തിരുവനന്തപുരം: സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമീഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സർക്കാറിലേക്ക്. കരാറുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് കരാറിന്‍റെ നിയമവശങ്ങൾ പരിഗണിച്ച് തീരുമാനം മന്ത്രിസഭയുടെ പരിഗണനക്ക് വിട്ടത്.
450 മെഗാവാട്ടിന്‍റെ മൂന്ന് ദീർഘകാല കരാറുകൾ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററി കമീഷന്‍ റദ്ദാക്കിയതെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ഈ കരാറുകൾ പുനഃസ്ഥാപിക്കുന്നതാണ് സംസ്ഥാനത്തിന് ഗുണകരമെന്ന് യോഗം വിലയിരുത്തി. 25 വർഷ കരാറിൽ ഏഴ് വർഷമാണ് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചത്. 18 വര്‍ഷത്തേക്കുകൂടി നിലവിലെ സാഹചര്യത്തിൽ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാകുമെന്നിരിക്കെ കൂടുതല്‍ തുകക്ക് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത് പ്രായോഗികമല്ലമെന്ന് ധനവകുപ്പ് സെക്രട്ടറി യോഗത്തിൽ അറിയിച്ചു.
നിലവിലെ ഉയര്‍ന്ന തുകക്കുള്ള സ്വകാര്യ കമ്പനികളുടെ കരാര്‍ അംഗീകരിച്ചാല്‍ ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് കെ.എസ്.ഇ.ബി ചെയർമാനും അറിയിച്ചു. ഇതോടെ പുതിയ കരാറിലൂടെ വൈദ്യുതി വാങ്ങുമ്പോള്‍ പഴയ കരാറിനെക്കാള്‍ ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് കാണിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നൽകാമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു അറിയിച്ചു. ഇലക്ട്രിസിറ്റി ചട്ടത്തിലെ സെക്ഷന്‍ 108 പ്രകാരം റദ്ദാക്കിയ കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാറിന് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെടാം. ഇതിലെ നിയമപ്രശ്‌നങ്ങള്‍കൂടി പരിഗണിക്കേണ്ടതിനാല്‍ കരാര്‍ പുനഃസ്ഥാപിക്കാനുള്ള അന്തിമ തീരുമാനമെടുക്കാൻ വിഷയം മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനക്ക് വിടുകയായിരുന്നു. 13ന് ചേരുന്ന മന്ത്രിസഭ യോഗം വിഷയം ചർച്ച ചെയ്യും.
ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെയാണ് 25 വർഷത്തേക്ക് മൂന്ന് സ്വകാര്യകമ്പനികളുമായി 450 മെഗാവാട്ടിന്‍റെ ദീർഘകാല കരാറുകളിൽ കെ.എസ്.ഇ.ബി ഒപ്പുവെച്ചത്. 100 മെഗാവാട്ട് 4.11 രൂപക്കും 350 മെഗാവാട്ട് വൈദ്യുതി 4.29 രൂപക്കും നൽകാമെന്നാണ് കരാർ. കരാർ സാങ്കേതിക വീഴ്ചകളുള്ളതും ജനതാൽപര്യത്തിന് എതിരുമാണെന്ന് കണ്ടെത്തി കഴിഞ്ഞ മേയ് 10ന് വൈദ്യുതി റെഗുലേറ്ററി കമീഷൻ റദ്ദാക്കുകയായിരുന്നു. ഇതിലൂടെ 450 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തിനുണ്ടായി.
വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ കെ.എസ്.ഇ.ബിക്ക് വീണ്ടും തിരിച്ചടി. മൂന്ന് മാസത്തേക്ക് 350 മെഗാവാട്ട് വാങ്ങാനുള്ള ടെൻഡറുകൾ ചൊവ്വാഴ്ച തുറന്നപ്പോൾ മുൻകരാറിനെക്കാളും ഇരട്ടി തുകയാണ് കമ്പനികൾ മുന്നോട്ടുവെച്ചത്. ഈ മാസം 150 മെഗാവാട്ട് നൽകുന്നതിന് യൂനിറ്റിന് 7.60 രൂപ മുതൽ 9.36 രൂപവരെയാണ് ടെൻഡറിൽ പങ്കെടുത്ത ടാറ്റ, ആദാനി അടക്കം 12 കമ്പനികൾ ആവശ്യപ്പെട്ടത്. പിന്നീട് റിവേഴ്‌സ് ബിഡിങ്ങിൽ ഇത് 7.60ൽ ഉറപ്പിക്കുകയായിരുന്നു. ഒക്ടോബറിൽ 100 മെഗാവാട്ട് വൈദ്യുതി 7.87 രൂപക്കും നവംബറിൽ 6.95 രൂപക്കുമായിരിക്കും സ്വകാര്യ കമ്പനികളിൽനിന്ന് കെ.എസ്.ഇ.ബി വാങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.