കൊച്ചി: കരാറുകാരുടെ ലൈസൻസ് ഫീസും സെക്യൂരിറ്റിയും വർധിപ്പിച്ച ധനവകുപ്പിന്റെ ജനുവരി 20ലെ ഉത്തരവ് പിൻവലിക്കാൻ ധാരണയായി. ലൈസൻസ് പുതുക്കാനുള്ള സമയം മേയ് 31വരെ ദീർഘിപ്പിച്ചു. മാർച്ച് 31ന് കാലാവധി അവസാനിക്കുന്ന ലൈസൻസിന് മേയ് 31വരെ കാലാവധി ഉണ്ടായിരിക്കും.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന ചർച്ചയിലാണ് ധാരണയായത്. പ്രശ്നങ്ങളുടെ തുടർനടപടി വിലയിരുത്താനും ഉത്തരവുകൾ വേഗത്തിലാക്കാനും വേണ്ടി ഏകോപന സമിതി പ്രതിനിധികളുമായി വ്യാഴാഴ്ച വിശദമായ ചർച്ച നടത്തും. ബുധനാഴ്ച കരാറുകാർ നടത്താൻ നിശ്ചയിച്ചിരുന്ന നിയമസഭ മാർച്ച് ഉപേക്ഷിച്ചു.
എ, ബി, സി, ഡി ക്ലാസുകളിൽപെട്ട സർക്കാർ കരാറുകാരുടെ ലൈസൻസുകൾക്കുള്ള സെക്യൂരിറ്റി യഥാക്രമം ആറ് ലക്ഷം, മൂന്ന് ലക്ഷം, ഒന്നര ലക്ഷം, 75,000 എന്നിങ്ങനെയാണ് വർധിപ്പിച്ചത്. ഉത്തരവ് പിൻവലിച്ചതോടെ ഇത് പഴയ നിരക്കായ രണ്ട് ലക്ഷം, ഒരു ലക്ഷം, അരലക്ഷം, കാൽ ലക്ഷം എന്നതിലേക്ക് മാറി. ലൈസൻസ് ഫീസ് 9000, 6000, 3000, 1500 എന്നത് 3000, 2000, 1000, 500 എന്നിങ്ങനെയുമായി മാറി. ടോറസ്, ടിപ്പർ എന്നിവയിൽ പരമാവധി കയറ്റാവുന്ന ലോഡിന്റെ ഭാരപരിധി (ടണ്ണേജ്) ഉയർത്തണമെന്ന കരാറുകാരുടെ ആവശ്യം പരിഗണിച്ചില്ല.
കോൺട്രാക്ടർമാർക്ക് എടുക്കാവുന്ന ഒരു ജോലിയുടെ പരമാവധി അടങ്കൽ (ബിഡ് കപ്പാസിറ്റി) തുകയും പഴയപടി തുടരും. എ ക്ലാസുകാർക്ക് മുൻകൂർ യോഗ്യതയില്ലാതെ അഞ്ച് കോടി, ബി ക്ലാസ് 2.5 കോടി, സി ക്ലാസ് ഒരു കോടി, ഡി ക്ലാസ് 25 ലക്ഷം ആണ് ബിഡ് കപ്പാസിറ്റി. വ്യാഴാഴ്ച നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ തുടർസമരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി കൺവീനർ വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ പൊതുമരാമത്ത് സെക്രട്ടറി, ചീഫ് എൻജിനീയർമാർ, ഏകോപന സമിതി ഭാരവാഹികളായ കെ.ജെ. വർഗീസ്, രാജേഷ് മാത്യു, സണ്ണി ചെന്നിക്കര, പോൾ ടി. മാത്യു, എം.കെ. ഷാജഹാൻ, പി.വി. കൃഷ്ണൻ, കെ. അനിൽ കുമാർ, വർഗീസ് കണ്ണമ്പള്ളി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.