തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെ മോചിപ്പിക്കാനുള്ള ഫയലിലെ സംശയങ്ങൾ ദൂരീകരിച്ച് ഗവർണർക്ക് സർക്കാർ വിശദീകരണം നൽകി. വിട്ടയക്കാനുള്ള തടവുകാരുടെ എണ്ണം എങ്ങനെ ചുരുങ്ങിയെന്നായിരുന്നു ഗവർണർ പ്രധാനമായും വിശദീകരണം തേടിയിരുന്നത്. മന്ത്രിസഭാ തീരുമാനപ്രകാരം 33 തടവുകാരെ മോചിപ്പിക്കാൻ സർക്കാർ സമർപ്പിച്ച ഫയലാണ് കൂടുതൽ വിശദീകരണം ചോദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചയച്ചിരുന്നത്.
ഫയലിൽ ചില സംശയങ്ങൾ ഉള്ളതുകൊണ്ടാണ് തിരിച്ചയച്ചതെന്നും വ്യക്തത വന്നാൽ ഉടൻ തീരുമാനമെടുക്കുമെന്നും ഗവർണർ പറഞ്ഞിരുന്നു. മണിച്ചനുള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ച് വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥതല സമിതി ശിപാർശ ചെയ്ത 64 പട്ടിക 33 ആയി ചുരുങ്ങിയതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
മണിച്ചന്‍റെ മോചന കാര്യത്തിൽ നാലാഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സർക്കാറിനോട് നിർദേശിച്ചിട്ടുണ്ട്. േമയ് 20നാണ് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്. ആഭ്യന്തര സെക്രട്ടറി, നിയമസെക്രട്ടറി, ജയിൽ ഡി.ജി.പി എന്നിവടങ്ങിയ സമിതി നിർദേശിച്ചത് 64 തടവുകാരുടെ പേരുകളാണ്. ഇതിൽ നിന്ന് 33 പേരെ തെരഞ്ഞെടുത്തതെങ്ങനെയെന്നാണ് പ്രധാനമായും ഗവർണർ ഉന്നയിച്ച സംശയം.
സ്വാതന്ത്ര്യത്തിന്‍റെ 75 വർഷത്തിന്‍റെ ഭാഗമായി തടവുകാരെ വിട്ടയക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനപ്രകാരമാണ് സർക്കാർ സമിതിയെ തീരുമാനിച്ചത്. 20 വർഷത്തിലേറെയായി ജയിലിൽ മോചനമില്ലാതെ കിടക്കുന്നവർ, പ്രായമായവർ, രോഗികള്‍ എന്നിവർക്ക് പരിഗണന നൽകിയാണ് ഉദ്യോഗസ്ഥതല സമിതി പട്ടിക തയാറാക്കിയത്. സ്ത്രീകളെ കൊലപ്പെടുത്തിയവർ ഉൾപ്പെടെ പട്ടികയിൽ ഇടം നേടി. രോഗവും പ്രായാധിക്യവും കാരണമാണ് അവരെ ഉള്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.