പി. മുജീബ്റഹ്മാൻ

രാമക്ഷേത്ര പ്രതിഷ്ഠ: ഹിന്ദുത്വ രാഷ്ട്രീയത്തെ നോര്‍മലൈസ് ചെയ്യാനുള്ള ശ്രമം -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടത്തിയും അതിലേക്ക് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ക്ഷണിച്ചുകൊണ്ടും തങ്ങളുടെ വിധ്വംസക ഹിന്ദുത്വ രാഷ്ട്രീയത്തെ സാധാരണവത്​കരിക്കാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി. മുജീബ്‌റഹ്മാന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ചിലവില്‍ ആഘോഷപൂര്‍വം രാമക്ഷേത്ര പ്രതിഷ്ഠ നടത്തുന്നത് നീതീകരിക്കാനാവില്ല. ഇന്ത്യയുടെ ബഹുസ്വരതയെയാണ് ഇതിലൂടെ വെല്ലുവിളിക്കുന്നത്.

രാമക്ഷേത്രം മതത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ പേരില്‍ നിര്‍മിക്കപ്പെട്ടതല്ല. സംഘ്പരിവാറിന്‍റെ വര്‍ഗീയ രാഷ്ട്രീയത്തില്‍ പണിതുയര്‍ത്തിയതാണ്. വിശ്വാസവുമായി ഇതിനെ കൂട്ടിക്കെട്ടാനാവില്ല. കേവലമൊരു ക്ഷേത്ര പ്രതിഷ്ഠയല്ല അയോധ്യയില്‍ നടക്കുന്നത്. അങ്ങനെ കരുതുന്നവര്‍ സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെ നിഷേധിക്കുകയാണ്. ചടങ്ങിലേക്കുള്ള ആര്‍.എസ്.എസിന്‍റെ ക്ഷണം സ്വീകരിക്കുന്നവര്‍ സംഘ്പരിവാര്‍ നടത്തുന്ന വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് അധാര്‍മികവും നീതികേടുമാണ്.

രാമക്ഷേത്ര പ്രതിഷ്ഠ നടത്തുക വഴി ആസന്നമായ പൊതുതെരഞ്ഞെടുപ്പിലെ വിജയവും ഹിന്ദുരാഷ്ട്ര നിര്‍മിതിയുമാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തോടുള്ള അവഹേളനം കൂടിയാണിത്. ഇത് മനസ്സിലാക്കി രാജ്യത്തെ മുഴുവന്‍ മതേതര കക്ഷികളും സംഘ്പരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രംഗത്തുവരണമെന്നും പി. മുജീബ് റഹ്മാന്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.