തിരുവനന്തപുരം: കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ആറന്മുളയിലും കേസ്. പത്തനംതിട്ട ജില്ല സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. ആറന്മുള സ്വദേശിനിയും എംകോ ബിരുദധാരിയുമായ യുവതിക്ക് ജനറൽ ആശുപത്രിയിലെ ഫ്രണ്ട് ഓഫീസിൽ റിസപ്‌ഷനിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്തത്. 80,000 രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയത്.
റിസപ്‌ഷനിസ്റ്റ് തസ്തികയിൽ നിയമന ഉത്തരവ് കൈമാറി യുവതിയിൽ നിന്ന് 50,000 രൂപ വാങ്ങിയ സംഭവത്തിലാണ് അരവിന്ദ് വെട്ടിക്കലിനെ കന്റോൺമെന്റ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്. ആരോഗ്യ വകുപ്പ് ഡയറക്ടറർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്.
എം.പി ക്വാട്ടയിൽ നിയമനം നൽകാമെന്നായിരുന്നു ഏറ്റുമാനൂർ സ്വദേശിയായ യുവതിക്ക് അരവിന്ദ് നൽകിയ വാഗ്‌ദാനം. ജനുവരി 17ന് ജോലിക്ക് ഹാജരാകണമെന്ന് കാണിച്ച് കത്തും കൈമാറി. അരവിന്ദ് പറഞ്ഞത് പ്രകാരം ജോലിക്ക് എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്.
സംഭവത്തിൽ യുവതി പരാതി നൽകിയിരുന്നില്ല. എന്നാൽ, യൂത്ത് കോൺഗ്രസ് നേതാവ് കൈമാറിയ കത്തിന്‍റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപെട്ടതോടെ ആരോഗ്യ വകുപ്പ് ഡയറക്ടർ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.