തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് കമ്പനിയിലൂടെ വമ്പൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിച്ച് മാത്രമല്ല, സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞും പ്രവീൺ റാണ തട്ടിപ്പ് നടത്തി. തൃശൂരിൽ പുത്തൻപള്ളിക്ക് സമീപമുള്ള ‘കൈപ്പുള്ളി കമ്യൂണിക്കേഷൻസ്’ സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. 2014ൽ പല തവണകളിലായി വിവിധ സിനിമകളുടേതെന്ന പേരിൽ ഇവിടെ വ്യാജ ഒഡീഷനുകൾ നടന്നതായാണ് കണ്ടെത്തൽ. ‘മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും മക്കൾക്ക് മാത്രം താരങ്ങളായാൽ മതിയോ, സാധാരണക്കാരായ നിങ്ങൾക്കും ആകേണ്ടേ’ എന്നതായിരുന്നു 2014ലെ ഒരു സിനിമയുടെ ഒഡീഷനായി പുറപ്പെടുവിച്ച പരസ്യവാചകം.
ഏത് പ്രായത്തിലുള്ളവർക്കും അവസരമുണ്ടെന്ന അറിയിപ്പനുസരിച്ച് സിനിമ മോഹികളായ യുവാക്കൾ മാത്രമല്ല, പ്രായമായവരും സർക്കാർ ഉദ്യോഗസ്ഥരും ഒഡീഷനായി എത്തി. പ്രവീൺ റാണ തന്നെയാണ് ഒഡീഷൻ നടത്തിയതത്രെ. ഒരു ദിവസം 500 പേർ വീതമെത്തിയിരുന്നു. രജിസ്ട്രേഷൻ ഫീസായി 500 രൂപയും സിനിമയിൽ അവസരം ഉറപ്പാക്കുന്നതിന് 20,000 രൂപയും വാങ്ങിയെന്നും കരാർ ഉണ്ടാക്കുന്നതിനാണെന്ന് അറിയിച്ച് എഴുതാത്ത മുദ്രപ്പത്രത്തിൽ ഒപ്പിടുവിച്ച് വാങ്ങി വെക്കുകയും ചെയ്തുവെന്ന് പ്രവീൺ റാണയുടെ കുരുക്കിൽ വീണ അഭിനയമോഹിയായ തൃശൂരിലെ ബാങ്ക് ഉദ്യോഗസ്ഥൻ പറയുന്നു.
ഒഡീഷനെന്ന രീതിയിൽ എന്തൊക്കെയോ പറഞ്ഞ് കൊടുത്ത് ചെയ്യിക്കുകയായിരുന്നുവത്രെ. സിനിമാ ലോകം തന്റെ കീഴിലായിരിക്കുമെന്ന ഉറപ്പും നൽകിയാണ് ഓരോരുത്തരെയും തിരിച്ചയച്ചത്. ഏറെ നാൾ കഴിഞ്ഞിട്ടും സിനിമയിലേക്കുള്ള അവസരം കിട്ടാതായതോടെ പണം തിരികെ ആവശ്യപ്പെട്ടവരെ ഒപ്പിട്ടുവെച്ച മുദ്രപത്രം കൈയിലുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തൽ. ഇതും പൊലീസ് അന്വേഷിക്കുന്നതിലുണ്ട്.
തൃശൂർ: ‘ചതിച്ചത് ഞങ്ങളെയുമാണ്... ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്’... പൊട്ടിക്കരഞ്ഞ് വിഷ്ണുവിന്റെ വാക്കുകൾ പാതിയിൽ മുറിഞ്ഞു. കോടികളുടെ തട്ടിപ്പ് നടത്തിയ പ്രവീൺ റാണയുടെ ജീവനക്കാരനാണ് വിഷ്ണു. വിഷ്ണുവിനെപോലെ നിരവധി പേരെയും അവരുടെ കുടുംബാംഗങ്ങളെയും അവരെ വിശ്വസിച്ചവരെയുമാണ് നിക്ഷേപത്തട്ടിപ്പിനൊപ്പം ഇയാൾ ചതിച്ചത്.
കമ്പനിക്കായി സംഘടിപ്പിച്ച് നൽകിയ കോടികൾ റാണ വിശ്വസ്തരുടെ പേരുകളിലേക്ക് മാറ്റിയെന്ന് വെളിപ്പെടുത്തി സേഫ് ആൻഡ് സ്ര്ടോങ് സ്ഥാപനത്തിലെ ഏഴ് ജീവനക്കാരാണ് രംഗത്ത് വന്നത്. ഒരു കോടി മുതൽ അഞ്ചു കോടിവരെ നിക്ഷേപം കമ്പനിക്കായി സംഘടിപ്പിച്ച് നൽകിയെന്നും പ്രവീൺ റാണ ഈ പണം വിശ്വസ്തരുടെ പേരിൽ ബിനാമി നിക്ഷേപങ്ങളാക്കി മാറ്റിയെന്നും ഇവർ പറയുന്നു. ഒരു കോടിയിലേറെ നിക്ഷേപകരിൽ നിന്ന് കമ്പനിയിലെത്തിച്ചവരാണ് ജീവനക്കാരിൽ പലരും. ബിസിനസിലാണ് പണം നിക്ഷേപിക്കുന്നതെന്നാണ് തങ്ങളെ വിശ്വസിപ്പിച്ചതെന്നും ജീവനക്കാർ പറയുന്നു. സ്ഥാപനത്തിലേക്ക് നിക്ഷേപമെത്തിക്കാൻ വൻ സമ്മർദമാണ് റാണ ജീവനക്കാരിൽ നടത്തിയത്. ബന്ധുക്കളടക്കം 80ഓളം പേരെ കമ്പനി നിക്ഷേപത്തിൽ ചേർത്തിട്ടുണ്ടെന്നാണ് ഒരു ജീവനക്കാരിയുടെ വാക്കുകൾ. പറഞ്ഞതെല്ലാം വിശ്വസിച്ച് മണ്ടന്മാരെ പോലെ എല്ലാം ചെയ്തുവെന്ന് മറ്റൊരു ജീവനക്കാരന്റെ വാക്കുകൾ.
കണ്ണൂരിൽ 128 ഏക്കർ സ്ഥലം എടുത്തിട്ടുണ്ടെന്നും ലാൽബാഗിൽ ഷാരൂഖാനുള്ള സ്ഥലം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് സ്ഥലത്തിന്റെ ചിത്രങ്ങളും മാപ്പുകളും സർവേ നമ്പർ അടക്കം കാണിച്ചാണ് വിശ്വസിപ്പിച്ചത്. റാണ റിസോർട്ടിന്റെ ഉദ്ഘാടനത്തിന് പ്രമുഖരാണ് വന്നത്. തങ്ങളുടെ വാക്ക് കേട്ട് സുഹൃത്തുക്കളും അടുപ്പമുള്ളവരും നിക്ഷേപമിട്ടു.
ബന്ധുക്കളെയും ഉൾപ്പെടുത്തി. ശമ്പളത്തിലെ നിശ്ചിത തുക മാറ്റിവെച്ച് കൊടുത്തുവെന്ന് ജീവനക്കാർ പറയുന്നു.പ്രവീൺ റാണ അറസ്റ്റിലായതോടെ രാവിലെയും രാത്രിയും ഭേദമില്ലാതെ ആളുകളുടെ വിളികളാണ്. അടുപ്പമുള്ള ബന്ധുക്കൾ ഇപ്പോൾ ദേഷ്യപ്പെട്ടാണ് സംസാരം.
പണം കിട്ടിയില്ലെങ്കിൽ കാണിച്ച് തരാമെന്ന ഭീഷണിയും. ഇനി ആത്മഹത്യ മാത്രമേ മുമ്പിലുള്ളൂ. തട്ടിപ്പ് കമ്പനിക്ക് വേണ്ടി ജോലി ചെയ്തയാളെന്ന പേര് വീണതോടെ വേറെ ഒരു ജോലിക്കും പോകാൻ വയ്യാത്ത അവസ്ഥയായെന്ന് ജീവനക്കാർ പറയുന്നു.
തൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി പ്രവീൺ റാണക്ക് വഴിവിട്ട് സൗകര്യം ഒരുക്കിയതിന് പൊലീസുകാർക്ക് സിറ്റി പൊലീസ് കമീഷണറുടെ ശാസന.
സ്റ്റേഷൻ പരിസരത്തും ആശുപത്രിയിലും കോടതിയിലും മാധ്യമങ്ങളോട് സംസാരിക്കാൻ അവസരമൊരുക്കിയെന്നും സംസാരിക്കുന്നത് തടയാൻ ശ്രമിച്ചില്ലെന്നും കണ്ടെത്തിയാണിത്.
ബുധനാഴ്ച വൈകീട്ടാണ് പൊള്ളാച്ചിയിൽനിന്ന് പ്രവീൺ റാണയെ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ഇയാളെ വൈദ്യപരിശോധനക്കായി സ്റ്റേഷനിൽനിന്ന് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഇതിനിടയിലായിരുന്നു ഏറെ നേരം മാധ്യമങ്ങളോട് സംസാരിക്കാൻ അവസരമായത്. താൻ ആരെയും പറ്റിച്ചിട്ടില്ലെന്നും ബിസിനസ് നടത്തുകയായിരുന്നുവെന്നും ബിസിനസിൽ സംഭവിക്കുന്ന സ്വാഭാവികത മാത്രമാണെന്നും പണം തിരികെ കൊടുക്കുമെന്നുമടക്കമാണ് മാധ്യമങ്ങളോട് പ്രവീൺ റാണ പറഞ്ഞത്.
കനത്ത സുരക്ഷയിലാണ് വൈദ്യപരിശോധനക്കും കോടതിയിലും എത്തിച്ചത്. ഇതിനിടയിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രവീൺ റാണക്ക് മനഃപൂർവം സൗകര്യം ഒരുക്കിയതാണെന്നാണ് വിലയിരുത്തൽ.
പ്രതിക്ക് പൊലീസ് കസ്റ്റഡിയിൽവെച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ സൗകര്യമുണ്ടായെന്ന് സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. പ്രവീൺ റാണക്ക് പൊലീസ് സഹായം നൽകുന്നുവെന്നും കൊച്ചി ചിലവന്നൂരിലെ ഫ്ലാറ്റിൽ പരിശോധനക്ക് എത്തിയതിന് തൊട്ടുമുമ്പ് റാണ അവിടെനിന്ന് രക്ഷപ്പെട്ടത് വിവരം ചോർത്തി നൽകിയത് മൂലമണാണെന്നും ആക്ഷേപം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.