തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളക്ക് മുന്നോടിയായി നടക്കേണ്ട ഗുസ്തിയടക്കമുള്ള റവന്യൂ ജില്ല ഗെയിംസ് മത്സരങ്ങൾ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് അവസാനനിമിഷം മാറ്റിവെച്ചു. 12 സബ്ജില്ലകളിലും മൂന്ന് ഹോസ്റ്റലുകളിലുമായി മത്സരങ്ങളിൽ പങ്കെടുക്കേണ്ട നൂറുകണക്കിന് വിദ്യാർഥികളുടെ മാസങ്ങൾ നീണ്ട അധ്വാനമാണ് ധനകാര്യവകുപ്പിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കെടുകാര്യസ്ഥയിൽ ഇതോടെ തളർന്നുവീണത്. ഒക്ടോബർ ഏഴിന് കണ്ണൂർ മുണ്ടയാട് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഗുസ്തിമത്സരങ്ങൾക്ക് മുന്നോടിയായി ഇന്ന് വെള്ളായണി കാർഷിക കോളജിലാണ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾക്കുള്ള ഗുസ്തി മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. എന്നാൽ മത്സരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഫണ്ട് അനുവദിക്കാത്തതിനാൽ മത്സരനടത്തിപ്പിൽനിന്ന് ചുമതലക്കാരനായ റവന്യൂ ജില്ല സെക്രട്ടറിയും മറ്റ് കായികാധ്യാപകരും പിന്മാറുകയായിരുന്നു.
കഴിഞ്ഞ രണ്ടുവർഷം മത്സരം നടത്തിയ വകയിൽ 19 ലക്ഷം രൂപയാണ് റവന്യൂ ജില്ല സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന രണ്ട് അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകാനുള്ളത്. 2022-23 സാമ്പത്തിക വർഷം റവന്യൂ ജില്ല കായികമേളയുടെ ഭാഗമായി ജില്ലയിലെ 38 ഓളം കായിക ഇനങ്ങൾ നടത്തുന്നതിന് 15 ലക്ഷം രൂപയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അനുവദിച്ചത്. എന്നാൽ നടത്തിപ്പ് ചുമതലക്കാരനായ അധ്യാപകന് നൽകിയത് കേവലം ആറ് ലക്ഷം മാത്രം. കഴിഞ്ഞ വർഷം ബജറ്റ് തുക 16 ലക്ഷമായി ഉയർത്തിയെങ്കിലും കായികമേളയുടെ ചുമതല ഏറ്റെടുത്ത അധ്യാപകന് നൽകിയത് ആറ് ലക്ഷം മാത്രം. കായിക മത്സരങ്ങൾക്ക് അനുവദിക്കുന്ന ഫണ്ടിൽ നിന്നാണ് സ്റ്റേഡിയത്തിനുള്ള വാടകയും വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ഭക്ഷണവും വെള്ളത്തിനും സർട്ടിഫിക്കറ്റ് അടക്കമുള്ള മറ്റ് ചെലവുകൾക്കും പണം കണ്ടെത്തുന്നത്. സർക്കാർ പണം നൽകാത്തതിനെതുടർന്ന് ബാങ്കിൽ നിന്ന് പലിശക്കും പലരിൽനിന്നും കടംവാങ്ങിയുമാണ് കഴിഞ്ഞ രണ്ടുവർഷവും ഇരുഅധ്യാപകരും ജില്ലയിലെ കായികമത്സരങ്ങൾ സംഘടിപ്പിച്ചത്. കാശിനായി പലതവണ പൊതുവിദ്യാഭ്യാസമന്ത്രിയെ അടക്കം സമീപിച്ചെങ്കിലും കൈമലർത്തുകയായിരുന്നെന്ന് അധ്യാപകർ പറയുന്നു.
ഇത്തവണയും ജില്ല കായികമേളയുടെ നടത്തിപ്പിനായി ബജറ്റിൽ 16 ലക്ഷം വകയിരുത്തിയെങ്കിലും ഇതുവരെ നൽകിയത് അഞ്ച് ലക്ഷം മാത്രം. ഫുട്ബാൾ, കബഡി, ഹോക്കി, വോളിബാൾ, തായ്ക്വാൻഡോ, ജൂഡോ മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾതന്നെ ഏഴ് ലക്ഷത്തോളം രൂപ അധ്യാപകരുടെ കൈയിൽനിന്ന് ചെലവായി. തിങ്കളാഴ്ച നടക്കേണ്ട ഗുസ്തി മത്സരത്തിന്റെയും വരുംദിവസങ്ങളിൽ നടക്കേണ്ട കരാട്ടേ, യോഗ, ജിംനാസ്റ്റിക്, ടെന്നിസ് മത്സരങ്ങളുടെയും നടത്തിപ്പിന് ബാക്കി തുക കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘാടകനായ റവന്യൂ ജില്ല സെക്രട്ടറി പ്രദീപ് ഡി.ഡി.ഇ ഷീജയെ സമീപിച്ചെങ്കിലും കൈമലർത്തുകയായിരുന്നു. ഇതോടെയാണ് മത്സരം മാറ്റിവെക്കാൻ സംഘാടകർ നിർബന്ധിതരായത്.
അത്ലറ്റിക്സ് ഫണ്ടെന്ന പേരിൽ ഒമ്പത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ നിന്നുള്ള കുട്ടികളിൽ നിന്ന് 50 രൂപയും അധ്യാപകരിൽ നിന്ന് 250 രൂപയും പ്രധാനാധ്യാപകരിൽ നിന്ന് 500 രൂപ വീതവുമാണ് ഓരോ വർഷവും പൊതുവിദ്യാഭ്യാസ വകുപ്പ് പിരിക്കുന്നത്. എന്നാൽ ഇത് കായികപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാതെ സർക്കാർ വകമാറ്റി ചെലവഴിച്ചെന്നാണ് കായികാധ്യാപകരുടെ ആരോപണം.
സർക്കാർ പണം നൽകാത്തതിനെതുടർന്ന് തിങ്കളാഴ്ച നടക്കേണ്ട ഗുസ്തിമത്സര നടത്തിപ്പിൽ നിന്ന് സംഘാടകർ പിന്മാറിയതോടെ ആറു മുതൽ 12 ക്ലാസുവരെയുള്ള 83 ഗുസ്തിതാരങ്ങളുടെ രണ്ട് മാസത്തോളം നീണ്ട അധ്വാനമാണ് വെള്ളത്തിലായത്. കാട്ടാക്കട സബ്ജില്ലയിൽ നിന്ന് മാത്രം 60 കുട്ടികളാണ് മത്സരത്തിനിറങ്ങാനിരുന്നത്. 100 ഗ്രാം ശരീരഭാരം കൂടിയാൽപോലും ഗുസ്തിമത്സരത്തിൽ നിന്ന് അയോഗ്യത കൽപ്പിക്കപ്പെട്ടുമെന്നതിനാൽതന്നെ പലരും ആഴ്ചകളോളം പട്ടിണികിടന്നാണ് മത്സരത്തിനുള്ള ശരീരഭാരം ക്രമീകരിച്ചത്. അതിനിടയിലാണ് ഇടിത്തീപോലെ മത്സരം മാറ്റിവെച്ചെന്ന അറിയിപ്പ് ഞായറാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് ലഭിക്കുന്നത്. ഒക്ടോബർ അഞ്ചിനുമുമ്പ് മത്സരങ്ങൾ നടത്തിയില്ലെങ്കിൽ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.