തൃശൂർ: അപേക്ഷ ക്ഷണിെച്ചങ്കിലും മുൻഗണന, മുൻഗണനേതര റേഷൻ കാർഡുകളിൽ പൊതുവിതരണ വകുപ്പ് പുതിയ അംഗങ്ങളെ ചേർക്കുന്നില്ല. അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഗുണഭോക്തൃ വിഹിതം നൽകണമെന്ന ഭക്ഷ്യസുരക്ഷ പദ്ധതി നയമാണ് ആളെ േചർക്കുന്നതിന് വിലങ്ങുതടിയാവുന്നത്. ഇത്തരം കാർഡുകളിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയാൽ നൽകാൻ വിഹിതമില്ലാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട്തന്നെ ഭാര്യയും മക്കളും പേരക്കുട്ടികളും അടക്കം വേണ്ടപ്പെട്ടവരുടെ പേര് റേഷൻകാർഡിൽ ചേർക്കുന്നതിനായി വരി നിൽക്കുന്ന കാർഡ് ഉടമകൾക്ക് നിരാശയായിരിക്കും ഫലം.
സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിൽ കാർഡിനാണ് വിഹിതം നൽകിയിരുന്നെതങ്കിൽ ഭക്ഷ്യസുരക്ഷ പദ്ധതിയിൽ ആളോഹരി റേഷനാണ്. ഭക്ഷ്യസുരക്ഷ പദ്ധതിയിൽ വ്യക്തികൾക്കുള്ള ഗുണഭോക്തൃ വിഹിതം നിലവിൽ പരിപൂർണമായി നൽകുന്നുണ്ട്. ഇനിയാർക്കും നൽകാൻ വിഹിതവുമില്ല. കേന്ദ്രം നൽകുകയുമില്ല. റേഷൻവിഹിതം കൂട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും പ്രധാനമന്ത്രിയെ കാണാൻ പോയ സർവകക്ഷിസംഘത്തെ അപമാനിച്ചുവിടുകയും ചെയ്തു.
കേന്ദ്രസർക്കാർ നയം അനുസരിച്ച് നഗരമേഖലയിലെ 39.5 ശതമാനം പേരും ഗ്രാമീണമേഖലയിലെ 52.63 ശതമാനം പേരുമേ കേരളത്തിൽ പദ്ധതിക്ക് കീഴിൽവരൂ. ഇത് അനുസരിച്ച് 1.54 കോടി പേർക്കാണ് മൂന്നുരൂപക്ക് അരിയും രണ്ടുരൂപക്ക് ഗോതമ്പും കേന്ദ്രം അനുവദിക്കുന്നത്. ഇതിൽ നിന്ന് മുൻഗണന കാർഡിലെ ഒാരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും ഒരു രൂപ നിരക്കിലാണ് കേരളം നൽകുന്നത്. മുൻഗണനേതര കാർഡിന് മൂന്നുരൂപ നിരക്കിൽ മൂന്നുകിലോ അരിയും 16 രൂപക്ക് ഒരു പാക്കറ്റ് ആട്ടയും ഒരോ അംഗത്തിനും ലഭിക്കും. അംഗസംഖ്യ കൂടിയാൽ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വിഹിതം തികയാതെ വരും.
അതിനാലാണ് മുൻഗണന, മുൻഗണനേതര കാർഡിൽ പുതിയ ആളുകളെ ചേർക്കാത്തത്. പേര് ചേർക്കാൻ ലക്ഷക്കണക്കിന് അപേക്ഷകൾ എത്തിയിട്ടുണ്ടെങ്കിലും ചേർക്കുന്നതിലെ പ്രശ്നം പൊതുവിതരണ വകുപ്പ് മറച്ചുപിടിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾക്ക് മാത്രമല്ല ചികിത്സ അടക്കം വിവിധ ആവശ്യങ്ങൾക്ക് റേഷൻകാർഡിൽ പേര് നിർബന്ധമായിരിക്കെ ജനത്തെ പെരുവഴയിലാക്കുന്ന നയമാണിത്. എന്നാൽ അന്ത്യോദയ വിഭാഗത്തിന് 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും കാർഡിന് നൽകുന്നതിനാൽ പുതിയ അംഗങ്ങളെ ചേർക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.