രാജ്യസഭ: രണ്ടും ഉറപ്പിച്ച് സി.പി.എം

തിരുവനന്തപുരം: ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റ് ഏറ്റെടുക്കാൻ സി.പി.എമ്മും ഒന്നിൽ സി.പി.ഐയും എൽ.ജെ.ഡിയും കണ്ണ് വെക്കുകയും ചെയ്തതോടെ ധാരണയിലെത്താൻ ചർച്ചകളിലേക്കും മുന്നണി യോഗത്തിലേക്കും ഇടതുമുന്നണി. മൂന്നിൽ രണ്ട് സീറ്റ് ജയിക്കാൻ എൽ.ഡി.എഫിന് സാധിക്കും.

സി.പി.എമ്മിലെ കെ. സോമപ്രസാദ്, എൽ.ജെ.ഡിയിലെ എം.വി. ശ്രേയാംസ്കുമാർ എന്നിവരുടെ സീറ്റാണ് എൽ.ഡി.എഫിൽ ഒഴിവുവരുന്നത്. ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ എം.പിമാരുടെ എണ്ണം വർധിപ്പിക്കണമെന്ന നിലപാടാണ് സി.പി.എമ്മിന്. രാജ്യത്ത് ഭരണത്തിലുള്ള ഏക സംസ്ഥാനമെന്ന നിലയിൽ കേരളത്തിലാണ് അതിന് സാധ്യത കാണുന്നത്.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ 18 സീറ്റെങ്കിലും നേടാനാണ് സി.പി.എം ശ്രമം. ഈ സാഹചര്യത്തിൽ ജയിക്കാൻ കഴിയുന്ന രണ്ട് സീറ്റും വേണമെന്ന അഭിപ്രായമാണ് സി.പി.എമ്മിന്. എന്നാൽ രണ്ട് സീറ്റ് ഒഴിവുവന്നാൽ ഒന്ന് തങ്ങൾക്ക് നൽകാമെന്ന ഉറപ്പ് സി.പി.എം പാലിക്കണമെന്നാണ് സി.പി.ഐ നിലപാട്. യു.ഡി.എഫിന്‍റെ ഭാഗമായപ്പോൾ വീരേന്ദ്രകുമാറിന് ലഭിച്ച സീറ്റിന്‍റെ ബാക്കി കാലയളവാണ് ശ്രേയാംസ് കുമാറിന് ലഭിച്ചതെന്നും ഒഴിവുവരുന്ന സീറ്റിൽ ഒന്ന് പാർട്ടിക്ക് അവകാശപ്പെട്ടതെന്ന അഭിപ്രായമാണ് എൽ.ജെ.ഡി നേതൃത്വത്തിന്. കോഴിക്കോട് ചേർന്ന സംസ്ഥാന ഭാരവാഹിയോഗം ഒരു സീറ്റ് അവകാശെപ്പടാൻ തീരുമാനിച്ചു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ.എ. റഹീമടക്കമുള്ളവരുടെ പേര് പരിഗണനയിലുണ്ട്. സംസ്ഥാന സമ്മേളന ശേഷമുള്ള ആദ്യ സംസ്ഥാന സമിതി ബുധനാഴ്ച ചേരുന്നുണ്ട്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് പ്രമേയത്തിന് അംഗീകാരം നൽകുകയാണ് അജണ്ട. 

Tags:    
News Summary - Rajya Sabha: CPM confirms two seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.