മലയാള സാഹിത്യമെന്ന കടലിൽ ഒരുപാട് ഓളങ്ങളുണ്ടാക്കിയതാണ് എം.ടിയെന്ന രണ്ടക്ഷരം. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വളർത്തുമൃഗങ്ങൾ എന്ന ചെറുകഥയിൽ നിന്നാണ് തുടക്കം. എം.ടിയെഴുതുന്നത് ആർത്തിയോടെ വായിച്ചു തീർക്കാൻ ഒരുതലമുറ തന്നെ കാത്തിരുന്നു. കേരളത്തിലെ സാമൂഹിക വ്യവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകളിലൂടെ ഇതൾ വിരിഞ്ഞത്. ആത്മകഥാംശമാണ് പലതും. പ്രണയവും പ്രണയഭംഗവും ആശയും നിരാശയുമെല്ലാം അദ്ദേഹം അക്ഷരങ്ങളിലൂടെ ആവാഹിച്ചു.
എവിടെയാണ് പത്രമാപ്പീസ് എന്നു പോലുമറിയാതിരുന്ന ചെറുപ്പകാലത്ത് എം.ടി ആഴ്ചയിൽ നാലും അഞ്ചും കഥകളെഴുതിയിരുന്നു. പുസ്തകങ്ങൾ കാണാൻകിട്ടാത്ത പ്രദേശത്തു നിന്നാണ് എഴുത്തിനോട് മോഹം തോന്നിയത്. എങ്ങനെയാണ് ഞാൻ എഴുത്തുകാരനായത് എന്നോർക്കുേമ്പാൾ ഇപ്പോഴും അൽഭുതമാണ് തോന്നുന്നതെന്ന് എം.ടി പറഞ്ഞിട്ടുണ്ട്. ഏഴ് മൈലിനപ്പുറമാണ് എം.ടിയുടെ സ്കൂൾ. വലതാകുന്തോറും വായന മോഹമേറി. കവിതയോടായിരുന്നു ആദ്യ ഇഷ്ടം. വാരാന്ത്യങ്ങളിൽ പൂസ്തകം കടം വാങ്ങാനായി മൈലുകളോളം എം.ടി നടക്കാറുണ്ടായിരുന്നു. രഹസ്യമായി കവിതകളെഴുതാൻ തുടങ്ങിയേപ്പാൾ കവിത വഴങ്ങുന്നില്ല എന്ന് നിരാശയോടെ തിരിച്ചറിഞ്ഞാണ് കഥാലോകത്തേക്ക് വഴിമാറി നടന്നത്.ആ നടത്തം ലോകത്തോളം വളരാൻ എം.ടിക്കു വഴി കാണിച്ചു. എംടിക്ക് മലയാളസാഹിത്യത്തിന്റെ മുൻനിരയിൽ സ്ഥാനം നേടിക്കൊടുത്തത് 1958 ൽ പുറത്തു വന്ന ‘നാലുകെട്ട്’ എന്ന നോവലാണ്. കാലക്രമേണ എം.ടി എന്ന രണ്ടക്ഷരം മലയാളസാഹിത്യത്തിലെ മായാമുദ്രയായി മാറി. 1998 ൽ പുറത്തുവന്ന ‘കാഴ്ച’യാണ് എം.ടി ഒടുവിൽ എഴുതിയ കഥ.
എം.ടിയെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസിലെത്തുക രണ്ടാമൂഴവും മഞ്ഞുമാണ്. മഹാഭാരതത്തിലെ ഭീമന്റെ മറുവാക്ക് ആണ് എം.ടിയുടെ രണ്ടാമൂഴം. ആരും കാണാതെ പോയ പ്രണയത്തിനും സ്നേഹത്തിനുമായി ദാഹിക്കുന്ന, സ്വന്തം അസ്തിത്വത്തിൽ പകച്ചു നിൽക്കുന്ന ഭീമൻ എന്ന പച്ച മനുഷ്യനെയാണ് എം.ടി പകർത്തിയെഴുതിയത്. ഭീമനെ നായകനാക്കി സൃഷ്ടിച്ച നോവലാണ് രണ്ടാമൂഴം. മഹാഭാരതത്തിൽ എന്നും അർജുനന്റെ നിഴലിലായിരുന്നു ഭീമൻ. പാഞ്ചാലിയെ ജീവനു തുല്യം പ്രണയിച്ച ഭീമൻ. എന്നാൽ ഭീമന്റെ കരുത്തുള്ള ശരീരത്തിലെ സ്നേഹം കൊതിക്കുന്ന മനസിനെ ആരും കണ്ടില്ല. അതാണ് എം.ടി തൂലികയിലേക്ക് ആവാഹിച്ചെടുത്തത്. അങ്ങനെ വായിച്ചിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നോവലുകളുടെ കൂട്ടത്തിലേക്ക് രണ്ടാമൂഴവും ഇടംപിടിച്ചു.
പ്രണയം ഉറഞ്ഞുപോകുന്ന കാത്തിരിപ്പിലാണ് എം.ടി മഞ്ഞിലെ വിമലയെ ഇരുത്തിയത്. അയാൾ വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയിൽ വിമലയിപ്പോഴും ഇരിക്കുകയാണെന്ന പ്രതീതിയാണ് നോവൽ ഓരോ തവണ വായിക്കുമ്പോഴും.
വായനക്കാരുടെ ഹൃദയത്തിൽ നീറ്റലുണ്ടാക്കുന്ന കഥാപാത്രമാണ് ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ. വേലായുധന്‍റെ ചങ്ങലകളില്‍ അയാളുടെ ഭ്രാന്ത് മാത്രമായിരുന്നില്ല കുരുങ്ങിക്കിടന്നത്. അയാളുടെ സ്വാതന്ത്ര്യം കൂടിയായിരുന്നു. അസ്വസ്ഥകളുടെ ഇരുട്ടിന്‍റെ ആത്മാവായിരുന്നു വേലായുധന്‍.
ഓപ്പോള്‍, കുട്ട്യേടത്തി, അപ്പുണ്ണി എന്നിവ സാധാരണ മനുഷ്യരുടെ ഭയവും വിഹ്വലതയും വരച്ചുകാട്ടിയ സൃഷ്‍ടികളായിരുന്നു.
അങ്കത്തട്ടിലെ ചതിയുടെ ചരിത്രമല്ല, ദു:ഖവും പ്രണയവും നിരാശയുമെല്ലാം ചേര്‍ന്ന രണാങ്കണമായിരുന്നു ചന്തുവെന്ന മനുഷ്യന്‍റെ ജീവിതവും എം.ടി കാണിച്ചു തന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.