ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസിൽ സുപ്രീംകോടതി അടുത്തമാസം അഞ്ചിന് അന്തിമവാദം തുടങ്ങാനിരിക്കേ, കോടതിക്ക് പുറത്ത് തീർപ്പുണ്ടാക്കാനെന്ന പേരിൽ പിന്നാമ്പുറത്ത് മധ്യസ്ഥ നീക്കങ്ങൾ. സർക്കാറോ വ്യവഹാരികളോ നിയോഗിക്കാത്തവരാണ് കളത്തിൽ. ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്ച അയോധ്യയിലെത്തും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അതിനുമുമ്പ് കൂടിക്കാഴ്ച നടത്തും. തർക്കവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിെൻറയും വാദങ്ങൾ കേൾക്കുമെന്നാണ് രവിശങ്കറിെൻറ പ്രഖ്യാപനം. മധ്യസ്ഥനായി അദ്ദേഹത്തെ നിയോഗിച്ചത് ആരെന്ന് വ്യക്തമല്ല.
അഖില ഭാരതീയ അഖാഢ പരിഷത്തും യു.പി ശിയ വഖഫ് ബോർഡും തമ്മിൽ പ്രശ്നപരിഹാര ഫോർമുലയുടെ കരട് തയാറാക്കിയെന്നാണ് ഇതിനിടയിൽ ഉയർന്ന ഒരു അവകാശവാദം. അയോധ്യയിലോ ഫൈസാബാദിലോ പുതിയ പള്ളി പണിയില്ല, മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിർമാണത്തിന് ഭൂമി കണ്ടെത്തി സർക്കാറിനെ അറിയിക്കും, അക്കാര്യം സുപ്രീംകോടതിയെയും ബോധിപ്പിക്കും എന്നീ ധാരണകൾ അഖാഢ പരിഷത് പ്രസിഡൻറ് നരേന്ദ്രഗിരിയുമായി നടത്തിയ ചർച്ചയിൽ രൂപപ്പെടുത്തിയെന്നാണ് ശിയ വഖഫ് ബോർഡ് നേതാവ് വസീം റിസ്വി അവകാശപ്പെടുന്നത്.
അലഹബാദ് ഹൈകോടതി ലഖ്നോ ബെഞ്ച് 2010ൽ വിധിച്ചത് ബാബരി പള്ളി നിലനിന്ന 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഢക്കും രാംലല്ലക്കും തുല്യമായി വീതിച്ചുനൽകണമെന്നാണ്. ഇതിനെതിരായ കേസാണ് സുപ്രീംകോടതിയിലുള്ളതെന്ന് സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ സഫർയാബ് ജീലാനി വിശദീകരിച്ചു. കേസിൽ കക്ഷിപോലുമല്ലാത്ത ശിയ വഖഫ് ബോർഡിെൻറ സമവായ നീക്കങ്ങൾ അർഥശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ശിയ ബോർഡ് നേതാവും അഖാഢ പ്രസിഡൻറും തമ്മിൽ ഞായറാഴ്ച അലഹബാദിൽ നടന്ന ചർച്ചയിൽ രാമജന്മഭൂമി ട്രസ്റ്റ് പ്രസിഡൻറ് മഹന്ത് നൃത്യഗോപാൽ ദാസും ഉണ്ടായിരുന്നു. കോടതി വ്യവഹാരത്തിലെ യഥാർഥ പരാതിക്കാൻ ഹാശിം അൻസാരിയുടെ മകൻ ഇഖ്ബാൽ അൻസാരിയെയും യോഗത്തിലേക്ക് എത്തിച്ചു. എന്നാൽ, ഒത്തുതീർപ്പ് നിർദേശങ്ങൾ സ്വീകാര്യമല്ലെന്നു പറഞ്ഞ് ചർച്ചക്കിടെ അദ്ദേഹം ഇറങ്ങിപ്പോയി. ശിയ വഖഫ് വസ്തുക്കൾ നിയമവിരുദ്ധമായി വിറ്റതിെൻറ അന്വേഷണം ഒഴിവാക്കാൻ ചിലരുമായി വസീം റിസ്വി ഒത്തുകളിക്കുകയാണെന്ന് ഇഖ്ബാൽ അൻസാരി ആരോപിച്ചു.
ക്ഷേത്ര നിർമാണത്തിന് സാഹചര്യമൊരുക്കാൻ പാകത്തിലുള്ള സംഭാഷണങ്ങളോട് പുറമെ അകലം പാലിച്ചുനിൽക്കുകയാണ് സർക്കാർ. കോടതിക്കു പുറത്ത് പരിഹാരം കാണുന്നതിന് സർക്കാർ എതിരല്ലെങ്കിലും, മധ്യസ്ഥ ചർച്ചകളിൽ സർക്കാറിന് പങ്കില്ലെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വ്യക്തമാക്കി. ‘സമവായം ഏറെ നല്ലത്. അതല്ലെങ്കിൽ കോടതി വഴി പ്രശ്നം പരിഹരിക്കണപ്പെടണം’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.