ആലപ്പുഴ: മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ റവന്യുമന്ത്രി കെ.രാജൻ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മരം മുറിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച കളളത്തരങ്ങൾ പുറത്തു വരുമെന്നുള്ളതിനാലാണ് ഇത്തരത്തിൽ ഫയൽ പൂഴ്ത്തിവെച്ചിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. മരം മുറിയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ കലക്ട്രേറ്റിന് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് കലക്ടർ ഡോ.അദീല അബ്ദുല്ലയുടെ നോട്ടിനേയും റവന്യു ഉദ്യോഗസ്ഥരുടെ നിലപാടും മറച്ചുവെച്ചാണ് ഉത്തരവുണ്ടായത്. ഇത് രാഷ്ട്രീയ തീരുമാനമാണെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിക്കുന്നത്. താൻ അറിഞ്ഞുകൊണ്ടാണോ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങിയതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുട്ടിൽ മരംകൊള്ള കേസിലെ പ്രതി ആേന്റാ അഗസ്റ്റിനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ച് മുൻ വനം മന്ത്രിയുടെ പേഴ്സണ്ൽ സ്റ്റാഫ് ജി. ശ്രീകുമാർ രംഗത്തെത്തിയിരുന്നു. സെക്രട്ടറിയേറ്റിൽ വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. ചാനൽ മുതലാളിയെന്ന് പറഞ്ഞാണ് പരിചയപ്പെട്ടതെന്നും ശ്രീകുമാർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.