തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ജയിക്കാവുന്ന രണ്ട് സീറ്റുകളിലെയും സ്ഥാനാർഥികളെ മാർച്ച് 15ന് പ്രഖ്യാപിക്കും. ഒന്നിൽ സി.പി.എം മത്സരിക്കുമെന്നുറപ്പായി. രണ്ടാമത്തെ സീറ്റിന് നാല് ഘടകകക്ഷികൾ അവകാശം ഉന്നയിച്ചുവെങ്കിലും ഒടുവിൽ പ്രധാന സമവായ ചർച്ച സി.പി.എമ്മും സി.പി.ഐയും മാത്രമായി ചുരുങ്ങി.
വ്യാഴാഴ്ച വൈകീട്ട് എ.കെ.ജി സെന്‍ററിൽ സി.പി.എം-സി.പി.ഐ നേതൃത്വങ്ങൾ ചർച്ച നടത്തി. സി.പി.എമ്മിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൺട്രോൾ കമീഷൻ അധ്യക്ഷൻ പന്ന്യൻ രവീന്ദ്രനും പങ്കെടുത്തു. എൽ.ഡി.എഫ് ഭരണത്തിലുള്ളപ്പോൾ രാജ്യസഭ സീറ്റുകളിൽ സ്വീകരിക്കുന്ന 4:2 അനുപാതം നടപ്പാക്കണമെന്ന് സി.പി.ഐ നേതൃത്വം അറിയിച്ചു. ഈ അനുപാതം പ്രകാരം ഇപ്പോൾ ഒഴിവുവന്നതിൽ ഒന്ന് സി.പി.ഐക്ക് ന്യായമായും അവകാശപ്പെട്ടതാണെന്നും അവർ പറഞ്ഞു.
മറ്റ് ഘടകകക്ഷികളുടെ അഭിപ്രായം കൂടി കേട്ടശേഷം ബന്ധപ്പെടാമെന്ന ധാരണയിലാണ് ഉഭയകക്ഷി ചർച്ച അവസാനിച്ചത്. എൻ.സി.പി, എൽ.ജെ.ഡി, ജെ.ഡി(എസ്) കക്ഷികളും രംഗത്തുണ്ടെങ്കിലും അതിന് അവകാശവാദത്തിന് അപ്പുറം ഗൗരവം സി.പി.എം, സി.പി.ഐ നേതൃത്വം നൽകുന്നില്ല. സീറ്റ് ഒഴിയുന്ന എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ്കുമാർ മുഖ്യമന്ത്രിയെ ഒരു ചടങ്ങിലേക്ക് ക്ഷണിക്കാൻ കണ്ടപ്പോൾ തങ്ങളുടെ ആവശ്യം അറിയിച്ച് കത്ത് നൽകി. ജെ.ഡി(എസ്), എൻ.സി.പി സീറ്റിന് അവകാശം ഉന്നയിച്ചിട്ടുണ്ട്.
സി.പി.എം, സി.പി.ഐ ദേശീയ നേതൃയോഗങ്ങൾക്ക് ശേഷമാവും അന്തിമ ധാരണയിലേക്കും സ്ഥാനാർഥി നിർണയത്തിലേക്കും എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.