ഇടത്​ തരംഗത്തിലും രമേശിനെ ചേർത്ത് പിടിച്ച് ഹരിപ്പാട്

ഹരിപ്പാട്: തുടർച്ചയായി മൂന്നാം തവണയും ചെന്നിത്തലയെ ചേർത്ത് പിടിച്ച് ഹരിപ്പാട് മണ്ഡലം. രമേശ് ചെന്നിത്തലയുടെ വിജയം എതിരാളികൾ പോലും പ്രവചിച്ചതാണ്​. ഹരിപ്പാട് മണ്ഡലം തന്നെ കൈവിടില്ലെന്ന ചെന്നിത്തലയുടെ ആത്മവിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് ഹരിപ്പാട്ടെ തുടർ വിജയം.

യു.ഡി.എഫി​െൻറ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് വിശേഷിപ്പിക്കാവുന്ന രമേശ് ചെന്നിത്തലയെ എതിരിടാൻ തക്ക സ്ഥാനാർഥിയല്ല ആർ. സജിലാലെന്ന് എൽ.ഡി.എഫിൽതന്നെ വിമർശനം ഉയർന്നിരുന്നു. ഇടതുഭരണത്തിൽ ഏറെ തലവേദന സൃഷ്ടിച്ച രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും തറപറ്റിക്കണമെന്ന മോഹം സി.പി.എം നേതൃത്വത്തിന് ഉണ്ടായിരുന്നെങ്കിലും സി.പി.ഐക്ക് വിട്ടുനൽകിയ സീറ്റിൽ സി.പി.എമ്മിെൻറ ഇടപെടലിന് പരിമിതികൾ ഏറെയായിരുന്നു.

സി.പി.ഐയുടെ കൈയിൽനിന്നും സീറ്റ് തിരികെ വാങ്ങണമെന് സി.പി.എമ്മിനുള്ളിൽ ശക്തമായ ആവശ്യമുയർന്നെങ്കിലും പകരം മറ്റൊരു സീറ്റ് സി.പി.ഐക്ക് നൽകി സീറ്റ് സമവാക്യത്തിലെത്താൻ സാധിക്കാത്തതിനാൽ ആനീക്കവും എങ്ങുമെത്തിയില്ല, കൊല്ലം അഞ്ചൽ സ്വദേശിയും എ.ഐ.വൈ. എഫ് സംസ്ഥാന പ്രസിഡൻറുമായ അഡ്വ. ആർ. സജിലാലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ ചെന്നിത്തലക്ക് അനായാസ വിജയം പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ, സജിലാൽ പ്രചാരണ രംഗത്ത് സജീവമായതോടെ ഇടതു മുന്നണി അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് സജീവമായതോടെ പ്രചാരണം കടുത്തു.

പ്രചാരണ കാലത്ത് രമേശ് ചെന്നിത്തല തൊടുത്തുവിട്ട അഴിമതിയുടെ കൂർത്ത ആരോണശരങ്ങൾ പലതും ലക്ഷ്യസ്ഥാനത്ത് തന്നെയാണ് കൊണ്ടത്. ഇതെല്ലാം ഇടതു മുന്നണിയുടെ ഉറക്കം കെടുത്തി. ചെന്നിത്തലക്കെതിരെ അരയും തലയും മുറുക്കി രംഗത്തിറങ്ങാൻ കാരണമായി. സംസ്ഥാന തലത്തിൽ നേരത്തേ നിശ്ചയിച്ച പല പരിപാടികളും ഒഴിവാക്കി മണ്ഡലത്തിൽ കൂടുതൽ സമയം നിൽക്കേണ്ടി വന്നു.

രമേശ് ചെന്നിത്തല മണ്ഡലത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ നടപ്പാക്കിയ ചെറുതും വലുതുമായ വികസന പ്രവർത്തനങ്ങളാണ് വിജയത്തിന് പിന്നിലെ പ്രധാന ഘടകം. ഭാരിച്ച തിരക്കുകൾക്കിടയിലും മണ്ഡലത്തിൽ സാന്നിധ്യം അറിയിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും പ്രാദേശിക നേതാക്കന്മാർ മുതൽ മണ്ഡലം നേതാക്കന്മാർ വരെയുള്ളവരോടുള്ള വ്യക്തി ബന്ധങ്ങൾ വോട്ടുബാങ്ക് നിലനിർത്തുന്നതിൽ നിർണായക ഘടകമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.