കൊച്ചി: ''അഭയ സിസ്റ്ററിനെ ഞാനെെൻറ മക്കളെപോലെയാ കണ്ടത്. അതുകൊണ്ടാ ആ കൊച്ചിന് നീതി കിട്ടും വരെ ഒപ്പം നിന്നത്. ഇപ്പൊ നിങ്ങടെ മക്കളും എെൻറ സ്വന്തം മക്കളെ പോലെത്തന്നെയാ. കൂടെയുണ്ടാവും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ'' വാളയാറിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടികളുടെ മാതാപിതാക്കളോട് അഭയ കൊലക്കേസിലെ മുഖ്യസാക്ഷി രാജു ഇതു പറയുമ്പോൾ ആ അമ്മയുടെ സ്വതവേ കരഞ്ഞുകലങ്ങിയ കണ്ണുകൾ ഒന്നുകൂടി നിറഞ്ഞൊഴുകി.
അഭയയുടെ പോരാളികൾ വാളയാർ അമ്മയോടൊപ്പം എന്ന പേരിൽ വാളയാർ നീതി സമരസമിതി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഒപ്പമുണ്ടാവുമെന്ന് പറഞ്ഞ രാജു ആ കുടുംബത്തെ ചേർത്തുപിടിച്ച രംഗം കണ്ടു നിന്നവരെയും വികാരാധീനരാക്കി. സിസ്റ്റർ അഭയയുടെ കേസിൽ നീതി കിട്ടിയപ്പോൾ അനുഭവിച്ച സംതൃപ്തി ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞുകൊണ്ട് അദ്ദേഹം ഐക്യദാർഢ്യപ്രഖ്യാപനവും നടത്തി. എത്ര സമ്മർദം ഉണ്ടായാലും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ ഉണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് തെൻറ ജീവിതത്തിെൻറ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.
കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നടന്ന പരിപാടി അഭയയുടെ നീതിക്കായി വർഷങ്ങളോളം പോരാടിയ ജോമോൻ പുത്തൻപുരക്കൽ ഉദ്ഘാടനം ചെയ്തു. അഭയ കേസിൽ നീതി ലഭിക്കുമെന്ന് വിശ്വസിച്ചവർ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പോരാട്ടം തുടരാൻ തീരുമാനിച്ചതാണ് വിജയത്തിന് കാരണം. ദൈവം ഇരയോടൊപ്പമാണ് എന്നതിെൻറ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരസമിതി അധ്യക്ഷൻ വിളയോടി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.