തിരുവനന്തപുരം: മൂന്ന് കമ്പനികളിൽനിന്ന് 25 വർഷത്തേക്ക് ദീർഘകാല വൈദ്യുതി വാങ്ങൽ കരാറിന് റെഗുലേറ്ററി കമീഷൻ അനുമതി നിഷേധിച്ചത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കും. പുറത്തുനിന്ന് വാങ്ങി വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്ന സാഹചര്യത്തിൽ നിലവിൽ ലഭിക്കുന്നതിൽ 350 മെഗാവാട്ടിന്‍റെ കുറവ് വരും. കമീഷൻ ഉത്തരവിനെതിരെ അപ്പീൽ നൽകുന്നത് ബോർഡ് പരിഗണനയിലുണ്ട്. സർക്കാർ അനുമതി ലഭിച്ചാലാകും അപ്പീൽ.
ജാംബുവ പവർ ലിമിറ്റഡ്- 150 മെഗാവാട്ട്, ജിൻഡാൽ പവർ ലിമിറ്റഡ്- 100 മെഗാവാട്ട്, ജിൻഡാൽ ഇന്ത്യ തെർമൽ പവർ ലിമിറ്റഡ്- 100 മെഗാവാട്ട് എന്നിവയുടെ കരാറുകൾക്കാണ് കമീഷൻ അനുമതി നിഷേധിച്ചത്. ഏറെ നാളായി ഇതിന്‍റെ അംഗീകാരവുമായി ബന്ധപ്പെട്ട് നിയമനടപടികൾ തുടരുകയായിരുന്നു. കരാറുകൾ വഴി വർഷം 237 കോടിയുടെ അധിക ബാധ്യത വരുമെന്നാണ് വിലയിരുത്തൽ.
യു.ഡി.എഫ് കാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായപ്പോഴായിരുന്നു വാങ്ങൽ കരാർ. യൂനിറ്റിന് 4.15 രൂപ നിരക്കിൽ 2016 മുതൽ വൈദ്യുതി വാങ്ങുന്നുണ്ട്. റെഗുലേറ്ററി കമീഷന്‍റെ മുൻകൂർ അനുമതിയോടെയായിരുന്നില്ല കരാർ. ഈ വിഷയത്തിലാണ് പിന്നീട് കമീഷനിൽ പരാതി വന്നത്. കരാറുകൾ ക്രമവിരുദ്ധമാണെന്ന നിലപാടിലായിരുന്നു നേരേത്ത സർക്കാർ. കരാർ റദ്ദാക്കണമെന്ന് ധനവകുപ്പ് നടത്തിയ പരിശോധനയിലും ശിപാർശ ചെയ്തിരുന്നു. നിരവധി നിയമനടപടികൾ നടന്ന വിഷയത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ റെഗുലേറ്ററി കമീഷനോട് സുപ്രീംകോടതി നിർേദശിച്ചിരുന്നു.
നേരേത്ത കമീഷൻ കരാർ അംഗീകരിച്ചില്ലെങ്കിലും വാങ്ങുന്നത് തടഞ്ഞിരുന്നില്ല. അന്തിമ അനുമതി നിഷേധിച്ചതോടെ കരാർ പ്രകാരം വൈദ്യുതി വാങ്ങാൻ തടസ്സം വരും. ഇക്കൊല്ലം മേയ് 21 മുതൽ 31 വരെ ദിവസം 50 മെഗാവാട്ട് വൈദ്യുതി വീതം യൂനിറ്റിന് 9.26 രൂപ നിരക്കിൽ വാങ്ങാൻ കഴിഞ്ഞദിവസം റെഗുലേറ്ററി കമീഷൻ അനുമതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.