വനിതകൾക്കുവേണ്ടിയുള്ള വിശ്രമകേന്ദ്രം പൂട്ടിക്കിടക്കുന്നനിലയിൽകാസർകോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം തെരുവുകച്ചവടക്കാർക്കുവേണ്ടി നിർമിച്ച പുനരധിവാസകേന്ദ്രം സാമൂഹികവിരുദ്ധരുടെ താവളമാകുന്നു. മാലിന്യം തള്ളിയതിനാലും മലമൂത്രവിസർജനവും കാരണം ഈവഴി പോകാൻപറ്റാത്ത സ്ഥിതിയാണ്. വർഷങ്ങളായി ഇതിന്റെ നിർമാണ പ്രവർത്തനം തുടങ്ങിയിട്ടെങ്കിലും പണി പൂർത്തിയായിട്ടില്ല. ഇലക്ട്രിക് വർക്കും തറയുടെ പണിയും എങ്ങുമെത്തിയിട്ടില്ല. അതേസമയം, 2024 ജനുവരി അവസാനത്തോടെ തുറന്നുകൊടുക്കുമെന്നാണ് അധികാരികൾ പറയുന്നത്.
ബസുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് നേരത്തേ പ്രവൃത്തിക്ക് മുടക്കം നേരിട്ടതെന്ന് പറയുമ്പോഴും ഇപ്പോഇപ്പോഴെന്താണ് കാലതാമസമെന്നാണ് വഴിയോര കച്ചവടക്കാർ ചോദിക്കുന്നത്. ഷെഡ് നിർമിച്ചിട്ട് വാതിലുകൾക്ക് ഒരു പൂട്ടിട്ടിരുന്നെങ്കിൽ ഈരീതിയിൽ മദ്യപാനവും മലമൂത്രവിസർജനവും നടക്കുമായിരുന്നില്ല.
വനിതകൾക്കുള്ള വിശ്രമകേന്ദ്രത്തിെന്റ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷമാവുകയാണ്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്ത വിശ്രമകേന്ദ്രം ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്. ആർക്കുവേണ്ടി, എന്തിനുവേണ്ടിയാണ് ഇതൊക്കെ പണിയുന്നതെന്നാണ് ജനങ്ങളുടെ ചോദ്യം. വെള്ളത്തിെന്റയും വൈദ്യൂതിയുടെയും കണക്ഷന്റെ പേരിൽ മുടന്തൻന്യായങ്ങൾ പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് മുനിസിപ്പാലിറ്റിയെന്ന് ജനപ്രതിനിധികളും കുറ്റപ്പെടുത്തുന്നു.
ഏകദേശം 20 ലക്ഷം രൂപയാണ് പുനരധിവാസ കേന്ദ്രത്തിെന്റ ഫണ്ടെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും ലക്ഷങ്ങളുടെ പണിയൊന്നും ഇതുവരെ അവിടെ നടന്നിട്ടില്ലെന്നും പഴയ നിർമാണ സാമഗ്രികളാണ് അതിന് ഉപയോഗിച്ചതെന്നും ആക്ഷേപമുണ്ട്. അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസിലടക്കം പരാതി പോയിട്ടുണ്ടെന്നും ആരോപണമുണ്ട്.
വഴിയോര കച്ചവടക്കാരുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണിത്. രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ കേന്ദ്രംകൂടിയായി മാറുകയാണിവിടം. മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. മലമൂത്രവിസർജനമടക്കം നടക്കുന്നു.
പാവപ്പെട്ട തെരുവുകച്ചവടക്കാർക്കുവേണ്ടി നിർമിച്ച പുനരധിവാസകേന്ദ്രത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണെന്ന് നാട്ടുകരും പറയുന്നു. 2014ലെ വഴിയോര കച്ചവട നിയമപ്രകാരമുള്ള അവകാശങ്ങൾ നിഷേധിക്കുന്ന സമീപനമാണ് കാസർകോട് മുനിസിപ്പാലിറ്റി ചെയർമാൻ സ്വീകരിക്കുന്നത്. വൈസ് ചെയർപേഴ്സനാകട്ടെ ഇതേപ്പറ്റി അറിഞ്ഞ മട്ടില്ല.
നഗരവികസനത്തിന്റെപേരിൽ ഒഴിപ്പിക്കപ്പെടുന്ന തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് നിയമവും കൂടാതെ കോടതി ഉത്തരവുകളുമുണ്ട്. എന്നാൽ, ഇതൊക്കെ കാറ്റിൽ പറത്തുംവിധമാണ് അധികൃതരുടെ സമീപനം.
അഡ്വ. വി.എം. മുനീർ (മുനിസിപ്പർ ചെയർമാൻ)
നമുക്കെപ്പോഴും പോയി നോക്കാനൊന്നും പറ്റില്ല. ജനങ്ങളങ്ങനെ പലതും ചെയ്യും. ദിവസവും അത് നോക്കിനിൽക്കാൻ നമുക്ക് പറ്റുമോ?
ഷംസീദ (വൈസ് ചെയർപേഴ്സൻ)
ഇതിനെപ്പറ്റി എനിക്ക് കൂടുതലറിയില്ല. അത് എൻജിനീയർക്കാണ് പറയാൻ പറ്റുക.
നാരായണൻ (സി.ഐ.ടി.യു ഏരിയ സെക്രട്ടറി)
പുനരധിവാസ കേന്ദ്രം തെരുവുകച്ചവടക്കാർക്ക് അടിയന്തരമായി തുറന്നുകൊടുക്കണം. കാസർകോട് ബസ് സ്റ്റാൻഡിലും സമീപത്തുമായി നൂറോളം തെരുവുകച്ചവടക്കാരുണ്ട്. ഇവരെയെല്ലാം ഉടൻ പുനരധിവസിപ്പിക്കണം. ഇതു സംബന്ധിച്ച് മുൻ കലക്ടർ തൊഴിലാളികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കുകയും ഇവരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അതിന്റെ നടപടി ആയിട്ടില്ല. വിഷയം ചെയർമാനോട് പറഞ്ഞെങ്കിലും വേണ്ടപ്പെട്ടവർക്ക് മാത്രമാണ് കൊടുക്കാൻ തയാറായത്. 60ഓളം തൊഴിലാളികൾക്ക് ഇനിയും തിരിച്ചറിയൽ കാർഡ് കൊടുക്കാനുണ്ട്. സാമൂഹികവിരുദ്ധപ്രവർത്തനമാണ് അവിടെ നടക്കുന്നത്. അതിനെതിരെ മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കണം.
കെ.പി. മുഹമ്മദ് അഷ്റഫ് (എസ്.ടി.യു)
ടൗണിലും സമീപത്തും കച്ചവടം ചെയ്യുന്ന തൊഴിലാളികളെ ഉടൻ പുനരധിവസിപ്പിക്കാനുള്ള നടപടി മുനിസിപ്പാലിറ്റി സ്വീകരിക്കണം. സ്ട്രീറ്റ് വെൻഡേഴ്സ് ആക്ടിൽ പറയുന്നതുതന്നെ മുഴുവൻപേരെയും പുനരധിവസിപ്പിക്കണമെന്നാണ്. ഇരുപതോളം പേർക്കാണ് ഇപ്പോൾ ഷെഡ് നിർമിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിലാണിത്. ഘട്ടംഘട്ടമായി മറ്റുള്ളവരെയും പുനരധിവസിപ്പിക്കണം.. വഴിയോര കച്ചവടവും മത്സ്യവ്യാപാരവും ഉള്ളതുകൊണ്ടാണ് ജനങ്ങൾ ടൗണിലേക്ക് വരുന്നതുതന്നെ. അതുകൊണ്ട് നിയമം അനുശാസിക്കുന്ന രീതിയിൽ എത്രയുംവേഗം ഇത് തുറന്നുകൊടുക്കാനുള്ള നടപടിയുണ്ടാകണം.
ഇല്യാസ്(മർച്ചന്റ് അസോസിയേഷൻ)
തെരുവുകച്ചവടക്കാർക്കുള്ള പ്രത്യേകസ്ഥലം നിർമാണം തുടങ്ങിയിട്ട് കുറേക്കാലമായി. പലതവണ ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി അധികൃതരോടും മറ്റും പരാതി പറഞ്ഞിട്ടും പ്രതിഷേധം നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല. എത്രയും വേഗം മുഴുവൻപേരെയും പുനരധിവസിപ്പിക്കാനുള്ള നടപടിയുണ്ടാകണം.
സബിൻ ബട്ടംപാറ (ഡി.വൈ.എഫ്.ഐ)
ഫണ്ട് ചെലവഴിക്കുക എന്നേയുള്ളൂ, അത് വിജയിപ്പിക്കേണ്ടത് എങ്ങനെയെന്ന് മുനിസിപ്പാലിറ്റിക്ക് അറിയില്ല. ഒരു നഗരസഭ എങ്ങനെ ആകരുത് എന്നുള്ളതിന്റെ വ്യക്തമായ ഉദാഹരണമാണ് കാസർകോട് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിക്കകത്ത് ലീഗ് മാത്രമേ ജയിക്കുള്ളൂ എന്നതുകൊണ്ടാണ് ഇങ്ങനെ പ്രവർത്തിക്കുന്നത്. ഇത് ജനം തിരിച്ചറിഞ്ഞ് ശക്തമായി പ്രതിഷേധങ്ങൾ തീർക്കണം. ഡി.വൈ.എഫ്.ഐ ഇതിനെതിരെ പ്രതിഷേധം നടത്തിയിട്ടുണ്ട്. ഇനിയും പ്രതിഷേധവുമായി മുന്നോട്ടുപോകും.
പവിത്ര (വാർഡ് കൗൺസിലർ)
സാമൂഹികവിരുദ്ധപ്രവർത്തനം നടത്തുന്നിടമായി കേന്ദ്രം മാറിയത് നഗരസഭയുടെ പിടിപ്പുകേടാണ്. ഇതിനെതിരെ കൗൺസിലിൽ പലതവണ പരാതി പറഞ്ഞതാണ്. നടപടിയുണ്ടാകുന്നില്ല. മുനിസിപ്പാലിറ്റി ഒന്നും ചെയ്യുന്നില്ല. ജനങ്ങൾ വാർഡ് പ്രതിനിധാനംചെയ്യുന്ന കൗൺസിലറോടാണ് കാര്യം തിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.