വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി; ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തു

വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി; ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തു

മലപ്പുറം: മലപ്പുറം ഈസ്റ്റ് കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക പറഞ്ഞു. പഞ്ചായത്ത് മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ആരോഗ്യ വകുപ്പിന് കൈമാറും.

ആരോഗ്യവകുപ്പ് നിർദേശപ്രകാരം കൂടുതൽ കാര്യങ്ങൾ വേണമെങ്കിൽ നടപടി സ്വീകരിക്കുമെന്നും വീട്ടിലെ പ്രസവങ്ങൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്നും ഡി.എം.ഒ വ്യക്തമാക്കി.

അഞ്ചാമത്തെ പ്രസവത്തിനിടെ പെരുമ്പാവൂർ അറക്കപ്പടി കൊപ്പറമ്പിൽ പരേതനായ ഇബ്രാഹിം മുസ്‍ലിയാരുടെ മകൾ അസ്മയാണ് (35) മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെ വീട്ടിൽ ആൺകുട്ടിയെ പ്രസവിച്ചതിനു പിന്നാലെ യുവതി മരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ നിർദേശപ്രകാരം മൃതദേഹം രാത്രി‍യിൽ തന്നെ ഭര്‍ത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെ ഏഴോടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ചു.

ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീൻ ഈസ്റ്റ് കോഡൂരിൽ കുടുംബത്തോടൊപ്പം വാടകക്ക് താമസിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 10ഓടെ ഇവർ താമസിക്കുന്ന വാടക വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് വീട്ടിൽ പ്രസവം നടന്ന വിവരം വീട്ടുടമയും പ്രദേശവാസികളും അറിയുന്നത്.

സിറാജുദ്ദീൻ കാസർകോട് പള്ളിയിൽ ജോലിചെയ്യുകയാണെന്നും യൂട്യൂബ് ചാനൽ വഴിയും അല്ലാതെയും ആത്മീയ ക്ലാസുകൾ നൽകാറുണ്ടെന്നുമാണ് പറഞ്ഞിരുന്നതെന്ന് വീട്ടുടമ വ്യക്തമാക്കി.

അയൽവാസികളുമായി സിറാജുദ്ദീൻ അധികം ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു​. പോസ്റ്റ്​​മോർട്ടം റിപ്പോർട്ടിനും പ്രാഥമികാന്വേഷണത്തിനും ശേഷം കേസ്​ മലപ്പുറം സ്​റ്റേഷനിലേക്ക്​ കൈമാറുമെന്ന്​ ഇൻസ്​പെക്ടർ പി. വിഷ്ണു പറഞ്ഞു. അസ്മയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം തിങ്കളാഴ്ച കളമശ്ശേരി മെഡിക്കൽ കോളജിൽ നടക്കും. കുഞ്ഞ് പെരുമ്പാവൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Report sought on death of woman who gave birth at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.