കോഴിക്കോട്: ഭിന്നശേഷി സംവരണത്തിലെ അടിസ്ഥാന മാനദണ്ഡമായ തസ്തിക നിർണയം കാലിക്കറ്റ് സർവകലാശാലയുടെ പ്രഫസർ, അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ നടത്തിയിട്ടില്ലെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് സർവകലാശാല ചാൻസലറായ ഗവർണർക്ക് നിവേദനം നൽകി.
ഭരണകക്ഷി അനുകൂലികളായ ഉദ്യോഗാർഥികളെ കണ്ടെത്തി അതിനനുസരിച്ച് തസ്തിക നിർണയിക്കാനാണ് നീക്കമെന്ന് സിൻഡിക്കേറ്റ് അംഗം ആരോപിച്ചു. 2016ലെ കേന്ദ്ര ചട്ടമനുസരിച്ച് ഭിന്നശേഷി വിഭാഗത്തിന് അനുയോജ്യ തസ്തികകൾ ഏതെല്ലാമാണെന്ന് ഉദ്യോഗ ഒഴിവിന്റെ വിജ്ഞാപന സമയത്ത് തന്നെ പറയണമെന്ന ചട്ടം കാലിക്കറ്റിൽ പാലിച്ചിട്ടില്ല.
ഭിന്നശേഷി വിഭാഗത്തിന് അനുയോജ്യ തസ്തികകൾ നിർണയിക്കാതെ എയ്ഡഡ് കോളജുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന് കാലിക്കറ്റ് നടത്തിയ ചട്ട ഭേദഗതി ഈയിടെ ഗവർണർ തള്ളിയിരുന്നു. അനുയോജ്യമായ തസ്തികകൾ നിർണയിച്ച് പുതിയ നിർദേശം സമർപ്പിക്കണമെന്നായിരുന്നു ഗവർണറുടേയും സംസ്ഥാന സർക്കാറിന്റേയും നിലപാട്.
അസോസിയേറ്റ് പ്രഫസർ, പ്രഫസർ നിയമനത്തിനുള്ള ഇൻറർവ്യൂ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സ്ഥാപനങ്ങളിൽ വർഷങ്ങളായി ജോലിചെയ്യുന്ന അധ്യാപകരാണ് ഈ തസ്തികകളിലേക്ക് നിയമിക്കപ്പെടാൻ പോകുന്നത്. നിയമപരമല്ലാത്ത സംവരണരീതി മാനദണ്ഡമാക്കിയാൽ നിയമനം ലഭിക്കുന്ന അധ്യാപകർ നിയമക്കുരുക്കിലാവും. ഭിന്നശേഷി വിഭാഗത്തിന് അനുയോജ്യമായ തസ്തിക നിർണയിച്ചതിനുശേഷം മാത്രമേ നിയമന നടപടികളുമായി മുന്നോട്ടുപോകാവൂവെന്ന് നിർദേശം നൽകണമെന്ന് ഗവർണറോട് സിൻഡിക്കേറ്റ് അംഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.