???. ???.??. ???????????

അരമാസം നോമ്പു പിടിച്ച മാലി കാലം

2003മുതല്‍ രണ്ടു വര്‍ഷം ഞാന്‍ മാലിയില്‍ ‘കുല്‍ദുഫുഷി’ ദ്വീപിലെ റീജനല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. കോഴിക്കോട്ടുനിന്ന് ഡോ. വിശ്വനാഥന്‍, ബംഗളൂരുവില്‍ നിന്നുള്ള ഡോ. കുല്‍ദീപ് വെങ്കിട്ട നരസിംഹയ്യ, മാലദ്വീപിലെ ഫാത്തിമത്, റഷീദ അലി, മറിയം അഹ്​മദ്, സാറ, മുഹമ്മദ്, ഹവ്വ റഷീദ, ഹസന്‍, ആദം തുടങ്ങിയവരാണ് എ​​െൻറ മാലി കാല സുഹൃത്തുക്കള്‍. മുസ്​ലിംകള്‍ മാത്രമുള്ള മാലിയില്‍ തലസ്ഥാന നഗരിയിലൊഴിച്ച് മറ്റു ദ്വീപുകളിലൊന്നും പകല്‍ ഒറ്റ ഹോട്ടലും തുറക്കില്ല. ഓഫിസുകളിലും ആശുപത്രികളിലുമെല്ലാം വ്രതം ഏറക്കുറെ പൂര്‍ണമായിരിക്കും. ഗര്‍ഭിണികളും രോഗികളും മാത്രമേ വ്രതമെടുക്കാത്തവരുണ്ടാവൂ. എന്നാലും, ഇതര വിശ്വാസക്കാര്‍ക്ക് ആഹാര​മെത്തിക്കാന്‍ അവര്‍ സദാ ശ്രദ്ധിക്കും. നോമ്പില്ലാത്ത എനിക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

നോമ്പുകാലം തുടങ്ങിക്കഴിഞ്ഞിട്ടും ജോലിക്കുപോകുന്ന മാലിക്കാര്‍ അതു തുടരുന്നത് ഞങ്ങളെ അദ്ഭുതപ്പെടുത്തി. കഠിനാധ്വാനം വേണ്ട ജോലികള്‍ക്കു പോലും അവര്‍ക്ക് വ്രതം തടസ്സമായില്ല. കുറച്ചുദിവസം കഴിഞ്ഞാല്‍ നിര്‍ത്തുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍, ഓരോ ദിവസം കഴിയും തോറും അവര്‍ക്ക് കൂടുതല്‍ കരുത്തു ലഭിക്കുന്നതു പോലെയാണ് തോന്നിയത്. അങ്ങനെയാണ് ഞങ്ങള്‍ക്കും നോമ്പൊന്നു പരീക്ഷിക്കണമെന്ന് മോഹമുദിച്ചത്. അപ്പോഴേക്കും നോമ്പുതുടങ്ങി രണ്ടാഴ്ച പിന്നിട്ടിരുന്നു. ആദ്യമായി നോമ്പുപിടിച്ച ദിവസം ഇടക്കുവെച്ച് തളര്‍ന്നുപോകുമെന്നും നോമ്പു മുറിക്കേണ്ടിവരുമെന്നും കരുതിയതാണ്. എന്നാല്‍, പ്രയാസങ്ങളൊന്നുമില്ലാതെ വ്രതം പൂര്‍ത്തിയാക്കി. പിന്നീട് ആ വ്രതകാലം മുഴുവന്‍ ഞങ്ങള്‍ മാലിക്കാര്‍ക്കൊപ്പം നോമ്പെടുത്തു. 

മാലിക്കാരുടെ ഇഫ്താര്‍ വിരുന്നില്‍ അവരുടേതു മാത്രമായ കുറെ വിഭവങ്ങളുണ്ട്. അതില്‍ അവരുടെ ദിവെഹി ഭാഷയില്‍ ‘ഹെദിക’ എന്നുവിളിക്കുന്ന ചെറുപലഹാരങ്ങള്‍ എനിക്ക് വളരെ ഇഷ്​ടമാണ്. വേവിച്ച മുട്ട ചെറുതായി അരിഞ്ഞ് പുഴുങ്ങിയ കാബേജും ചേര്‍ത്ത് മൈദമാവില്‍ പൊതിഞ്ഞെടുത്ത് പൊരിച്ച ‘ബിസ്കീമിയ’ ഒരു നോമ്പുകാല മാലി വിഭവമാണ്. ഹെദിക, മസ്ഹുനി, മാസ് കട്​ലറ്റ് തുടങ്ങിയവയും ഇഫ്താര്‍ മേശയിലുണ്ടാകും. ചപ്പാത്തി പോലെയുള്ള ‘റൊഷി’, ചോറ്, മീന്‍കറി, മീന്‍ പൊരിച്ചത്, കോ ഴിക്കറി തുടങ്ങിയവയുമുണ്ടാകും. ബീഫും ആടും അത്ര പ്രചാരമില്ല.

ഓരോ ദിവസവും വ്യത്യസ്ത വീടുകളിലായിരുന്നതിനാല്‍ ഞങ്ങളുടെ നോമ്പുതുറ എന്നും സമൃദ്ധമായിരുന്നു. ഊഴ​മെത്തിയപ്പോള്‍ ഞങ്ങളും ഇഫ്താര്‍ വിരുന്നൊരുക്കി അവരുടെ സന്തോഷത്തിലും പ്രാര്‍ഥനകളിലും പങ്കാളികളായി. ഞങ്ങളുടെ വീട്ടിലെത്തി വിഭവങ്ങളൊരുക്കിയത് മാലിക്കാരായ നോമ്പുകാര്‍ തന്നെയായിരുന്നു. ഞാന്‍ നോമ്പു പൂര്‍ത്തിയാക്കിയതി​െൻറ സന്തോഷത്തില്‍ റഷീദ അലിയെന്ന സഹപ്രവര്‍ത്തക ഭംഗിയുള്ള ഒരു ഖുര്‍ആന്‍ ഉപഹാരമായി നല്‍കി.

തയാറാക്കിയത്: എം. കുഞ്ഞാപ്പ 

Tags:    
News Summary - ramadan memmories of dr. s.k sureshkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.