കൊച്ചി: ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് കലക്ടർ ഡോ.രേണു രാജ്. ജില്ലയിൽ നടക്കുന്ന വിവിധ ഭൂമി ഏറ്റെടുക്കൽ പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ ബന്ധപ്പെട്ട അധികൃതർ അതിർത്തികൾ കൃത്യമായി നിർണയിച്ച് കല്ലുകൾ സ്ഥാപിക്കണം. സർവേ നടപടികളിലേയും കെട്ടിടങ്ങളുടെ വില നിർണയത്തിലേയും താമസം പദ്ധതികൾ വൈകുന്നതിന് കാരണമാകുന്നുണ്ട്. വില നിർണയത്തിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സ്വകാര്യ ഏജൻസികളുടെ സേവനം തേടാവുന്നതാണ്.
പദ്ധതികളുടെ കാല താമസം ഒഴിവാക്കാൻ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും കലക്ടർ പറഞ്ഞു. ഗിഫ്റ്റ് സിറ്റി, അറ്റ്ലാന്റിസ് റെയിൽവേ മേൽപ്പാലം, പൂത്തോട്ട - എസ്. എൻ ജംഗ്ഷൻ വീതികൂട്ടൽ, അങ്കമാലി - എയർപോർട്ട് -കൊച്ചി ബൈപാസ്, സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാം ഘട്ടം, വടുതല പേരണ്ടൂർ പാലം , വടുതല റെയിൽവേ മേൽപ്പാലം, എം.സി റോഡ് വികസനം, മൂവാറ്റുപുഴ ബൈപ്പാസ് എന്നിവ ഉൾപ്പെടെ 52 പദ്ധതികളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി.
ഡെപ്യൂട്ടി കലക്ടർ പി. ബി സുനിലാൽ, റിക്വിസിഷൻ അതോറിറ്റി ഉദ്യോഗസ്ഥർ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.