയിൽ കണ്ട കാഴ്ചകളാണിത്​. ഫ്രീസറുകളിൽ കുത്തിനിറച്ചുവെച്ച കോഴി​യിറച്ചിയും വൃത്തിഹീനമായ സാഹചര്യത്തിലാണ്​ സൂക്ഷിച്ചത്​. നഗരത്തിൽ പരിശോധന നടത്തിയ മുഴുവൻ അടുക്കളകളിലും വൃത്തികുറവാണെന്ന്​ ഉദ്യോഗസ്ഥർ പറഞ്ഞു​.

ഇത്തരം സ്ഥാപനങ്ങൾക്ക്​ നോട്ടീസ്​ നൽകി. എം.ജി റോഡിൽ പ്രവർത്തിച്ചിരുന്ന കൊഞ്ചി എന്ന ഷവർമ കട അടച്ചുപൂട്ടി. പുതിയ ബസ് സ്റ്റാന്‍ഡ്​ ഷോപ്പിങ്​ കോംപ്ലക്സിലെ സംസം ഹോട്ടലിന്​ നിന്ന് പിഴയിട്ടു. പെയിന്‍റ്​ ബക്കറ്റിൽ സൂക്ഷിച്ച ചിക്കനും കാലാവധി കഴിഞ്ഞ പാലും ഇവിടെനിന്ന്​ പിടികൂടി.

വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിച്ച മുട്ടയും പിടിച്ചെടുത്തു. വിവിധ കൂൾ ബാറുകൾ, പഴം പച്ചക്കറി കടകൾ, ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. കൂൾബാറുകളിലെ ജലത്തി‍െൻറ സാമ്പിളെടുത്ത് പരിശോധനക്കയച്ചു.

ഓൾഡ്‌ പ്രസ്‌ക്ലബ്‌ ജങ്‌ഷനിൽ ബേക്ക് പാലസ് ബേക്കറിയിൽനിന്ന് 20 കിലോ ഗ്രിൽഡ് ചിക്കൻ പിടികൂടി നശിപ്പിച്ചു. പാചകം ചെയ്യുന്നതിലെ അശാസ്ത്രീയതയാണ് കാരണം. 10,000 മുതൽ 15,000വരെ തുകയാണ്​ പിഴയിട്ടത്​. സ്ഥാപനത്തി‍െൻറ വിറ്റുവരവ്​ കൂടി കണക്കാക്കിയാണ്​ പിഴ തുക നിശ്ചയിക്കുന്നത്​.

ഭക്ഷ്യ സുരക്ഷ അസി. കമീഷണർ ജോൺ വിജയകുമാർ, ഫുഡ്​ സേഫ്​റ്റി ഓഫിസർമാരായ കെ.പി. മുസ്തഫ, എസ്​. ഹേമാംബിക, ജീവനക്കാരൻ വി.കെ. സഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചെറുവത്തൂരിൽ ഷവർമ കഴിച്ച്​ വിഷബാധയേറ്റ്​ വിദ്യാർഥിനി മരിച്ച സാഹചര്യത്തിലാണ്​ ഭക്ഷ്യ സുരക്ഷ വകുപ്പ്​ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ തീരുമാനിച്ചത്​. ഞായറാഴ്ച അവധിയും ഒഴിവാക്കിയാണ്​ ജില്ലയിൽ ഉദ്യോഗസ്ഥർ പരിശോധനക്ക്​ എത്തിയത്​.

Tags:    
News Summary - raids conducted by the Food Safety Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.