കോഴിക്കോട്: റേഷൻകടകളിലെ സർവർ തകരാറിൽ വലഞ്ഞ് ജനം. കോഴിക്കോട് ജില്ലയിൽ മണിക്കൂറുകളോളമാണ് ചൊവ്വാഴ്ച സർവർ തകരാറിലായത്. ഇതോടെ രാവിലെ തുറന്ന റേഷൻ കടകളിൽ നീണ്ട ക്യൂ രൂപംകൊണ്ടു. ഓരോ കാർഡുടമകളും മൂന്നും നാലും തവണ ഇ-പോസ് മെഷീൻ ഉപയോഗിക്കേണ്ടിവന്നതോടെ റേഷൻ വിതരണം ആകെ താളംതെറ്റി.
മാസാവസാന ദിവസമായതിനാൽ റേഷൻകടകളിൽ വലിയതിരക്കാണ് അനുഭവപ്പെട്ടത്. സർവറും കൂടി തകരാറായതോടെ റേഷൻവിതരണം ഏതാണ്ട് അസാധ്യമായ അവസ്ഥയിലായിരുന്നു. കോഴിക്കോട് ജില്ലയിൽ ഒരുമണിയോടെ അടക്കേണ്ട റേഷൻകടകൾ മൂന്നു മണിക്കും അടക്കാൻ കഴിഞ്ഞില്ലെന്ന് വ്യാപാരികൾ പറഞ്ഞു. മാർച്ച് നാലുവരെ ഫെബ്രുവരിയിലെ റേഷൻ വാങ്ങാമെന്ന് ജില്ല സപ്ലൈ ഓഫിസറുടെ ഉത്തരവ് വന്നതോടെ കാത്തുനിന്ന് മടുത്ത പലരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
തകരാറിലായ സർവർ പ്രവർത്തനക്ഷമമാക്കണമെന്ന് ഭക്ഷ്യമന്ത്രിയോട് റേഷൻ വ്യാപാരികൾ പലതവണ ആവശ്യപ്പെട്ടിരുന്നു. തകരാർ പരിഹരിക്കാൻ കഴിയാതായതോടെ താൽക്കാലിക പരിഹാരമെന്നനിലയിലാണ് ഏഴു ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ ഉച്ചക്കുശേഷവും റേഷൻ കടകൾ തുറന്നുപ്രവർത്തിക്കാമെന്ന തീരുമാനത്തിലെത്തിയത്. നവംബർ പകുതിയോടെയാണ് സമയക്രമീകരണം നിലവിൽ വന്നത്. തിരക്ക് കുറയുന്നതോടെ സർവർ പ്രവർത്തനക്ഷമമാകുമെന്നായിരുന്നു പ്രതീക്ഷ. ഒരുമാസത്തിനകം സർവർ തകരാർ പരിഹരിച്ച് പഴയ നിലയിലുള്ള സമയക്രമം പുനഃസ്ഥാപിക്കാമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും സർവർ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. ഇതുമൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ജനങ്ങളാണ്. ഏതു ദിവസമാണ് രാവിലെ തുറക്കുന്നതെന്നും വൈകീട്ട് തുറക്കുന്നതെന്നും കൃത്യമായി അറിയാത്തവർ റേഷൻകടകളിൽ പോയി സാധനം വാങ്ങാനാവാതെ മടങ്ങുന്നത് ഈ ദിവസങ്ങളിൽ പതിവായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സർവർ മെയിന്റനൻസ് ചെയ്യുന്നത്. മാർച്ച് ആറിന് കമ്പനിയും അധികൃതരും തമ്മിൽ ചർച്ചനടക്കുമെന്നും പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്നുമാണ് സർക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.