തിരുവനന്തപുരം: എൽ.ഡി.എഫിനായി വോട്ട് ചെയ്ത 97 അംഗങ്ങളിൽ ഒരു എം.എൽ.എയുടെ വോട്ടാണ് അസാധുവായത്. ബാലറ്റ് പേപ്പറിൽ സ്ഥാനാർഥിയുടെ പേരിന് നേർക്ക് വലതുഭാഗത്തായി '1' എന്ന് അക്കത്തിൽ രേഖപ്പെടുത്തിയാലാണ് വോട്ട് ചെയ്തതായി കണക്കാക്കുന്നത്. പക്ഷേ, ഒരംഗം 'ടിക്' രേഖപ്പെടുത്തിയശേഷം അതിനെ '1' ആക്കി. വോട്ടെണ്ണൽ വേളയിൽ ഇത് ചൂണ്ടിക്കാട്ടി യു.ഡി.എഫ് അംഗങ്ങളായ മാത്യു കുഴൽനാടനും എൻ. ഷംസുദ്ദീനും തടസ്സവാദം ഉയർത്തി. എൽ.ഡി.എഫ് അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, എം. രാജഗോപാലൻ, ജോബ് മൈക്കിൾ എന്നിവർ എതിർവാദം ഉയർത്തിയെങ്കിലും വരണാധികാരിയായ നിയമസഭ സെക്രട്ടറി ബാലറ്റ് പരിശോധിച്ച് അസാധുവായി പ്രഖ്യാപിച്ചു.
ഏത് അംഗമാണ് അസാധുവാക്കിയതെന്ന് കണ്ടെത്താൻ ബാലറ്റ് പേപ്പറിെൻറ കൗണ്ടർഫോയിൽ പരിശോധിക്കണം. സി.പി.എം മന്ത്രിയുടെ േവാട്ടാണ് അസാധുവായതെന്ന് സൂചനയുണ്ട്. അസാധുവെന്ന് ഉറപ്പിച്ചതോടെ സെക്രട്ടറി ആ ബാലറ്റ് സീൽ ചെയ്ത് പ്രത്യേക കവറിലേക്ക് മാറ്റി.
ഒമ്പത് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്താനെത്തി. സ്പീക്കർ എം.ബി. രാജേഷും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അതേസമയം തന്നെ വോട്ട് ചെയ്തു. രാവിലെ 8.30ന് ചേർന്ന യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്തശേഷമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വോട്ട് രേഖപ്പെടുത്തിയത്. രമേശ് ചെന്നിത്തല രാവിലെ 11 ഒാടെ ഒറ്റക്കെത്തി വോട്ട് രേഖപ്പെടുത്തി.
കോവിഡ് ബാധിതനായ പാലാ അംഗം മാണി സി.കാപ്പൻ പി.പി.ഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ചതിനാൽ 3.30ന് സഭയിലെത്തി വോട്ട് രേഖപ്പെടുത്താനായി നിയമസഭ സെക്രട്ടേറിയറ്റിൽ പ്രത്യേക ലിഫ്റ്റ് സൗകര്യമുൾപ്പെടെ ക്രമീകരിച്ചിരുന്നു. പക്ഷേ, അദ്ദേഹം വൈകീട്ട് 3.15ന് വോട്ട് ചെയ്യാനെത്തി. എം.എൽ.എ ഇൗ നിർദേശങ്ങൾ പാലിച്ചില്ലെന്ന ആക്ഷേപമുണ്ട്.
എം.എൽ.എയെ ബന്ധപ്പെടാൻ കഴിയാത്തതിനാൽ പേഴ്സനൽ സ്റ്റാഫിനെ ക്രമീകരണങ്ങൾ അറിയിെച്ചന്നാണ് നിയമസഭ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, പേഴ്സനൽ സ്റ്റാഫിനും കാപ്പനെ ഫോണിൽ ലഭിക്കാതിരുന്നതോടെ ആശയക്കുഴപ്പമുണ്ടായെന്നാണ് വിശദീകരണം. പി.പി.ഇ കിറ്റ് ധരിച്ചെങ്കിലും സാധാരണ ലിഫ്റ്റിൽ അദ്ദേഹം കയറി. ഇതോടെ ഓപറേറ്ററായ ജീവനക്കാരിയും ആശങ്കയിലായി.
രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർഥി ശൂരനാട് രാജശേഖരനെ 40നെതിരെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 137 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി.
എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി. രാമകൃഷ്ണൻ, പി. മമ്മിക്കുട്ടി എന്നിവർ കോവിഡ് ബാധിതരായതിനാല്‍ 97 പേർ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. എന്നാല്‍, ഒരു വോട്ട് അസാധുവായി. യു.ഡി.എഫിന് 41 എം.എൽ.എമാരുടെ പിന്തുണയുണ്ടെങ്കിലും പി.ടി. തോമസ് ചികിത്സയില്‍ കഴിയുന്നതിനാല്‍ വോട്ട് ചെയ്യാനെത്തിയില്ല. കോവിഡ് ബാധിതനായിരുന്ന മാണി സി. കാപ്പന് പി.പി.ഇ കിറ്റ് ധരിച്ച് വോട്ടുചെയ്യാനെത്തി.
കേരള കോൺഗ്രസ് (എം) ചെയർമാനായിരുന്ന ജോസ് കെ. മാണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കേരള കോൺഗ്രസ് (എം) യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ എത്തിയതോടെ ജനുവരി 11നാണ് ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാർട്ടിക്ക് തന്നെ നൽകുന്ന രീതി വച്ചാണ് സീറ്റ് കേരള കോൺഗ്രസിന് തന്നെ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.